ബെംഗളുരൂവിലെ കോളേജില്‍ നടന്ന സാംസ്‌കാരിക പരിപാടിക്കിടെ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ച വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു.സ്വകാര്യ കോളേജിലെ വിദ്യാര്‍ഥികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ തങ്ങള്‍ ഒരു തമാശയ്ക്ക് മുദ്രാവാക്യം വിളിച്ചതാണെന്നും മറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നും തന്നെ ഇതിന് പിന്നിലില്ലെന്നും ചോദ്യം ചെയ്യലില്‍ വിദ്യാര്‍ത്ഥികള്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
കോളേജിലെ കള്‍ച്ചറല്‍ പ്രോഗ്രാമിനിടെയായിരുന്നു സംഭവം. പാകിസ്ഥാന്‍ സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ച വിദ്യാര്‍ത്ഥികളോട് ജയ് ഹിന്ദ് , ജയ് കര്‍ണ്ണാടക മാത എന്നാണ് ഇവിടെ വിളിക്കേണ്ടത് എന്ന് ചില വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ക്ഷമ പറയുന്നതിന് പകരം ഈ മുദ്രാവാക്യം ഉറക്കെ വിളിക്കണമെന്നാണ് മുതിര്‍ന്ന വിദ്യാര്‍ഥികള്‍ ഇവരോട് പറഞ്ഞത്. ഈ സംഭവം മറ്റ് ചില വിദ്യാര്‍ഥികള്‍ മൊബൈലില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് കുറച്ച് സമയത്തിനുള്ളില്‍ തന്നെ നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്.
ന്യൂ ഹൊറൈസണ്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ നവംബര്‍ 25,26 തീയതികളില്‍ ഒരു കോളേജ് ഫെസ്റ്റ് സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി ചില വിദ്യാര്‍ത്ഥികള്‍ അവരുടെ പ്രിയപ്പെട്ട ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീമുകളുടെയും രാജ്യങ്ങളുടെയും പേരുകള്‍ മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു. ഇതിനിടെ റിയ രവിചന്ദ്ര, ആര്യന്‍, ദിനകര്‍ എന്നീ മൂന്നുപേരാണ് പാകിസ്ഥാന്‍ സിന്ദാബാദ് വിളിച്ച് വെട്ടിലായത്. ഇവര്‍ക്കെതിരെ ഐപിസി സെക്ഷന്‍ 153, 505(1) ബി എന്നിവയനുസരിച്ച് പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് കലാപമുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന കുറ്റവും മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
എന്നാല്‍ ചോദ്യം ചെയ്യലിന് ശേഷം മൂന്ന് വിദ്യാര്‍ത്ഥികളെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയ്ക്കുകയായിരുന്നു. സംഭവത്തെപ്പറ്റി അന്വേഷണം കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണെന്ന് പൊലീസ് അറിയിക്കുകയും ചെയ്തു.
ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ മഹാരാഷ്ട്രയിലും സമാനമായ സംഭവമുണ്ടായിരുന്നു. രാജ്യവ്യാപകമായി എന്‍ഐഎ നടത്തിയ റെയ്ഡില്‍ പ്രതിഷേധിച്ച് ചില നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിലെ അംഗങ്ങളാണ് പാകിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യവുമായി രംഗത്തെത്തിയത്. മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് എന്നിവര്‍ വിഷയത്തില്‍ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
റെയ്ഡിനെതിരെ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ പ്രതിഷേധ യോഗത്തിലാണ് പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം ഉയര്‍ന്നത്. തുടര്‍ന്ന് വിഷയത്തില്‍ കാര്യമായ അന്വേഷണവുമായി മഹാരാഷ്ട്ര പൊലീസ് രംഗത്തെത്തുകയും ചെയ്തിരുന്നു. നിയമവിരുദ്ധമായാണ് സംഘടന പ്രവര്‍ത്തകര്‍ പരിപാടി സംഘടിപ്പിച്ചതെന്നും അതില്‍ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞിരുന്നു. പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുന്ന വീഡിയോയും പൊലീസിന് ലഭിച്ചിരുന്നു.
സെപ്റ്റംബറില്‍ 15 സംസ്ഥാനങ്ങളിലായി വ്യാപക റെയ്ഡിന് എന്‍ഐഎ ആഹ്വാനം ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. പൂനെയിലെ ജില്ലാ കളക്ടറുടെ ഓഫീസിന് മുന്നില്‍ വെച്ച് നടത്തിയ പ്രതിഷേധ പരിപാടിക്കിടെയാണ് പ്രവര്‍ത്തകര്‍ പാകിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യം വിളിച്ചത്. ഇതിന്റെ വീഡിയോ അടക്കം തെളിവായി സ്വീകരിച്ച പൊലീസ് ഇവര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.
വാട്ട്സ് ആപ്പിലൂടെ ഇനി ഷോപ്പിംഗും; ഇഷ്ടമുള്ള ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുള്ള അവസരവുമായി വാട്ട്സ് ആപ്പ്
ഇഷ്ടമുള്ള ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുള്ള അവസരവുമായി വാട്ട്സാപ്പും. ബിസിനസുകള്‍ തിരയാനും അവരുമായി ചാറ്റ് ചെയ്യാനും ഉല്പന്നങ്ങള്‍ വാങ്ങാനുള്ള ഓപ്ഷന്‍ വാട്ട്സാപ്പ് അനുവദിച്ചു.വാട്ട്‌സാപ്പ് ബിസിനസ് പ്രൊഫൈല്‍ ഉപയോക്താക്കള്‍ക്കായാണ് ഈ പുതിയ ഫീച്ചര്‍ പുറത്തിറക്കിയിരിക്കുന്നത്. വാട്ട്സാപ്പ് ബിസിനസ് ഉപയോക്താക്കള്‍ക്ക് ഈ അപ്‌ഡേറ്റ് ഉപയോഗിച്ച് ബാങ്കിംഗ്, യാത്ര എന്നിങ്ങനെയുള്ളവയെ ആശ്രയിച്ച് ബിസിനസുകള്‍ ബ്രൗസ് ചെയ്യാനോ അവരുടെ പേര് ഉപയോഗിച്ച് സെര്‍ച്ച് ചെയ്യാനോ കഴിയും. നിലവില്‍ ബ്രസീല്‍, കൊളംബിയ, ഇന്തോനേഷ്യ, മെക്സിക്കോ, യുകെ എന്നിവയുള്‍പ്പെടെ തിരഞ്ഞെടുത്ത രാജ്യങ്ങളിലാണ് ഈ സേവനം ലഭിക്കുക. ഓണ്‍ലൈന്‍ ഷോപ്പിങിന് വെബ്സൈറ്റുകള്‍ കേറിയിറങ്ങുന്നതിന് പകരം വാട്ട്സാപ്പിലെ ഈ സേവനം ഉപയോഗപ്പെടുത്തി നേരിട്ട് ഷോപ്പിങ് നടത്താം. വിവിധ പേയ്മെന്റ് പങ്കാളികളുടെ സഹകരണത്തോടെയാണ് ഈ അപ്ഡേറ്റ് പുറത്തിറക്കിയിരിക്കുന്നത്.