മംഗളൂരു: മംഗളൂരുവിൽ ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയിലുണ്ടായ സ്‌ഫോടനം ഭീകരാക്രമണമാണെന്ന് കർണാടക പൊലീസ് ഡയറക്ടർ ജനറൽ പ്രവീൺ സൂദ് വ്യക്തമാക്കിയതിന് പിന്നാലെ സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. കോയമ്പത്തൂരിൽ കാറിനുള്ളിൽ എൽപിജി സിലിണ്ടർ ഉപയോഗിച്ച് ചാവേർ ആക്രമണം നടത്തിയതിന് സമാനായ കേസാണിതെന്ന് പൊലീസ് പറയുന്നു. കുക്കറിൽ സ്ഫോടക വസ്തുക്കൾ നിറച്ചാണ് യാത്രക്കാരൻ ഓട്ടോയിൽ കയറിയതെന്ന് പൊലീസ് വ്യക്തമാക്കി. കുക്കറിൽ സ്ഫോടനത്തിനുപയോഗിക്കുന്ന സാമഗ്രികൾ, നാല് ഡ്യൂറസെൽ ബാറ്ററികൾ, സർക്യൂട്ട് ടൈപ്പ് വയറുകൾ എന്നിവ ഉണ്ടായിരുന്നതായി വിവരങ്ങൾ. മറ്റൊരു വ്യക്തിയുടെ വിവരങ്ങൾ അടങ്ങിയ വ്യാജ ആധാർ കാർഡാണ് യാത്രക്കാരന്റെ കൈവശമുണ്ടായിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നു. ദുർഗ പരമേശ്വരിയുടെ പേരിലാണ് ഓട്ടോ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഐഡി കാർഡ് പ്രകാരം യാത്രക്കാരൻ പ്രേം രാജ് കനോഗിയാണെന്നും പൊലീസ് പറഞ്ഞു.
മംഗലാപുരം റെയിൽവേ സ്‌റ്റേഷനിൽ നിന്ന് നാഗൂരിയിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയിലാണ് ഇയാൾ കയറിയത്. 50 ശതമാനം പൊള്ളലേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. സ്‌ഫോടനം നടന്ന സ്ഥലത്തുനിന്നും ശേഖരിച്ച തെളിവുകൾ കൂടുതൽ അന്വേഷണത്തിനായി ഫോറൻസിക് സംഘത്തിന് അയച്ചിട്ടുണ്ട്.അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ബെംഗളൂരുവിൽ നിന്നുള്ള എൻഐഎ സംഘം സ്ഥലത്തെത്തി. ബോംബ് നിർവീര്യമാക്കൽ സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും എത്തി. ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തു.
പരിക്കേറ്റവർക്ക് സംസാരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഇവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. മംഗലാപുരം പൊലീസ് കേസ് അന്വേഷിച്ചു വരികയാണെന്നും സ്ഫോടനത്തെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓട്ടോറിക്ഷയിലെ പൊട്ടിത്തെറിക്ക് പിന്നിൽ ഭീകരർ; സ്ഥിരീകരിച്ച് പൊലീസ്, അന്വേഷണം പുരോഗമിക്കുന്നു
മംഗളൂരു: മംഗളൂരുവിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ പൊട്ടിത്തെറിയുണ്ടായ സംഭവം ഭീകരവാദപ്രവർത്തനമെന്ന് സ്ഥിരീകരിച്ച് പൊലീസ്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും കർണാടക ഡിജിപി പ്രവീൺ സൂദ് അറിയിച്ചു.
“അക്കാര്യം സ്ഥിരീകരിച്ചു. അതൊരു അപകടമല്ല, ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കാൻ വേണ്ടി നടത്തിയ ഭീകരപ്രവർത്തനമാണ്. കേന്ദ്ര ഏജൻസികളുമായി ചേർന്ന് കർണാടക പൊലീസ് അന്വേഷണം നടത്തിവരികയാണ്”. ഡിജിപി ട്വീറ്റ് ചെയ്തു.
ശനിയാഴ്ചയാണ് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ പൊട്ടിത്തെറിയുണ്ടായത്. സംഭവത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർക്കും യാത്രക്കാരനും പരിക്കേറ്റിരുന്നു. യാത്രക്കാരന്റെ ബാഗിലുണ്ടായിരുന്ന വസ്തുവിൽ നിന്ന് തീ പടർന്നാണ് പൊട്ടിത്തെറി ഉണ്ടായതെന്നാണ് ഡ്രൈവർ നൽകിയ മൊഴി. നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ഒരു കെട്ടിടത്തിനരികിൽ ഓട്ടോറിക്ഷ നിർത്താനൊരുങ്ങുമ്പോഴാണ് പൊട്ടിത്തെറി ഉണ്ടായത്. സംഭവം നടന്നതിനു പിന്നാലെ, ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞിരുന്നു.