ബംഗളൂരു: ആര്‍മി ഡിസൈന്‍ ബ്യൂറോയുടെ (എഡിബി) രണ്ടാമത്തെ റീജിയണല്‍ ടെക്നോളജി നോഡ് കേന്ദ്രം (ആര്‍ടിഎന്‍-ബി) ബംഗളൂരുവില്‍ പ്രവര്‍ത്തനം തുടങ്ങി.ബംഗളൂരുവിലെ ആര്‍മി സര്‍വീസ് കോപ്സ് സെന്‍റര്‍ ആന്‍റ് കോളേജിലാണ് (എ.എസ്.സി സെന്‍റര്‍ ആന്‍റ് കോളജ്) കേന്ദ്രം തുടങ്ങിയിരിക്കുന്നത്.വിവരസാങ്കേതിക മേഖലയില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് വ്യാപാരം, വ്യവസായം, ൈവജ്ഞാനിക മേഖലകളുമായി സഹകരിച്ചാണ് പുതിയ കേന്ദ്രം പ്രവര്‍ത്തിക്കുക. ഇന്ത്യന്‍ ആര്‍മിയില്‍ കൂടുതല്‍ സാങ്കേതിക മികവ് കൊണ്ടുവരാന്‍ ഈ കേന്ദ്രത്തിന് കഴിയും.
സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി ഡോ.കെ. സുധാകര്‍ ഉദ്ഘാടനം ചെയ്തു.കോവിഡിന് ശേഷം ആഗോള നിക്ഷേപക സംഗമം (ജിഐഎം) സംഘടിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി കര്‍ണാടക മാറിയെന്ന് മന്ത്രി പറഞ്ഞു. 9.8 ലക്ഷം കോടി രൂപയിലധികമുള്ള വിവിധ പദ്ധതികളുടെ ധാരണാപത്രങ്ങളില്‍ സംഗമത്തില്‍ ഒപ്പുവെച്ചു. ബഹിരാകാശം, പ്രതിരോധം മേഖലകളില്‍ കര്‍ണാടക ഏറെ മുന്നിലാണ്.
ഇന്ത്യന്‍ ൈസന്യത്തില്‍ ബംഗളൂരുവിന്‍റെ സാങ്കേതിക വൈദഗ്ധ്യം ഉപയോഗപ്പെടുത്തുന്നതില്‍ എ.എസ്.സി സെന്‍ററും കോളജും വലിയ ശ്രമങ്ങളാണ് നടത്തുന്നത്. ആര്‍ടിഎന്‍-ബി കേന്ദ്രത്തിലൂടെ പ്രതിരോധ ആവശ്യങ്ങള്‍ക്കായുള്ള അത്യാധുനിക സാങ്കേതികവിദ്യ വികസിപ്പിക്കും.
വ്യവസായം, വൈജ്ഞാനികരംഗം, പുതുസംരംഭങ്ങള്‍ തുടങ്ങിയവക്ക് കേന്ദ്രത്തിലൂടെ പ്രയോജനം കിട്ടുമെന്നും മന്ത്രി പറഞ്ഞു.ഇന്ത്യന്‍ സൈന്യം വന്‍ ആധുനികവല്‍ക്കരണത്തിന്‍റെ പാതയിലാണെന്നും ഉയര്‍ന്ന സാങ്കേതിക മേഖലകളില്‍ തദ്ദേശീയമായ കഴിവുകള്‍ ഉപയോഗപ്പെടുത്തിയാണ് ഇത് സാധ്യമാക്കുന്നതെന്നും കരസേന ഉപമേധാവി ലെഫ്.ജനറല്‍ ബി.എസ്.രാജു പറഞ്ഞു.
ഇന്ത്യന്‍ ആര്‍മിയുടെ ‘മേക്ക് ഇന്‍ ഇന്ത്യ’ സംരംഭത്തിന് നേതൃത്വം നല്‍കുന്നത് ആര്‍മി ഡിസൈന്‍ ബ്യൂറോ (എഡിബി) ആണ്. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളാണ് ആര്‍ടിഎന്‍-ബി നടത്തുക. പൂനെയിലാണ് രാജ്യത്തെ ആദ്യത്തെ റീജിയണല്‍ ടെക്നോളജി നോഡ് സ്ഥാപിച്ചത്. പ്രതിരോധ മേഖലയില്‍ സ്വാശ്രയത്വത്തിനുള്ള പങ്ക് ഏറെ വലുതാണ്. ‘മേക്ക് ഇന്‍ ഇന്ത്യ’, ‘ആത്മനിര്‍ഭര്‍ ഭാരത്’ എന്നീ പദ്ധതികള്‍ക്ക് ആര്‍ടിഎന്‍-ബിക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും കരസേന ഉപമേധാവി പറഞ്ഞു.
എഎസ്‌സി സെന്‍റര്‍ ആന്‍ഡ് കോളേജിലെ ഡെപ്യൂട്ടി കമാന്‍ഡന്‍റും ചീഫ് ഇന്‍സ്ട്രക്ടറുമായ മേജര്‍ ജനറല്‍ സന്ദീപ് മഹാജന്‍ സ്വാഗതം പറഞ്ഞു. മേജര്‍ ജനറല്‍ വി.എം. ചന്ദ്രന്‍, ബ്രിഗേഡിയര്‍ സഹുകാരി ചക്രവര്‍ത്തി എന്നിവര്‍ സംസാരിച്ചു.
മംഗളൂരു വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട ; അഞ്ച് യാത്രക്കാരില്‍ നിന്നും 1.59 കോടി രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി
ബംഗളൂരു: മംഗളൂരു അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. അഞ്ച് യാത്രക്കാരില്‍ നിന്നായി 3,000 ഗ്രം സ്വര്‍ണം കസ്റ്റംസ് പിടികൂടി.ഏകദേശം 1.60 കോടി രൂപ വിലവരുന്ന 24 കാരറ്റ് സ്വര്‍ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. ജീന്‍സിലും അടിവസ്ത്രങ്ങളിലും പേസ്റ്റ് രൂപത്തിലാക്കിയാണ് അഞ്ച് പേരും സ്വര്‍ണം കടത്തിയത്.കഴിഞ്ഞ ദിവസം തോര്‍ത്തില്‍ ദ്രാവക രൂപത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത് ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു.
പതിവ് വഴികള്‍ പിടിക്കപ്പെടുന്നത് മൂലം കളളക്കടത്ത് സംഘങ്ങള്‍ പുതിയ വഴികള്‍ തേടുന്നതിന് തെളിവാണിതെന്ന് കസ്റ്റംസ് ചൂണ്ടിക്കാട്ടുന്നു. 26-കാരനായ ഫഹദാണ് ദ്രവരൂപത്തിലുള്ള സ്വര്‍ണത്തില്‍ മുക്കിയ തോര്‍ത്തുമായി കൊച്ചി വിമാനത്താവളത്തില്‍ പിടിയിലായത്. ദുബായില്‍ നിന്നുമാണ് ഫഹദ് എത്തിയത്.നേരത്തെ 43 ലക്ഷം വില മതിക്കുന്ന സ്വര്‍ണവുമായി ഒരാള്‍ കൊച്ചി വിമാനത്താവളത്തില്‍ പിടിയിലായിരുന്നു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അബുദാബിയില്‍ നിന്നുമെത്തിയ യാത്രക്കാരനെ പിടികൂടിയത്. മലദ്വാരത്തില്‍ ഒളിപ്പിച്ച് 1,162 ഗ്രം സ്വര്‍ണമാണ് ഇയാള്‍ കടത്തിയത്. കോഴിക്കോട് കൊടുവള്ളി സ്വദേശിയായ അബ്ദുള്‍ ജബീലാണ് പിടിയിലായത്.