Home Featured ഹെസര്‍ഘട്ട സംരക്ഷിത മേഖലയാവുമോ?

ബംഗളൂരു: പുല്‍മേടുകള്‍ നിറഞ്ഞ ഹെസര്‍ഘട്ട മേഖല പരിസ്ഥിതി സംരക്ഷിത മേഖലയായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച സംസ്ഥാന വന്യജീവി ബോര്‍ഡ് യോഗം ചേരും. 5000 ഏക്കര്‍ വരുന്ന ഹെസര്‍ഘട്ട പുല്‍മേട് സംരക്ഷിത മേഖലയായി പ്രഖ്യാപിക്കണമെന്ന് ഏറെക്കാലമായി പരിസ്ഥിതി പ്രവര്‍ത്തകരടക്കമുള്ളവര്‍ ഉന്നയിക്കുന്ന ആവശ്യമാണ്.

ഈ നിര്‍ദേശം ബി.എസ്. യെദിയൂരപ്പ മുഖ്യമന്ത്രിയായിരിക്കെ 2021 ജനുവരി 19ന് ചേര്‍ന്ന വന്യജീവി ബോര്‍ഡ് യോഗം തള്ളിയിരുന്നു. യെലഹങ്ക എം.എല്‍.എയായിരുന്ന എസ്.ആര്‍. വിശ്വനാഥിന്റെ ഇടപെടലിനെ തുടര്‍ന്നായിരുന്നു ഇത്. ബോര്‍ഡ് അംഗമല്ലാതിരുന്നിട്ടും യോഗത്തില്‍ പങ്കെടുത്ത വിശ്വനാഥ്, ഹെസര്‍ഘട്ട സംരക്ഷിത മേഖലയായി പ്രഖ്യാപിക്കുന്നത് കര്‍ഷകരെ ദോഷകരമായി ബാധിക്കുമെന്ന് വാദിച്ചു. ഇതോടെ മറ്റംഗങ്ങളുടെ അഭിപ്രായം പോലും പരിഗണിക്കാതെ യെദിയൂരപ്പ നിര്‍ദേശം തള്ളുകയായിരുന്നു.

ഹെസര്‍ഘട്ടയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളടക്കമുള്ള പദ്ധതികള്‍ ലക്ഷ്യം വെച്ച്‌ സര്‍ക്കാര്‍ നീങ്ങുന്നതിനിടെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തകന്‍ വിജയ് നിഷാന്ത് പൊതുതാല്‍പര്യ ഹരജിയുമായി ഹൈകോടതിയെ സമീപിച്ചു. ഹെസര്‍ഘട്ടയില്‍ തല്‍സ്ഥിതി തുടരാനും പുല്‍മേടുകള്‍ ഒരു വിധത്തിലും തരംമാറ്റരുതെന്നുമായിരുന്നു കഴിഞ്ഞ വര്‍ഷം മേയില്‍ ഹൈകോടതിയുടെ ഇടക്കാല ഉത്തരവ്. സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ യോഗം മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നടന്നതെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

വന്യജീവി ബോര്‍ഡ് യോഗത്തില്‍ ബി.ജെ.പി എം.എല്‍.എ മാനദണ്ഡം ലംഘിച്ച്‌ പങ്കെടുക്കുകയും യോഗ തീരുമാനത്തെ സ്വാധീനിക്കുകയും ചെയ്തതായി ഹരജിക്കാരന്‍ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞമാസം ഹരജി തീര്‍പ്പാക്കിയ ഹൈകോടതി ജൈവവൈവിധ്യ ബോര്‍ഡിന്റെ മുന്‍ തീരുമാനം തള്ളി. ഹെസര്‍ഘട്ട സംരക്ഷിത മേഖലയായി പ്രഖ്യാപിക്കാനുള്ള മുന്‍ നിര്‍ദേശം വീണ്ടും പരിഗണിക്കാന്‍ ജൈവവൈവിധ്യ ബോര്‍ഡിനോട് കോടതി ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച യോഗം ചേരുന്നത്.

കഴിഞ്ഞ തിങ്കളാഴ്ച ഹെസര്‍ഘട്ടയില്‍ പക്ഷി നിരീക്ഷണം നടത്തിയ പക്ഷിപ്രേമികളും ശാസ്ത്രജ്ഞരും ഇതുസംബന്ധിച്ച്‌ അധികൃതര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് നടത്തിയ പക്ഷി നിരീക്ഷണത്തിനിടെ ബ്ലൂ ടെയ്ല്‍ഡ് ബീ ഈറ്റര്‍ അടക്കമുള്ള ദേശാടനപ്പക്ഷികളും വേഴാമ്ബല്‍ അടക്കമുള്ള സ്വദേശിയിനം പക്ഷികളും ഉള്‍പ്പെടെ 100 ലേറെ ഇനങ്ങളെ ഈ മേഖലയില്‍ കണ്ടെത്തിയിരുന്നു. 300 ലേറെ പേര്‍ പക്ഷിനിരീക്ഷണത്തില്‍ പങ്കാളികളായി.

ഹെസര്‍ഘട്ട തടാകത്തോട് ചേര്‍ന്ന മേഖലയിലെ പുല്‍മേടുകള്‍ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത സര്‍ക്കാറിന്റെ ശ്രദ്ധയില്‍കൊണ്ടുവരുകയും സംരക്ഷിതമേഖലയായി ഇതിനെ പ്രഖ്യാപിക്കാന്‍ വഴിയൊരുക്കുകയും ചെയ്യുന്നതിനായാണ് പക്ഷിനിരീക്ഷണ പ്രവര്‍ത്തനം സംഘടിപ്പിച്ചത്. അടുത്ത ഞായറാഴ്ചയും ഇതിന്റെ തുടര്‍പ്രവര്‍ത്തനം നടക്കുമെന്ന് അവര്‍ വ്യക്തമാക്കി.

അടുത്തിടെ ബംഗളൂരു വികസന അതോറിറ്റിക്കുകീഴില്‍ ഹെസര്‍ഘട്ടയിലെ പുല്‍മേടുകള്‍ നശിപ്പിച്ച്‌ ആയിരക്കണക്കിന് വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിച്ചിരുന്നു. പുല്‍മേടുകളുടെ ജൈവ സ്വാഭാവികത നശിപ്പിച്ച്‌ മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതുകൊണ്ട് കാര്യമില്ലെന്നും പുല്‍മേടുകളിലേക്ക് മാത്രമെത്തുന്ന വിവിധയിനം പക്ഷികള്‍ വൃക്ഷങ്ങളില്‍ ചേക്കേറുന്നവയല്ലെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group