ബെംഗളുരു • തുമക്കൂരു മധുഗിരിയിൽ മത്സരത്തിനിടെ ജാവലിൻ പോൾ തലയിൽ തറച്ച് 10-ാം ക്ലാസ് വിദ്യാർഥിക്ക് ഗുരുതര പരുക്ക്. സ്വകാര്യ സ്കൂൾ വിദ്യാർഥിയായ ഇന്ദ്രേഷിനാണ് പരുക്കേറ്റത്.മൈതാനത്തിനു പുറത്ത് നിൽക്കുകയായിരുന്ന ഇന്ദ്രേഷിന്റെ തലയിൽ പോൾ തറയ്ക്കുകയായിരുന്നു.
തുടർന്ന് ബോധരഹിതനായ കുട്ടിയെ ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ഇന്ദ്രേഷിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായും എന്നാൽ നാഡിക്കു ക്ഷതമേറ്റതിനാൽ പൂർവ സ്ഥിതിയിലാകാൻ സമയമെടുക്കുമെന്നും ഡോക്ടർമാർ അറിയിച്ചു.
ഗവർണറുടെ പുരസ്കാരം വാഗ്ദാനം ചെയ്ത് തട്ടിപ്പ്
ബെംഗളൂരു : സ്വാതന്ത്ര്യദിനത്തിൽ ഗവർണറുടെ പുരസ്കാരം നൽകാമെന്നു വാഗ്ദാനം ചെയ്ത് ബിജെപി നേതാവിൽ നിന്നും പണം തട്ടിയ കേസിൽ 2 പേർക്കെതിരെ കേസ്.സന്നദ്ധപ്രവർത്തകർ എന്നു സ്വ യം പരിചയപ്പെടുത്തിയ 2 പേർ തങ്ങളുടെ സംഘടനയ്ക്ക് ഒരു ലക്ഷം രൂപ നൽകിയാൽ പുരസ്കാരം നൽകാമെന്ന് പറഞ്ഞ് പണം തട്ടിയതായി ചൂണ്ടിക്കാട്ടി ബിജെപി നേതാവായ വെങ്കിടേഷ് ആണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.
പണം കൈപ്പറ്റിയ ശേഷം ഇരുവരും മുങ്ങുകയായിരുന്നു. പ്രതികളെ ഉടൻ കണ്ടത്തുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 99 കോടി രൂപയുടെ ഹെറോയിനുമായി അധ്യാപകന്‍ പിടിയില്‍
ബെംഗളൂരു: ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 99 കോടി രൂപയുടെ ഹെറോയിനുമായി അധ്യാപകന്‍ പിടിയില്‍.14 കിലോ ഹെറോയിനാണ് ഇയാളില്‍ നിന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) പിടിച്ചെടുത്തത്. എത്യോപ്യയിലെ അദ്ദിസ് അദാബയില്‍ നിന്നാണ് ഇയാള്‍ മയക്കുമരുന്ന് എത്തിച്ചതെന്നും തെലങ്കാന സ്വദേശിയാണെന്നും അധികൃതര്‍ പറഞ്ഞു.
രണ്ട് ട്രോളി ബാഗുകളില്‍ ഒളിപ്പിച്ചാണ് ഇയാള്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്. ബെംഗളൂരു വഴി ദില്ലിയിലേക്ക് വന്‍തോതില്‍ ഹെറോയിന്‍ കടത്തുന്നതായി ഡിആര്‍ഐയുടെ ബെംഗളൂരു യൂണിറ്റിന് സൂചന ലഭിച്ചിരുന്നു.ഓഗസ്റ്റ് 19ന് രാത്രി വിമാനത്താവളത്തിലെത്തിയ സംഘം എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിനായി കാത്തിരുന്നു.
യാത്രക്കാര്‍ ഇറങ്ങിയ ഉടന്‍, ഡിആര്‍ഐ സംഘം തെലങ്കാനയില്‍ നിന്നുള്ള 52കാരനെ സംശയത്തെ തുടര്‍ന്ന് തടഞ്ഞു. കമ്ബ്യൂട്ടര്‍ സ്കാനറുകളില്‍ നിന്ന് രക്ഷപ്പെടാന്‍ ബ്ലാക്ക് ടേപ്പ് ഉപയോഗിച്ച് മറച്ച തവിട്ട് നിറത്തിലുള്ള പാക്കറ്റുകള്‍ അടങ്ങിയ രണ്ട് ട്രോളി ബാഗുകള്‍ കണ്ടെത്തി. അടിഭാഗത്ത് അധിക അറയിലാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്.