ബെംഗളൂരു: മഴയെ തുടർന്ന് വില ഇടിഞ്ഞതോടെ ചിത്രദുർഗയിൽ റോഡരികിൽ തക്കാളി ഉപേക്ഷിച്ച് കർഷകർ. ചലക്കരെ ചിക്കമനഹ്ള്ളി ഗ്രാമത്തിലാണ് മിനി ലോറിയിലെത്തിച്ച തക്കാളി റോഡരികിൽ ഉപേക്ഷിച്ചത്.15 കിലോയുടെ പെട്ടിക്ക് 20 രൂപപോലും ലഭിക്കാതെ വന്നതോടെയാണ് കർഷകർ തക്കാളി വഴിയരികിൽ ഉപേക്ഷിച്ചത്.
മഴയിൽ വിളവെടുത്ത തക്കാളികൾ ചീഞ്ഞുനശിക്കുന്നതാണ് പ്രധാന പ്രതിസന്ധി. തക്കാളി സൂക്ഷിക്കാൻ കഴിയാതെ വരുന്നതോടെ കിട്ടിയ വിലയ്ക്ക് വിറ്റൊഴിവാക്കേണ്ട ഗതികേടിലാണ് കർഷകർ.
3 മാസം മുൻപ് വരെ ചില്ലറ വിപണിയിൽ തക്കാളി വില 80 -100 രൂപവരെയായി ഉയർന്നതോടെ കൂടുതൽ പേർ ഇത്തവണ തക്കാളി കൃഷിയിലേക്ക് മാറിയിരുന്നു. ബെംഗളൂരുവിൽ ചില്ലറവിപണിയിൽ 10-15 രൂപവരെയാണ് തക്കാളി വില.
വാർഡ് വിഭജനത്തിനെതിരെ കോൺഗ്രസ് കോടതിയിലേക്ക്
ബെംഗളുരു: ബിബിഎംപി വാർഡ് വിഭജനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് കോൺഗസ്. തങ്ങളുടെ നിയമസഭാ മണ്ഡലങ്ങളിലെ വാർഡുകൾ ഭൂരിഭാഗവും സ്ത്രീ സംവരണമാക്കി മാറ്റിയതായി കോൺഗ്രസ് എംഎൽഎമാരായ രാമലിങ്ക റെഡി, റിസ്വാൻ അർഷാദ്, ദിനേശ് ഗുണ്ടറാവു എന്നിവർ ആരോപിച്ചു.
വോട്ടർമാരുടെ എണ്ണത്തിലും വാർഡുകൾ തമ്മിൽ അന്തരമുണ്ട്. മുഖ്യമന്ത്രിയുടെ വസതിക്കു മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും എം എൽഎമാർ പറഞ്ഞു.