Home Featured മമ്മൂക്ക പത്രത്തില്‍ പരസ്യം കൊടുത്തില്ലേ, പിന്നെന്താ എനിക്ക്! സിനിമാ അവസരം തേടി ഫ്‌ലക്‌സ് വച്ച് യുവാവ്, വൈറല്‍

മമ്മൂക്ക പത്രത്തില്‍ പരസ്യം കൊടുത്തില്ലേ, പിന്നെന്താ എനിക്ക്! സിനിമാ അവസരം തേടി ഫ്‌ലക്‌സ് വച്ച് യുവാവ്, വൈറല്‍

കോട്ടയം: സിനിമയില്‍ അവസരം ലഭിക്കാന്‍ പല വഴികള്‍ തേടുന്നവര്‍ ഉണ്ട്. അങ്ങനെ വ്യത്യസ്തമായ വഴി തേടിയ യുവാവാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ടെന്ന് പറഞ്ഞ് വലിയ ഹോഡിങ് സ്ഥാപിച്ച് കോട്ടയം പനച്ചിക്കാട് സ്വദേശി ശരത്ത് (26) ആണ് വൈറലായിരിക്കുന്നത്.

‘സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ട്. പ്രതീക്ഷയോടെ ശരത്ത് പനച്ചിക്കാട്’ എന്നു പറഞ്ഞാണ് ശരത്ത് പുതിയകാവ് -തൃപ്പൂണിത്തുറ റോഡില്‍ ഫ്‌ലക്‌സ് വച്ചിരിക്കുന്നത്. ബസ് ഡ്രൈവറായി ജോലി ചെയ്യുന്ന ശരത് പത്താം ക്ലാസ്സ് മുതലാണ് സിനിമയില്‍ അവസരം തേടി നടക്കുന്നത്.

പത്ത് വര്‍ഷത്തോളമായി സിനിമയില്‍ അവസരം ചോദിച്ച് നടക്കുകയാണെന്നും പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നും ശരത് പറയുന്നു. കുറച്ച് സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ചെങ്കിലും നല്ലൊരു വേഷം ചെയ്യാന്‍ ആഗ്രഹമുണ്ട്. അതിനാലാണ് തന്റെ മൂന്ന് മാസത്തെ സമ്പാദ്യം ഉപയോഗിച്ച് ഹോഡിങ് വെച്ചതെന്നും ശരത് പറയുന്നു.

സിനിമയോട് അത്രയേറെ താല്‍പര്യമുള്ളത് കൊണ്ടാണ് സിനിമാ പ്രവര്‍ത്തകര്‍ ഏറെയുള്ള എറണാകുളം ജില്ലയില്‍ ഹോഡിങ് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ആരെങ്കിലും കണ്ടിട്ട് വിളിച്ചാലോ? ഞാന്‍ ഇത്തരമൊരു ഹോഡിങ്ങ് വെച്ചത് നാട്ടില്‍ അറിഞ്ഞാല്‍ ട്രോളുകളും കളിയാക്കലുകളും ഒരുപാടുണ്ടാകും. പക്ഷെ അതൊന്നും കാര്യമാക്കുന്നില്ല.

10 വര്‍ഷം ചെറിയൊരു കാലയളവ് അല്ലല്ലോ. ഇത്രയും കാലവും സിനിമയോടുള്ള മോഹം മനസിലുണ്ടെങ്കില്‍ മനസിലാക്കാമല്ലോ ഞാന്‍ എത്രമാത്രം ഗൗരവത്തോടെയാണ് സിനിമയെ കാണുന്നതെന്ന്. പിന്നെ 40 വര്‍ഷം മുന്‍പ് മമ്മൂക്ക പോലും പത്രത്തില്‍ പരസ്യം കൊടുത്തിട്ടില്ലേ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നറിയിച്ച്? ഞാന്‍ പരസ്യത്തിന് പകരം ഫ്‌ലെക്‌സ് വെച്ചു അത്രയേ വ്യത്യാസമുള്ളൂ.

3 മാസം കൊണ്ടു കൂട്ടിവച്ച 25,000 രൂപയാണു ഈ പരസ്യം സ്ഥാപിക്കാന്‍ ചെലവാക്കിയത്. സ്വകാര്യബസിലെ ഡ്രൈവറായിട്ടാണ് ജോലി ചെയ്യുന്നത്. വീട്ടുകാരൊക്കെ ആദ്യം എതിര്‍പ്പായിരുന്നു. ഇപ്പോള്‍ അവര്‍ക്കും മനസിലായി എനിക്ക് എത്ര മാത്രം ആഗ്രഹമുണ്ടെന്ന്. എന്നെങ്കിലും ഒരിക്കല്‍ ഞാനൊരു നടനാകും എന്നും ശരത് സ്വപ്‌നം പങ്കുവയ്ക്കുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group