കൊളംബോ: പ്രസിഡന്റ് രാജ്യംവിടുകയും രാഷ്ട്രീയ പ്രതിസന്ധി അതിരൂക്ഷമായി തുടരുകയും ചെയ്യുന്ന ശ്രീലങ്കയില്‍ അനിശ്ചിതകാലത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ലങ്കന്‍ പ്രസിഡന്റ് ഗോതാബയ രാജപക്സെ ബുധനാഴ്ച രാവിലെയാണ് രാജ്യംവിട്ടത്. മാലദ്വീപിലേക്കാണ് ഇദ്ദേഹവും ഭാര്യയും രണ്ട് അംഗരക്ഷകരും കടന്നത്.
അതേസമയം, രാജപക്‌സെ രാജ്യംവിട്ടെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ അദ്ദേഹം ഉടന്‍ രാജിവെക്കണമെന്ന ആവശ്യവുമായി ആയിരക്കണക്കിനാളുകള്‍ തെരുവിലിറങ്ങി. പ്രതിഷേധവുമായി വന്‍ജനക്കൂട്ടമാണ് വിക്രമസിംഗെയുടെ വീടിനു മുന്നില്‍ പ്രതിഷേധവുമായി എത്തിച്ചേര്‍ന്നത്. പോലീസ് പ്രതിഷേധക്കാര്‍ക്കുനേരെ ലാത്തിവീശി. പ്രധാനമന്ത്രിയുടെ വസതിയുടെ മതിലില്‍ കയറാന്‍ ശ്രമിച്ചവര്‍ക്കു നേരെ പോലീസ് കണ്ണീര്‍വാതകവും പ്രയോഗിച്ചു.
പ്രസിഡന്‍റ് ഗോത്തബയ രജപക്സെ രാജിവെക്കില്ലെന്ന് വന്നതോടെയാണ് ജനങ്ങള്‍ പ്രതിഷേധം കടുപ്പിച്ചത്. പ്രസിഡന്‍റ് രാജിവെക്കാതെ മറ്റൊരു ഉപാധിയും അംഗീകരിക്കില്ല. എപ്പോള്‍ രാജിവെക്കുന്നോ അപ്പോള്‍ വരെയും പ്രതിഷേധം തുടരുമെന്നാണ് സമരക്കാര്‍ വ്യക്തമാക്കുന്നത്. ഇതുവരെ പ്രസിഡന്‍റിന്‍റെ കൊട്ടാരം, ഓഫീസ്, പ്രധാനമന്ത്രിയുടെ ഓഫീസ് എന്നിവിടങ്ങളിലായിരുന്നു പ്രതിഷേധം. ഇപ്പോള്‍ അത് പാര്‍ലമെന്‍റ് മന്ദിരത്തിലേക്കും വ്യാപിപ്പിച്ചിരിക്കുന്നു.
ഇന്ന് പ്രസിഡന്‍റ് രാജിവെക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രതിഷേധക്കാര്‍. എന്നാല്‍ അവസാന നിമിഷം പ്രസിഡന്‍റ് ചില ഉപാധികള്‍ മുന്നോട്ട് വച്ചു. ഇതിനു ശേഷം മാലിദ്വീപിലേക്ക് കടന്നു. അധികാരത്തില്‍ കടിച്ചുതൂങ്ങാനുള്ള ഗോത്തബയയുടെ നീക്കത്തില്‍ കടുത്ത അമര്‍ഷമാണ് ജനങ്ങള്‍ക്കുള്ളത്.
ജനകീയ പ്രക്ഷോഭങ്ങൾക്ക് നടുവിൽ നിന്നാണ് ശ്രീലങ്കൻ പ്രസിഡന്‍റ് ഗോത്തബയ രാജപക്സെ രാജ്യം വിട്ടത്. ഭാര്യ ലോമ രാജപക്സെയുമൊന്നിച്ച് സൈനികവിമാനത്തിൽ ഗോത്തബയ മാലിദ്വീപിലെത്തിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
ഗോത്തബയയും കുടുംബവും ഇന്നലെ രണ്ട് തവണ രാജ്യം വിടാൻ ശ്രമിച്ചെങ്കിലും വിമാനത്താവളത്തിൽ വച്ച് യാത്രക്കാർ തന്നെ ഇവരെ തടയുകയായിരുന്നു. തുടർന്നാണ് സൈനികവിമാനത്തിൽ ഇവർ രക്ഷപ്പെട്ടത്. ആദ്യം മാലിദ്വീപിൽ വിമാനത്തിന് ലാൻഡ് ചെയ്യാൻ അനുമതി നൽകിയില്ലെങ്കിലും മാലിദ്വീപ് പാർലമെന്‍റിന്‍റെ സ്പീക്കർ മജ്‍ലിസും മുൻ പ്രസിഡന്‍റ് മുഹമ്മദ് നഷീദും ഇടപെട്ടതോടെയാണ് പിന്നീട് വിമാനം ഇറക്കാൻ അനുമതിയായത്. സുരക്ഷിതമായി രാജ്യം വിടാൻ അനുവദിച്ചാൽ രാജി നൽകാമെന്ന ഉപാധിയാണ് രാജപക്സെ മുന്നോട്ട് വച്ചിരുന്നത്.
ഗോത്തബയ രാജ്യം വിട്ടതോടെ പുതിയ ശ്രീലങ്കൻ പ്രസിഡന്‍റ് ആരാകുമെന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്. പ്രതിപക്ഷനേതാവ് സജിത് പ്രേമദാസയെ പുതിയ പ്രസിഡന്റായി നാമനിർദേശം ചെയ്യാൻ പ്രതിപക്ഷ പാർട്ടികൾ ധാരണയിലെത്തി.