ദില്ലി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുകളില്‍ സ്ഥാപിച്ച അശോക സ്തംഭത്തിലെ സിംഹങ്ങൾക്ക് രൗദ്ര ഭാവമെന്ന ആരോപണങ്ങളിൽ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. രൗദ്രഭാവം എന്നത് തോന്നൽ മാത്രമാണെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി വ്യക്തമാക്കി. വികല സൃഷ്ടി എത്രയും വേഗം എടുത്തുമാറ്റണമെന്ന് സിപിഎം ആവശ്യപ്പെട്ടു. വിവാദത്തില്‍ നടന് അനുപം ഖേര്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ചു.
പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത അശോക സ്തംഭത്തെ ചൊല്ലിയുള്ള തര്‍ക്കം അവസാനിക്കുന്നില്ല. സ്തംഭത്തിലെ സിംഹങ്ങളുടെ രൗദ്രഭാവം കേന്ദ്രസര്‍ക്കാരിനെ അടിക്കാനുള്ള വടിയാക്കി പ്രതിപക്ഷം മാറ്റി കഴിഞ്ഞു. ബിജെപിയുടെ ന്യായീകരണ ശ്രമത്തിന് പിന്നാലെയാണ് മന്ത്രി ഹര്‍ദീപ് സിംഗ് പുരിയെ ഇറക്കി വ്യക്തത വരുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം. പുതിയ ദേശീയ ചിഹ്നത്തിന്റെ സ്കെച്ചടക്കം അവതരിപ്പിച്ചാണ് ഹര്‍ദീപ് സിംഗ് പുരിയുടെ വിശദീകരണം.
സാരാനാഥിലെ അശോക സ്തംഭം തറനിരപ്പിലാണ് സ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍ പുതിയ പാര്‍ലമെന്റെ മന്ദിരത്തില്‍ തറനിരപ്പില്‍ നിന്ന് 33 മീറ്റർ ഉയരത്തിലാണ് സ്തൂപം വച്ചിരിക്കുന്നത്. സ്വാഭാവികമായും താഴെ നിന്ന് നോക്കുന്നവര്‍ക്ക് രൗദ്രഭാവം തോന്നാം. വിമര്‍ശിക്കുന്ന വിദഗ്ധര്‍ ഈ സമാന്യ തത്വം മനസ്സിലാക്കണമെന്നും മന്ത്രി പരിഹസിച്ചു. എന്നാല്‍ പുതിയ ദേശീയ ചിഹ്നത്തില്‍ നിന്ന് സത്യമേവ ജയതേ എന്ന വാക്യം ഒഴിവാക്കിയതിനെ കുറിച്ച് മന്ത്രി മറുപടി പറഞ്ഞിട്ടില്ല.
അതേസമയം വിമര്‍ശനത്തിന്റെ മൂര്‍ച്ഛ കൂട്ടിയിരിക്കുകയാണ് പ്രതിപക്ഷം. പാര്‍ലമെന്റിൽ പ്രതിഷ്ഠിച്ചിരിക്കുന്ന വികല സൃഷ്ടി മോദിയുടെ ഭരണത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന് സിപിഎം വിമർശിച്ചു. ഇന്ത്യയുടെ ജനാഭിപ്രായത്തെ വെല്ലുവിളിക്കുന്ന നിര്‍മ്മിതിയാണെന്നും എത്രയും വേഗം ഈ വൈകൃതം എടുത്തുമാറ്റണമെന്നും പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി ആവശ്യപ്പെട്ടു. പല വിവാദങ്ങളിലും കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കുന്ന നടന് അനുപം ഖേര്‍ ഇക്കുറിയും പക്ഷം പിടിച്ചു. പല്ലുണ്ടെങ്കില്‍ സിംഹം അത് കാണിച്ചിരിക്കുമെന്നും വേണ്ടി വന്നാല്‍ കടിക്കുമെന്നും അനുപം ഖേര്‍ ട്വിറ്ററിലെഴുതി.
യഥാർത്ഥ അശോക സ്തംഭത്തിലെ സിംഹങ്ങൾ സൗമ്യമായ ഭാവമാണ്. എന്നാൽ അമൃത് കാലിൽ നിർമ്മിച്ചവ രാജ്യത്തെ എല്ലാം തിന്നുന്ന നരഭോജിയുടെ ഭാവം കാണിക്കുന്നെന്ന് ട്വീറ്റിൽ പറയുന്നു. തൃണമൂൽ കോൺഗ്രസും സ്തംഭത്തിനെതിരെ രംഗത്തെത്തി. നമ്മുടെ ദേശീയ ചിഹ്നത്തോടുള്ള അവഹേളനമാണ് പുതിയ സ്തംഭമെന്ന് തൃണമൂൽ രാജ്യസഭാ വക്താവും പ്രസാർ ഭാരതിയുടെ മുൻ സിഇഒയുമായ ജവഹർ സിർകാർ ട്വീറ്റ് ചെയ്തു.
എന്നാല്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് പ്രതിമയുടെ ശില്പിയായ സുനിൽ ദിയോർ. സാരനാദിലെ യഥാര്‍ത്ഥ അശോക സ്തംഭത്തിന്റെ അതേ മാതൃകയില്‍ തന്നെയാണ് ഇതെന്നാണ് ഇദ്ദേഹം പറയുന്നത്.
ചിലർ ചൂണ്ടിക്കാണിച്ച സിംഹങ്ങളുടെ മുഖത്ത് ‘രൗദ്രഭാവം’ ആണെന്നാണ്. എന്നാല്‍ അത് അതിന്റെ തൊട്ട് താഴെ നിന്ന് നോക്കുന്നവരുടെ കാഴ്ചപ്പാടാണ്. യഥാര്‍ത്ഥ ശില്‍പ്പം ദീര്‍ഘകാലം എടുത്ത് പഠിച്ച ശേഷമാണ് ഇത്തരത്തില്‍ ഒരു ശില്‍പ്പം നിര്‍മ്മിച്ചത് എന്നാണ് അദ്ദേഹം പറയുന്നത്. ഔറംഗാബാദില്‍ നിന്നുള്ള ശില്‍പ്പിയാണ് സുനിൽ ദിയോർ. മുംബൈ ജെജെ സ്കൂള്‍ ഓഫ് ആര്‍ട്സിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് ഇദ്ദേഹം.
ശില്‍പ്പത്തിന്റെ അടിയില്‍ നിന്ന് നോക്കിയാല്‍ സിംഹങ്ങള്‍ ”രൗദ്രഭാവം” ഉള്ളപോലെ തോന്നും എന്നാണ് ഇദ്ദേഹം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്. ഇദ്ദേഹത്തിന്റെ സഹോദരനും ഗ്രാഫിക് ഡിസൈനറുമായ സുശില്‍ ദിയോർ ആണ് ഈ ശില്‍പ്പത്തിന്റെ രൂപരേഖ തയ്യാറാക്കിയത്. സാരനാദിലെ ശില്‍പ്പത്തേക്കാള്‍ 20 മടങ്ങ് വലുതാണ് പാര്‍ലമെന്റിന് മുന്നില്‍ സ്ഥാപിക്കുന്ന ശില്‍പ്പത്തിന്റെ വലുപ്പം എന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ഏതാണ്ട് 1-2 കിലോമീറ്റര്‍ ദൂരെ നിന്നും നോക്കിയാല്‍ മാത്രമേ ഈ ശില്‍പ്പം അതിന്റെ യഥാര്‍ത്ഥ കാഴ്ചയില്‍ കാണാന്‍ സാധിക്കൂ. വിവിധ അംഗിളുകളില്‍ നിന്നും ചിലപ്പോള്‍ സിംഹത്തിന്റെ മുഖഭാവം പലരീതിയില്‍ അനുഭവപ്പെട്ടേക്കാം. പ്രത്യേകിച്ച് ഇത് വലിയൊരു ശില്‍പ്പം അയതിനാല്‍ – സുശില്‍ ദിയോർ പറയുന്നു.
അതേ സമയം ഇപ്പോള്‍ ഉയരുന്ന വിവാദത്തില്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത് എത്തി. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുകളില്‍ സ്ഥാപിച്ച അശോക സ്തംഭം യഥാര്‍ത്ഥ വലുപ്പത്തില്‍ സ്ഥാപിച്ചാല്‍ അത് ദൃശ്യമാവില്ലെന്നും, താഴെ നിന്ന് നോക്കുമ്പോള്‍ രൗദ്രഭാവം തോന്നുന്നതാണെന്നും കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി അറിയിച്ചു.