ബെംഗളൂരു: കർണാടകയിൽ നിന്നുള്ള ആദ്യ തീർഥാടന ട്രെയിൻ ബെംഗളൂരു- വാരാണസി ഭാരത് ഗൗരവ് എക്സ്പ്രസ് ഓഗസ്റ്റ് അവസാനം മുതൽ സർവിസ് തുടങ്ങും. വാരാണസി, അയോധ്യ, പ്രയാഗ് രാജ് എന്നിവിടങ്ങളിലെ തീർഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് 7 ദിവസത്തെ പാക്കേജ് യാത്രയാണ് റെയിൽവേയും കർണാടക മുസറായ് ദേവസ്വം വകുപ്പും ചേർന്ന് ആരംഭിക്കുന്നത്.
ഒരാൾക്ക് 15,000 രൂപയാണ് ടിക്കറ്റ് നിരക്ക് തീരുമാനിച്ചിട്ടുള്ളത്. ഇതിൽ 5000 രൂപ മുസറായി വകുപ്പ് സബ്സിഡി നൽകുമെന്ന് മന്ത്രി ശശികല ജൊല്ലെ അറിയിച്ചു.14 കോച്ചുള്ള ട്രെയിനിലാണ് 4161 കിലോമീറ്റർ യാത്ര. 11 എണ്ണം തിടയർ എസി കോച്ചുകളായിരിക്കും. ഒരു കോച്ചിൽ പൂജകൾ നടത്താം. മറ്റൊന്ന് പാൻട്രിയായി ഉപയോഗിക്കും.
കോച്ചുകൾക്കുള്ളിൽ തീർഥാടന കേന്ദ്രങ്ങളെ പരിചയപ്പെടുത്തി ചിത്രങ്ങൾ സ്ഥാപിക്കും. ഭക്ഷണം, ശുദ്ധജലം, താമസം, വിവിധ ക്ഷേത്രങ്ങളിലേക്കുള്ള തുടർയാത്രാ സൗകര്യം എന്നിവ പാക്കേജിൽ ഉൾപ്പെടും. തിരക്ക് അനുസരിച്ച് കൂടുതൽ ദിവസങ്ങളിൽ ട്രെയിൻ ഓടിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ബയ്യപ്പനഹള്ളി വിശ്വേശ്വരായ്യ ടെർമിനൽ നിന്നാണ് ഗൗരവ് ഭാരത് എക്സ്പ്രസ് പുറപ്പെടുക. കഴിഞ്ഞ ദിവസം മന്ത്രി ശശികല ജൊല്ലെയും ദക്ഷിണ പശ്ചിമ റെയിൽവേ ബെംഗളൂരു ഡിവിഷൻ ഉദ്യോഗസ്ഥരും ബയ്യപ്പനഹള്ളിയിലെത്തി ട്രെയിൻ പരിശോധന നടത്തി. ട്രെയിനിലെ സൗകര്യങ്ങളെക്കുറിച്ചും വിലയിരുത്തി.