ന്യൂയോര്‍ക്ക്: ഹോളിവുഡ് നിര്‍മാണ കമ്ബനിയായ ഡിസ്നി പ്രൊഡക്ഷന്‍സിന്റെ വിഖ്യാതമായ ചലച്ചിത്ര പരമ്ബരകളില്‍ ഒന്നാണ് പൈറേറ്റ്സ് ഒഫ് കരിബീയന്‍ സീരീസ്.ഇതിലെ ഒരു പ്രധാന കഥാപാത്രമാണ് ജോണി ഡെപ്പ് അവതരിപ്പിക്കുന്ന ജാക്ക് സ്പാരോ എന്ന കടല്ക്കൊള്ളക്കാരന്. മുന്‍ ഭാര്യ ആംബര്‍ ഹേര്‍ഡിന്റെ പീഡനപരാതിയെ തുടര്‍ന്ന് ഡെപ്പുമായുള്ള കരാര്‍ ഡിസ്നി റദ്ദാക്കിയിരുന്നു.
എന്നാല്‍ ആംബര്‍ ഹേര്‍ഡ് അന്ന് ഉന്നയിച്ച വാദങ്ങളെല്ലാം തെറ്റെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ഡെപ്പിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഇതിന് പിന്നാലെ പഴയ കരാര്‍ പുതുക്കാനുള്ള ശ്രമങ്ങളുമായി എത്തിയിരിക്കുകയാണ് ഡിസ്നി.ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് 301 മില്ല്യണ്‍ അമേരിക്കന്‍ ഡോളറാണ് ജോണി ഡെപ്പുമായി വീണ്ടുമൊരു കരാറിലേര്‍പ്പെടുന്നതിന് വേണ്ടി ഡിസ്നി മുമ്ബോട്ട് വയ്ക്കുന്ന തുക.
ഇതിനൊപ്പം മുമ്ബ് തങ്ങളുടെ ഭാഗത്ത് നിന്ന് വന്ന നടപടികള്‍ ക്ഷമിക്കണമെന്ന ഒരു മാപ്പപേക്ഷയും നിര്‍മാണ കമ്ബനി നല്‍കിയിട്ടുണ്ട്. ഔദ്യോഗികമായി ഈ കാര്യങ്ങള്‍ ഡിസ്നിയോ ജോണി ഡെപ്പോ സ്ഥിരീകരിച്ചിട്ടില്ലെങ്കില്‍ കൂടി ഡെപ്പിന് ഇത്തരത്തില്‍ ഒരു ഓഫര്‍ ഡിസ്നിയില്‍ നിന്നും ലഭിച്ചതായി അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളിലൊരാള്‍ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
ആംബര്‍ ഹേര്‍ഡുമായുള്ള കേസ് നടക്കുന്ന അവസരത്തില്‍ നടിയുടെ അഭിഭാഷക കോടതിയില്‍ നടത്തിയ ഒരു പരാമര്‍ശമാണ് ഡെപ്പിന് ഇത്ര വലിയൊരു തുക നല്കാന് ഡിസ്നിയെ പ്രേരിപ്പച്ചതെന്നാണ് സംസാരം. വിചാരണവേളയില്‍ 300 മില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ നല്കിയാലും ഇനിയൊരിക്കലും ജാക്ക് സ്പാരോ എന്ന കഥാപാത്രം ചെയ്യില്ലെന്ന് ജോണി ഡേപ്പ് പറഞ്ഞതായി ഹേര്‍ഡിന്റെ അഭിഭാഷക പറഞ്ഞിരുന്നു.
അതിനാലാണ് ഒരു മില്ല്യണ്‍ ഡോളര്‍ കൂടി ചേര്‍ത്ത് 301 മില്ല്യണ്‍ ഡോളറിന്റെ ഓഫര്‍ ഡിസ്നി ഡെപ്പിന് നല്‍കിയിരിക്കുന്നത്.