ഭുവനേശ്വര്‍ : മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് വെയിലത്ത് കെട്ടിയിട്ട മകന്‍ മരിച്ച സംഭവത്തില്‍ അച്ഛന്‍ അറസ്റ്റില്‍. ഒഡീഷയിലെ സനമസിനബില സ്വദേശിയായ പനുവ നായിക്ക്(65) ആണ് അറസ്റ്റിലായത്. ഇയാളുടെ മകന്‍ സുമന്ത(40) വെയിലേറ്റ് മരിച്ച സംഭവത്തിലാണ് അറസ്റ്റ്.
സനമസിനബിലയില്‍ ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ സുമന്തയെ പനുവ പ്ലാസ്റ്റിക് കയറുപയോഗിച്ച് ബന്ധിച്ച് വെയിലത്ത് നിര്‍ത്തുകയായിരുന്നു. ഉച്ച വെയിലില്‍ ഏറെ നേരം നിന്ന സുമന്ത നിര്‍ജലീകരണം മൂലം വൈകുന്നേരത്തോടെ മരിച്ചു. ഒരിറ്റ് വെള്ളം പോലും സുമന്തയ്ക്ക് ആരും നല്‍കിയിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
ഗ്രാമപഞ്ചായത്ത് സമിതി അംഗ് രഘുനാഥ് മൊഹന്തയുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തുന്നത്. ഉടന്‍ തന്നെ പനുവയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ സുമന്തയുടെ മരണത്തില്‍ ഒരു തരി പോലും കുറ്റബോധമില്ലെന്നാണ് പനുവ പോലീസിനെ അറിയിച്ചിരിക്കുന്നത്. വ്യാഴാഴ്ച മദ്യപിച്ചെത്തി അമ്മയെയും ഭാര്യയെയും സുമന്ത ക്രൂരമായി മര്‍ദിച്ചിരുന്നു. മര്‍ദനത്തില്‍ അമ്മയുടെ നടുവൊടിഞ്ഞ് ആശുപത്രിയിലാണ്.
മകനെ ഒരു പാഠം പഠിപ്പിക്കുകയായിരുന്നു പനുവയുടെ ലക്ഷ്യം. മദ്യപിച്ചെത്തി വഴക്കിടുന്നത് പതിവായതോടെയാണ് പനുവ കടുംകൈ ചെയ്യാന്‍ മുതിര്‍ന്നത്. എന്‍എച്ച് 20ല്‍ വഴിയോരക്കച്ചവടം നടത്തുകയാണ് പനുവ. സുമന്തയ്ക്ക് പ്രത്യേകിച്ച് ജോലിയൊന്നുമുണ്ടായിരുന്നില്ല.