
ന്യൂഡല്‍ഹി: ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ മിട്ടായി കവറില്‍ ആലേഖനം ചെയ്തതിന്റെ പേരില്‍ വന്‍ പ്രതിഷേധം നേരിട്ട് നെസ്ലെ ഇന്ത്യ. പ്രതിഷേധം കനത്തതോടെ തങ്ങളുടെ പ്രശസ്ത ബ്രാന്‍ഡായ കിറ്റ് കാറ്റ് വിപണിയില്‍ നിന്നും പിന്‍വലിച്ചതായി കമ്ബനി അറിയിച്ചു. ജഗന്നാഥ്, ബാലഭദ്ര, മാതാ സുഭദ്ര എന്നീ ദൈവങ്ങളുടെ ചിത്രങ്ങളായിരുന്നു കിറ്റ് കാറ്റിന്റെ കവറില്‍ നല്‍കിയിരുന്നത്.
സ്വിസ് മള്‍ട്ടിനാഷണല്‍ കമ്ബനിയായ നെസ്ലെയുടെ ഇന്ത്യന്‍ ഘടകമാണ് നെസ്ലെ ഇന്ത്യ. ദൈവങ്ങളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്തതിലൂടെ മതവിതകാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് പ്രതിഷേധം ഉയര്‍ന്നത്. പിന്നാലെ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് കമ്ബനി രംഗത്തെത്തുകയായിരുന്നു. മുന്‍കൂര്‍ നടപടിയെന്ന നിലയില്‍ കഴിഞ്ഞ വര്‍ഷം തന്നെ വിപണിയില്‍ നിന്ന് ചിത്രങ്ങളുള്ള പായ്ക്കുകള്‍ പിന്‍വലിച്ചതായും കമ്ബനി അറിയിച്ചു. കമ്ബനിക്കെതിരെ രാജ്യത്തുടനീളം കനത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.
ദൈവങ്ങളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത മിട്ടായി പായ്ക്കുകള്‍ ട്രാവല്‍ പായ്ക്കുകള്‍ ആയിരുന്നെന്ന് നെസ്ലെ പറഞ്ഞു. ഒഡീഷയുടെ തനത് സംസ്കാരമായ പട്ടചിത്രയെ പ്രതിനിധീകരിക്കുന്ന ചിത്രങ്ങളായിരുന്നു മിട്ടായി കവറുകളില്‍ ഉള്‍പ്പെടുത്തിയതെന്നും കമ്ബനിയുടെ വക്താവ് കൂട്ടിച്ചേര്‍ത്തു. ഒഡീഷ ആസ്ഥാനമായുള്ള ഒരു പുരാതന കലാസൃഷ്ടിയാണ് പട്ടചിത്രം. ഈ കലാരൂപം അതില്‍ ആലേഖനം ചെയ്ത നാടോടിക്കഥകളുടെ പേരില്‍ അതി പ്രശസ്തമാണ്. ആചാരപരമായ ഉപയോഗത്തിനാണ് ഇവ കൂടുതലായും ഉപയോഗിക്കുന്നത്. പുരിയിലേക്കുള്ള തീര്‍ത്ഥാടകര്‍ക്കും ഒഡീഷയിലെ മറ്റ് ക്ഷേത്രങ്ങള്‍ക്കും വേണ്ടിയുള്ള സ്മാരക ചിഹ്നമായും ഇവ കരുതപ്പെടുന്നു.
തങ്ങള്‍ ഒഡീഷയുടെ സംസ്കാരം ആഘോഷിക്കാനാണ് ആഗ്രഹിച്ചതെന്ന് മിട്ടായി പായ്ക്കറ്റുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചതിന് പിന്നാലെ കമ്ബനി അറിയിച്ചു. ഇതിലൂടെ പട്ടചിത്രയെന്ന കലയെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കാനാണ് തങ്ങള്‍ ശ്രമിച്ചത്. ഇത്തരം ഡിസൈനുകള്‍ തങ്ങളുടെ ഉപഭോക്താക്കള്‍ ഇഷ്ടപ്പെട്ടിരുന്നതായി തങ്ങളുടെ മുന്‍ ഉത്പന്നങ്ങള്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ തങ്ങള്‍ ആരുടെയും വികാരങ്ങള്‍ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും കമ്ബനി അറിയിച്ചു. മാഗി, നെസ്കഫേ, മില്‍ക്മെയ്ഡ്, മഞ്ച്, മില്കിബാര് തുടങ്ങിയ പ്രശസ്ത ബ്രാന്‍ഡുകളുടെ ഉടമ കൂടിയാണ് നെസ്ലെ.