
ന്യൂഡല്‍ഹി: ഒമിക്രോണ്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഭാഗിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി ഡല്‍ഹി സര്‍ക്കാര്‍. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. അവശ്യ സര്‍വീസ് ഒഴികെയുള്ളവക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. സ്കൂളുകള്‍, കോളജ്, സ്വിമ്മിംഗ് പൂള്, ജിം, തീയറ്റര്‍ എന്നിവ അടച്ചിടും. സ്വകാര്യസ്ഥാപനങ്ങളില്‍ 50 ശതമാനം ജോലിക്കാരെ മാത്രമേ അനുവദിക്കു. വിവാഹ-മരണ ചടങ്ങുകള്‍ക്ക് 20 പേര്‍മാത്രമെ പങ്കെടുക്കാവൂ. ഹോട്ടലുകളില്‍ പ്രവേശനം 50 ശതമാനമാക്കി ചുരുക്കി. മെട്രോയിലും 50 ശതമാനം യാത്രക്കാര്‍ക്ക് മാത്രമേ യാത്ര ചെയ്യാന്‍ അനുവാദമുള്ളൂ.
ഇടവിട്ട ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ രാത്രി എട്ടു വരെ മാത്രമെ കടകള്‍ തുറക്കു. ഒട്ടോ റിക്ഷയില്‍ രണ്ടു പേരില്‍ കൂടുതല്‍ ആളുകള്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കില്ല. എന്നാല്‍ നിയന്ത്രണം എന്നുമുതലാണ് നടപ്പില്‍ വരികയെന്ന് വ്യക്തമാക്കിയിട്ടില്ല. നിയന്ത്രണങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവിടുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 0.5 ശതമാനത്തിനു മുകളിലാണ്. കോവിഡ് കേസുകള്‍ കൂടുന്നുണ്ടെങ്കിലും പലര്‍ക്കും നേരിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളത്. കൂടുതല്‍ ഓക്‌സിജന്‍ ഉപയോഗമോ വെന്റിലേറ്ററിന്റെ ആവശ്യമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കെജ്‌രിവാള്‍ അറിയിച്ചു.