
നാളെ തിയറ്ററുകളിലെത്താനിരിക്കുന്ന അല്ലു അര്‍ജുന്‍റെ ‘പുഷ്‍പ’യ്ക്കെതിരെ കര്‍ണ്ണാടകയില്‍ സിനിമാപ്രേമികളുടെ ബഹിഷ്‍കരണാഹ്വാനം.തെലുങ്കിനൊപ്പം തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലുമാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. കര്‍ണ്ണാടകയില്‍ കന്നഡ പതിപ്പിന് വിരലിലെണ്ണാവുന്ന പ്രദര്‍ശനങ്ങള്‍ മാത്രമാണ് ഉള്ളതെന്നും മറുഭാഷാ പതിപ്പുകള്‍ക്ക് കൂടുതല്‍ പ്രദര്‍ശനങ്ങള്‍ ഉണ്ടെന്നും ആരോപണം ഉന്നയിക്കുന്നവര്‍ വാദിക്കുന്നു.
എന്നാല്‍ ട്വിറ്ററില്‍ നിരവധി പേര്‍ ഈ വിഷയം ഉന്നയിച്ച് രംഗത്തെത്തിയതോടെ ഇത് ഒരു ക്യാംപെയ്‍നിന്‍റെ സ്വഭാവത്തിലേക്ക് മാറിയിട്ടുണ്ട്. BoycottPushpaInKarnataka എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ നിലവില്‍ ട്രെന്‍ഡിംഗ് ആണ്. തെലുങ്ക് ഒറിജിനലിന് 200ല്‍ ഏറെ പ്രദര്‍ശനങ്ങളും ഹിന്ദിയ്ക്ക് പത്തിലേറെ പ്രദര്‍ശനങ്ങളും തമിഴ്, മലയാളം പതിപ്പുകള്‍ക്ക് നാല് പ്രദര്‍ശനങ്ങളുമുള്ള കര്‍ണ്ണാടകയില്‍ കന്നഡ പതിപ്പിന് മൂന്ന് ഷോകള്‍ മാത്രമാണ് ഉള്ളതെന്ന് ഒരു സിനിമാപ്രമി ആരോപിക്കുന്നു. അതേസമയം ടോളിവുഡില്‍ നിന്നുള്ള സമീപകാലത്തെ ഏറ്റവും വലിയ ഹൈപ്പ് ലഭിച്ച ചിത്രമാണ് പുഷ്‍പ. സുകുമാര്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം രണ്ട് ഭാഗങ്ങളിലാണ് കഥ പറയുന്നത്. ആദ്യ ഭാഗമാണ് നാളെ തിയറ്ററുകളിലെത്തുന്നത്.