കൊണനകുണ്ടെ ക്രോസില്‍ പുതിയ ഫ്ലൈ ഓവർ നിർമ്മിക്കുമെന്ന് മന്ത്രി കൃഷ്ണ ബൈരെ ഗൗഡ. പ്രദേശത്തെ വർധിച്ചുവരുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്നും ഇതിനായുള്ള ടെൻഡർ നടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. വാർഡ് വണ്‍ ക്യാമ്പയിന്റെ മൂന്നാം ഘട്ടം ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.മേഖലയിലെ ഗതാഗത പ്രശ്നങ്ങള്‍ക്കും അടിസ്ഥാന സൌകര്യ വികസനങ്ങള്‍ക്കും വേണ്ടി അടിയന്തര ദീർഘകാല പദ്ധതികളാണ് സർക്കാർ ആലോചിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
‘ ദീർഘകാല പദ്ധതികളുടെ ഭാഗമായി സ്പ്ലിറ്റ്-ടൈപ്പ് ഫ്ലൈഓവർ നിർമ്മിക്കാൻ വിശദമായൊരു പദ്ധതി ബി-സ്മൈല്‍ തയ്യാറാക്കിയിട്ടുണ്ട്. ജംഗ്ഷന്റെ ഇരുഭാഗത്തും 600 മീറ്ററോം നീളത്തിലുള്ള എലവേറ്റഡ് സ്ട്രച്ചുകളായിരിക്കും നിർമ്മിക്കുക. ഭൂമി ഏറ്റെടുക്കലും നിർമ്മാണവും ഉള്‍പ്പെടെ 77 കോടിയാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്’, മന്ത്രി പറഞ്ഞു.പണി പൂർത്തിയാകുന്നതോടെ സിഗ്നലുകള്‍ ഇല്ലാതെ തന്നെ ഈ ഭാഗത്തൂടെയുള്ള ഗതാഗതം സാധ്യമാകും. പ്രദേശത്തെ ഗതാഗതക്കുരുക്കിനും വലിയ പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു. കുരുക്ക് പരിഹരിക്കാനും കാല്‍നട യാത്രക്കാരുടെ സഞ്ചാരം എളുപ്പമാക്കാനും ഇതിനോടകം തന്നെ നിരവധി പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്.
ഗതാഗതം കൂടുതല്‍ സുഗമമാക്കാൻ ഫോറം മാളിന് സമീപത്തുള്ള മെട്രോയുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ ഒരു ഭാഗം ഏറ്റെടുത്ത് ഫ്രീ ലെഫ്റ്റ് ടേണ്‍ നടപ്പാക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കിയിട്ടുണ്ട്.കൊണനകുണ്ടെ ക്രോസില്‍ പുതിയ മെട്രോ സ്റ്റേഷൻ വരുന്നതോടെ ഇവിടെ കാല്‍നട യാത്രക്കാരുടെ എണ്ണം വർധിക്കും. അതുകൊണ്ട് തന്നെ ഇവിടെയൊരു സ്കൈ വാക്ക് നിർമ്മിക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കിയതായി മന്ത്രി അറിയിച്ചു. നിർദ്ദിഷ്ട ഫ്ലൈ ഓവർ പദ്ധതിയെ ബാധിക്കാതെ തന്നെ സ്കൈവാക്ക് പദ്ധതി മുന്നോട്ട് കൊണ്ടുപോകാനും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.