ബെംഗളൂരു: 2027 മുതല്‍ കർണാടകയില്‍ ഗതാഗത നിയമങ്ങള്‍ കൂടുതല്‍ കർശനമാക്കും. റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും കാല്‍നടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായിട്ടാണ് പുതുവർഷം മുതല്‍ ഗതാഗത നിയമങ്ങള്‍ ശക്തമാക്കുന്നത്.തുടർച്ചയായി നിയമലംഘനം ആവർത്തിക്കുന്നവരുടെ വാഹനങ്ങള്‍ കണ്ടുകെട്ടുന്ന കാര്യം സംസ്ഥാന സർക്കാർ പരിഗണിക്കുന്നുണ്ട്.പുതിയ ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായി ഹാഫ് ഹെല്‍മെറ്റുകള്‍ (തല മുഴുവനായി കവർ ചെയ്യാത്ത മുകള്ഭാഗം മാത്രം മറയ്ക്കുന്നവ) നിരോധിക്കും. ഗതാഗതക്കുരുക്കില്‍ കുടുങ്ങാതെ നടപ്പാതയിലൂടെ ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവർക്ക് കനത്ത പിഴ ചുമത്താൻ നിർദേശമുണ്ട്.
പുതിയ ഗതാഗത നിയമങ്ങള്‍ നടപ്പാക്കുന്നതിനുള്ള നിയമനടപടികള്‍ അന്തിമഘട്ടത്തിലാണെന്നും പുതുവർഷത്തോടെ നിർദേശങ്ങള്‍ നടപ്പിലാക്കാൻ സർക്കാർ ശ്രമിച്ചുവരികയാണെന്നും ഗതാഗത മന്ത്രി ബൈരാത്തി സുരേഷ് അറിയിച്ചു. പുതിയ ഗതാഗത നിയമം തയാറാക്കുന്ന നടപടികള്‍ പൂർത്തിയായി വരികയാണെന്നും പുതുവർഷത്തോടെ നിരോധനം നിലവില്‍ വരുമെന്നും മന്ത്രി പറഞ്ഞു. ഈ തീരുമാനം സംസ്ഥാനത്ത് ഹാഫ് ഹെല്‍മറ്റുകളുടെ നിർമാണത്തെയും വില്‍പ്പനയെയും ബാധിക്കും.പുതിയ നിർദേശങ്ങള്‍ പ്രകാരം നടപ്പാതയിലൂടെ ഇരുചക്രവാഹനം ഓടിച്ചാല്‍ ആദ്യതവണ 5,000 രൂപ പിഴ ഈടാക്കും. നിലവില്‍ 1,000 രൂപയാണ് പിഴ. രണ്ടാമതും നിയമലംഘനം നടത്തിയാല്‍ 10,000 രൂപ പിഴയും മൂന്നാം തവണ നിയമലംഘനം നടത്തിയാല്‍ വാഹനം കണ്ടുകെട്ടാനും സാധ്യതയുണ്ട്. ഇരുചക്രവാഹന യാത്രക്കാർക്കും പിന്നിലിരിക്കുന്നവർക്കും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്തുടനീളം ഹാഫ് ഹെല്‍മറ്റുകള്‍ നിരോധിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചത്.
പ്രമുഖ ടാക്സി സേവനദാതാക്കളായ ഒല (Ola), ഊബർ (Uber) തുടങ്ങിയ ആപ്പ് അധിഷ്ഠിത സേവന ദാതാക്കള്‍ വഴി പ്രവർത്തിക്കുന്നവ ഉള്‍പ്പെടെ എല്ലാ ടാക്സികളിലും മീറ്ററുകള്‍ നിർബന്ധമാക്കും. ഓട്ടോറിക്ഷകളിലേതുപോലെ എല്ലാ ടാക്സികളിലും മീറ്ററുകള്‍ സ്ഥാപിക്കും. സർക്കാർ നിശ്ചയിച്ച നിരക്കുകള്‍ മാത്രമേ യാത്രക്കാരില്‍ നിന്ന് ഈടാക്കാവൂ എന്ന് മന്ത്രി ബൈരാത്തി സുരേഷ് വ്യക്തമാക്കി. സർക്കാർ നിശ്ചയിച്ച നിരക്കുകള്‍ ലംഘിക്കുന്ന ടാക്സികള്‍ കണ്ടുകെട്ടാൻ സാധ്യതയുണ്ട്.ഈ തീരുമാനം നടപ്പിലാക്കുന്നതിനായി ആവശ്യമായ നിയമപരമായ ചട്ടക്കൂട് സർക്കാർ തയാറാക്കിവരികയാണ്.
ആപ്പ് അധിഷ്ഠിത സേവന ദാതാക്കളില്‍ നിന്ന് ടാക്സി ഉടമകള്‍ക്കും ഡ്രൈവർമാർക്കും നേരിടേണ്ടിവരുന്ന ചൂഷണം തടയുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ഈ പ്ലാറ്റ്ഫോമുകള് വഴി പ്രവർത്തിക്കുമ്പോള്‍ തങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ടാക്സി ഉടമകളും ഡ്രൈവർമാരും സർക്കാരിനെ സമീപിച്ചിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ഇവരുടെ ആശങ്കകള്‍ പരിഹരിക്കാനും ആയിരക്കണക്കിന് ഡ്രൈവർമാരുടെയും വാഹന ഉടമകളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.