Home കർണാടക ബെംഗളൂരു മെട്രോയില്‍ എയര്‍പോര്‍ട്ടിലേക്ക് കുതിക്കാം;ബ്ലൂലൈനില്‍ പരീക്ഷണ ഓട്ടം തുടരുന്നു, അടുത്ത വര്‍ഷം ഈ ഭാഗം തുറക്കും

ബെംഗളൂരു മെട്രോയില്‍ എയര്‍പോര്‍ട്ടിലേക്ക് കുതിക്കാം;ബ്ലൂലൈനില്‍ പരീക്ഷണ ഓട്ടം തുടരുന്നു, അടുത്ത വര്‍ഷം ഈ ഭാഗം തുറക്കും

ബെംഗളൂരു നമ്മ മെട്രോ ബ്ലൂലൈനില്‍ പരീക്ഷണ ഓട്ടം പുരോഗമിക്കുന്നു. നവംബർ 10 നാണ് നടപടികള്‍ ആരംഭിച്ചത്. ബൈപ്പനഹള്ളിയില്‍ നിന്ന് ആരംഭിച്ച്‌ കെആർ പുരം വഴി ദൊണ്ടനക്കുണ്ടി സ്റ്റേഷൻ വരെയുള്ള 6 കിമി പാതയിലാണ് പരീക്ഷണ ഓട്ടം നടക്കുന്നത്.വരും ദിവസങ്ങളില്‍ കെആർ പുരത്ത് നിന്ന് മാരത്തഹള്ളിയിലേക്കും നടപടികള്‍ നീട്ടും.നിലവില്‍ നാല് സ്റ്റേഷനുകളില്‍ മാത്രമായാണ് പരീക്ഷണ ഓട്ടം പരിമിതപ്പെടുത്തിയിരിക്കുന്നത്.മെട്രോ സംവിധാനത്തിന്റെ പ്രവർത്തനക്ഷമതയാണ് പ്രധാനമായും വിലയിരുത്തുന്നത്. തുടർന്നുള്ള പരീക്ഷണങ്ങള്‍ക്കായി പാത പൂർണസജ്ജമാക്കുന്നതിനും കൂടിയാണ് നടപടി.

പരീക്ഷണ ഓട്ടം ആരംഭിച്ചെങ്കിലും പാത യാത്രക്കാർക്കായി തുറന്നുകൊടുക്കണമെങ്കില്‍ ചില സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്. മാത്രമല്ല ഏകദേശം രണ്ട് കിലോമീറ്ററോളം ദൂരത്തില്‍ ട്രാക്കുകള്‍ സ്ഥാപിക്കേണ്ടതുണ്ട്. കൂടാതെ സിഗ്നലിംഗ് സംവിധാനം നടപ്പാക്കണം. ഇതിനൊപ്പം തുടർപരീക്ഷണങ്ങളും സാങ്കേതിക പരിശോധനകളും നടത്തണം.ബെംഗളൂരു നമ്മ മെട്രോയിലെ നിർണായക പാതയാണ് ബ്ലൂലൈൻ. ദക്ഷിണ ബെംഗളൂരിലെ സെൻട്രല്‍ സില്‍ക്ക് ബോർഡില്‍ നിന്നും കെംപെഗൌഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നീളുന്ന 58.19 കിമി പാതയാണിത്. രണ്ട് ഘട്ടങ്ങളിലായാണ് പാതയുടെ നടപടികള്‍ പുരോഗമിക്കുന്നത്. ആകെ 29 സ്റ്റേഷനുകളാണ് ഉളളത്. പാത യാഥാർത്ഥ്യമാകുന്നതോടെ ഔട്ടർ റിംഗ് റോഡ്, മറ്റ് പ്രധാന വാണിജ്യ കേന്ദ്രങ്ങള്‍ വിമാനത്താവളം എന്നിവിടങ്ങളിലേക്കുള്ള ഗതാഗത സൗകര്യം മെച്ചപ്പെടും.സെൻട്രല്‍ സില്‍ക്ക് ബോർഡിനും കെആർ പുരത്തിനും ഇടയിലുള്ള 19.75 കിലോമീറ്റർ എലവേറ്റഡ് പാതയാണ് ബ്ലൂ ലൈനിന്റെരണ്ടാം ഘട്ടത്തില്‍ (ഫേസ് 2എ)ഉള്‍പ്പെടുന്നത്.

13 സ്റ്റേഷനുകളാണ് ഈ പാതയിലുള്ളത്. പാത യാഥാർത്ഥ്യമാകുന്നതോടെ നിരവധി പ്രമുഖ ഐടി സ്ഥാപനങ്ങള്‍ ഉള്ള ബെംഗളൂരുവിലെ ഔട്ടർ റിംഗ് റോഡിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.സെൻട്രല്‍ സില്‍ക്ക് ബോർഡ് (യെല്ലോ ലൈനുമായുള്ള ഇന്റർചേഞ്ച്), എച്ച്‌എസ്‌ആർ. ലേഔട്ട്, അഗര തടാകം, ഇബ്ബലൂർ, ബെല്ലന്തൂർ, ദേവരബീസനഹള്ളി (ടെക് വില്ലേജ്), കാടുബീസനഹള്ളി, മാറത്തഹള്ളി, ഐഎസ്‌ആർഒ, ദൊഡ്ഡനെക്കുണ്ടി, ഡിആർഡിഒ സ്പോർട്സ് കോംപ്ലക്സ് (ബാഗ്മാനെ ഡെവലപ്പേഴ്സ്), സരസ്വതി നഗർ, കൃഷ്ണരാജപുര (കെആർ പുരം – പർപ്പിള്‍ ലൈനുമായുള്ള ഇന്റർചേഞ്ച്) എന്നിവയാണ് ഈ പാതയിലെ 13 സ്റ്റേഷനുകള്‍. നിലവില്‍ ഈ പാതയിലാണ് പരീക്ഷണ ഓട്ടം നടക്കുന്നത്.കെആർ പുരത്തില്‍ നിന്നും കെംപഗൌഡ അന്താരാഷ്ട്ര എയർപോർട്ടിലേക്കുള്ള ഭാഗമാണ് രണ്ടാമത്തെ ഘട്ടം (ഫേസ് 2ബി). 38.44 കിമിയാണ് പാതയുടെ ദൂരം. 16 സ്റ്റേഷനുകളാണ് ഈ ഭാഗത്ത് വരുന്നത്.

കസ്തൂരി നഗർ, ഹൊറമാവ്, എച്ച്‌ആർബിആർ ലേഔട്ട്, കല്യാണ്‍ നഗർ, എച്ച്‌ബിആർ ലേഔട്ട്, നാഗവാര (പിങ്ക് ലൈനുമായുള്ള ഇന്റർചേഞ്ച്), വീരണ്ണപാളയ, കെമ്പാപുര, ഹെബ്ബാള്‍, കൊടിഗെഹള്ളി, ജക്കൂർ ക്രോസ്, യെലഹങ്ക, ബാഗലൂർ ക്രോസ്, ദൊഡ്ഡജാല, എയർപോർട്ട് സിറ്റി, കിയാല്‍ ടെർമിനലുകള്‍ (കിയാല്‍ ടെർമിനല്‍) എന്നിവയാണ് സ്റ്റേഷനുകള്‍.സെൻട്രല്‍ സില്‍ക്ക് ബോർഡ് മുതല്‍ കെആർ പുരം വരെയുള്ള പാത അടുത്ത വർഷം പകുതിയോടെ തുറക്കാനാകുമെന്നാണ് ബിഎംആർസിഎല്‍ പ്രതീക്ഷിക്കുന്നത്. മുഴുവൻ പാതയും 2028 മാർച്ചോടെ തുറക്കാനാകുമെന്നാണ് വിലയിരുത്തല്‍.

You may also like

error: Content is protected !!
Join Our WhatsApp Group