Home കർണാടക കാമുകിയുടെ പിതാവിനെയും ബന്ധുക്കളെയും വെടിവച്ച്‌ കൊല്ലാൻ ശ്രമം; പാളിയതോടെ പ്രതി ഓടി രക്ഷപ്പെട്ടു

കാമുകിയുടെ പിതാവിനെയും ബന്ധുക്കളെയും വെടിവച്ച്‌ കൊല്ലാൻ ശ്രമം; പാളിയതോടെ പ്രതി ഓടി രക്ഷപ്പെട്ടു

ബെംഗളൂരു: പ്രണയബന്ധത്തെ എതിർത്തതിന്റെ വൈരാഗ്യത്തില്‍ കാമുകിയുടെ പിതാവിനെയും കുടുംബാംഗങ്ങളെയും വെടിവച്ചുകൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനും സംഘത്തിനുമെതിരെ പൊലീസ് കേസെടുത്തു.സയീദ് അമീൻ, സുഹൃത്ത് അഫാൻ എന്നിവരും കണ്ടാലറിയാവുന്ന മറ്റ് രണ്ട് പേരുമാണ് ആക്രമണം നടത്തിയത്. വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെ വിനായക നഗറിലെ റിസ്‌വാൻ മസ്ജിദ് റോഡിലുള്ള ‘യൂണിക് സെയില്‍സ്’ എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്.

കടയിലുണ്ടായിരുന്ന തന്റെ മകൻ ഇമാൻ ഉർ റഹ്മാൻ, അനന്തരവന്മാരായ മുഹമ്മദ് സെയ്ദ്, ഹഫീസുള്ള എന്നിവരെ പ്രതികള്‍ ക്രൂരമായി മർദിച്ചതായി കടയുടമ ആർ. അസ്മദ് പാഷ (54) പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ആക്രമണം കണ്ട് പാഷ തടയാൻ ശ്രമിച്ചതോടെ, അഫാൻ സ്കൂട്ടറിന്റെ ബോക്സില്‍നിന്ന് തോക്കെടുത്ത് ഇവർക്ക് നേരെ വെടിയുതിർക്കാൻ തുനിഞ്ഞു. എന്നാല്‍ പാഷ ധൈര്യപൂർവം തോക്കില്‍ കയറിപ്പിടിച്ചു. പിടിവലിക്കിടെ തോക്കില്‍നിന്ന് ഒരു തിര നിലത്തുവീണു. തുടർന്ന് പാഷയില്‍നിന്ന് ബലമായി തോക്ക് തിരികെ പിടിച്ചുവാങ്ങിയ പ്രതികള്‍ സ്കൂട്ടറില്‍ അവിടെനിന്ന് കടന്നുകളയുകയായിരുന്നു.

പാഷയുടെ രണ്ടാമത്തെ മകള്‍ ഉമാ ഐമനുമായി സയീദ് അമീനുണ്ടായിരുന്ന പ്രണയബന്ധത്തെച്ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തിന് രണ്ട് ദിവസം മുമ്പ് അമീനും പിതാവ് സയ്യിദ് അഷ്റഫും തമ്മില്‍ ഇതേ വിഷയത്തില്‍ സംസാരിക്കുകയും തുടർന്ന് അമീൻ മാപ്പ് പറയുകയും ചെയ്തിരുന്നതാണ്. പരാതിയുടെ അടിസ്ഥാനത്തില്‍ സയീദ് അമീൻ, അഫാൻ, ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ എന്നിവർക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ ചുമത്തി പുട്ടെനഹള്ളി പൊലീസ് കേസെടുത്തു.

You may also like

error: Content is protected !!
Join Our WhatsApp Group