Home കർണാടക ബൈജു രവീന്ദ്രന്റെ കുടുംബത്തില്‍നിന്ന് 83.81 കോടി രൂപയുടെ ഭൂമി വാങ്ങി മീശോ സിഇഒ വിദിത് ആത്രേ

ബൈജു രവീന്ദ്രന്റെ കുടുംബത്തില്‍നിന്ന് 83.81 കോടി രൂപയുടെ ഭൂമി വാങ്ങി മീശോ സിഇഒ വിദിത് ആത്രേ

ബംഗളൂരു: ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള 83.81 കോടി രൂപ വിലമതിക്കുന്ന ഭൂമി വാങ്ങി പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയായ മീശോയുടെ സഹസ്ഥാപകനും സിഇഒയുമായ വിദിത് ആത്രേ.ബംഗളൂരുവിലെ ആഡംബര പാർപ്പിട മേഖലയായ എപ്സിലോണ്‍ റെസിഡൻഷ്യല്‍ വില്ലാസിലെ രണ്ട് ഭൂമികളാണ് അദ്ദേഹം സ്വന്തമാക്കിയത്.ബൈജു രവീന്ദ്രന്റെ ഭാര്യ ദിവ്യ ഗോകുല്‍നാഥ്, സഹോദരൻ റിജു രവീന്ദ്രന്റെ ഭാര്യ ദീപ്ത അഖില രാഘവൻ എന്നിവരില്‍നിന്നാണ് ഭൂമി വാങ്ങിയത്. ദിവ്യയുടെ ഉടമസ്ഥതയിലുള്ള 18,305 ചതുരശ്ര അടി ഭൂമി 48.11 കോടി രൂപയ്ക്കും ദീപ്തയുടെ ഉടമസ്ഥതയിലുള്ള 15,180 ചതുരശ്ര അടി ഭൂമി 35.70 കോടി രൂപയ്ക്കുമാണ് വിദിത് ആത്രേ വാങ്ങിയത്.

ഇതോടെ ആകെ 33,485 ചതുരശ്ര അടി ഭൂമിയുടെ ഉടമസ്ഥാവകാശം അദ്ദേഹത്തിന് ലഭിച്ചു. ജൂലൈ 24ന് നടന്ന ഇടപാടുകളുടെ രജിസ്ട്രേഷൻ ജൂലൈ 27നാണ് പൂർത്തിയായത്.ബംഗളൂരു ഈസ്റ്റിലെ യെമലൂരിലാണ് ഈ ഭൂമികള്‍ സ്ഥിതി ചെയ്യുന്നത്. നഗരത്തിലെ ഏറ്റവും വിലപിടിപ്പുള്ള പാർപ്പിട മേഖലകളിലൊന്നായ എപ്സിലോണ്‍ റെസിഡൻഷ്യല്‍ വില്ലാസില്‍ പ്രമുഖ വ്യവസായികളും ടെക്നോളജി കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥരുമാണ് താമസിക്കുന്നത്. വിപ്രോ ചെയർമാൻ റിഷാദ് പ്രേംജി, ബ്രിട്ടാനിയ സിഇഒ വരുണ്‍ ബെറി തുടങ്ങിയവരുടെ വസതികളും ഇവിടെയുണ്ട്.ബൈജൂസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയും നിയമനടപടികളും നേരിടുന്നതിനിടെയാണ് കുടുംബത്തിന്റെ ഭൂമി വില്‍പ്പന നടന്നത്.

ബിസിസിഐക്ക് നല്‍കാനുള്ള കുടിശ്ശിക തീർക്കുന്നതിനായി സമാഹരിച്ച പണത്തിന് ഈ ഭൂമി ഈടായി നല്‍കിയിരുന്നതായാണ് റിപ്പോർട്ടുകള്‍. ബിസിസിഐയുടെ 158.9 കോടി രൂപയുടെ കുടിശ്ശികയുമായി ബന്ധപ്പെട്ട പരാതിയെ തുടർന്ന് 2024 ജൂലൈയിലാണ് ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആൻഡ് ലേണ്‍ പാപ്പരത്ത നടപടികളിലേക്ക് കടന്നത്.ബൈജൂസിന്റെ സാമ്പത്തിക ബാധ്യതകളും കടക്കാരുമായുള്ള തർക്കങ്ങളും സംബന്ധിച്ച നിയമനടപടികള്‍ ഇപ്പോഴും തുടരുകയാണ്. ഈ സാഹചര്യത്തിലാണ് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമി വിറ്റത്.

You may also like

error: Content is protected !!
Join Our WhatsApp Group