തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയില്‍ പ്ലസ് വണ്‍ വിദ്യാർഥി അഭിരാമിനെ കൊലപ്പെടുത്തിയ കേസില്‍ നിർണായക ദൃശ്യങ്ങള്‍ പുറത്ത്.കൊല്ലപ്പെട്ട അഭിരാമിനെ ഒന്നാംപ്രതിയായ 17-കാരൻ സംഭവസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചത്. അതിനിടെ, അഭിരാമിനെയും മറ്റൊരു സുഹൃത്തിനെയും കൊലപ്പെടുത്താനാണ് പ്രതിയായ 17-കാരൻ ലക്ഷ്യമിട്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു.തന്റെ പെണ്‍സുഹൃത്തായ ആനന്ദയുടെ സ്വകാര്യദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് അഭിരാമും സുഹൃത്തും ചേർന്നാണെന്നാണ് 17-കാരൻ കരുതിയിരുന്നത്. തുടർന്നാണ് ഉമറിനൊപ്പം ചേർന്ന് പദ്ധതി ആസൂത്രണം ചെയ്തത്. ഇതിനായി ആനന്ദയുടെ ഫോണ്‍ ഉപയോഗിച്ച് അഭിരാമുമായി ചാറ്റ് ചെയ്ത് സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തി.
അഭിരാം പാങ്ങപ്പാറയില്‍ എത്തിയപ്പോള്‍ പ്രതിയായ 17-കാരനും യാദൃശ്ചികമായി അവിടെ എത്തിയതുപോലെ അഭിനയിച്ചു. തുടർന്ന് പ്രതിയായ 17-കാരൻ ബീഡി വാങ്ങിയ ശേഷം സംസാരിക്കാനെന്ന് പറഞ്ഞ് അഭിരാമിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവിടെവെച്ചാണ് കൂട്ടുകാരനെയും വിളിച്ചുവരുത്താൻ അഭിരാമിനെ നിർബന്ധിച്ചത്. അഭിരാം ആദ്യം ഇതിന് തയ്യാറായില്ല. ഇതോടെയാണ് ആക്രമിച്ചത്. തുടർന്ന് ബെല്‍റ്റ് കൊണ്ട് അഭിരാമിന്റെ കഴുത്തുഞെരിച്ചാണ് 17-കാരനും ഉമറും കൊലപാതകം നടത്തിയതെന്നും പൊലീസ് പറഞ്ഞു.കേസിലെ മറ്റുപ്രതികളായ ഉമർ മുഫ്താറിനെയും ആനന്ദയെയും പൊലീസ് കഴിഞ്ഞദിവസം കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യുകയും തെളിവെടുപ്പിന് എത്തിക്കുകയും ചെയ്തിരുന്നു. കുറ്റംചെയ്തിട്ടില്ലെന്നും കേസില്‍ പെടുത്തിയെന്നുമായിരുന്നു രണ്ടാംപ്രതിയായ ഉമർ തെളിവെടുപ്പിനിടെ കരഞ്ഞുകൊണ്ട് വിളിച്ചുപറഞ്ഞത്.എന്നാല്‍, ചോദ്യംചെയ്യലില്‍ ഇയാള്‍ നിരന്തരം മൊഴി മാറ്റുന്നത് പൊലീസിനെ കുഴക്കുന്നുണ്ട്. കസ്റ്റഡിയില്‍ വാങ്ങിയ ആനന്ദയും പരസ്പരവിരുദ്ധമായ മൊഴികളാണ് നല്‍കിയത്.
ഒന്നാംപ്രതിയുടെ മൊബൈല്‍ഫോണ്‍ അടക്കമുള്ള പ്രധാന തെളിവുകളൊന്നും ഇതുവരെ പൊലീസിന് കണ്ടെടുക്കാനുമായിട്ടില്ല. 17-കാരന് പുറമേ ഉമർ മുഫ്താർ, 17-കാരന്റെ പെണ്‍സുഹൃത്തായ ആനന്ദ, ഉമറിന്റെ പെണ്‍സുഹൃത്ത് ഐശ്വര്യ എന്നിവരാണ് ഇതുവരെ കേസിലെ പ്രതികളായിട്ടുള്ളത്. നാലുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.നവംബർ ഒന്നിനാണ് സുഹൃത്തിനെ കാണാൻ പോവുകയാണെന്ന് പറഞ്ഞ് വീട്ടില്‍നിന്ന് പോയ അഭിരാമിനെ കാണാതായത്. തുടർന്ന് അന്വേഷണം നടക്കുന്നതിനിടെ പ്രതിയായ 17-കാരൻ അഭിരാമിനെ ബന്ധപ്പെട്ടതായി അറിഞ്ഞു. ആദ്യഘട്ടത്തില്‍ 17-കാരൻ കൊലപാതകവിവരമോ മറ്റോ വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് പൊലീസ് നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് പാങ്ങപ്പാറയിലെ ആളൊഴിഞ്ഞ സ്ഥലത്ത് ചാക്കില്‍ക്കെട്ടി വാഴയിലെ കൊണ്ട് മൂടിയനിലയില്‍ അഭിരാമിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.