Home കർണാടക നമ്പര്‍ പ്ലേറ്റില്ലാതെ ബൈക്കോടിക്കുന്നത് വഞ്ചനാക്കുറ്റമല്ല, പിഴയീടാക്കാം; കേസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി

നമ്പര്‍ പ്ലേറ്റില്ലാതെ ബൈക്കോടിക്കുന്നത് വഞ്ചനാക്കുറ്റമല്ല, പിഴയീടാക്കാം; കേസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു: നമ്പര്‍ പ്ലേറ്റില്ലാതെ ബൈക്ക് ഓടിക്കുന്നത് ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) പ്രകാരമുള്ള വഞ്ചനാക്കുറ്റത്തിന്റെ പരിധിയില്‍ വരില്ലെന്നും മോട്ടോര്‍ വാഹന നിയമത്തിന്റെ ലംഘനമായി മാത്രമേ കണക്കാക്കാനാകൂവെന്നും കര്‍ണാടക ഹൈക്കോടതി.നമ്പര്‍ പ്ലേറ്റില്ലാതെ ബൈക്ക് ഓടിച്ചതിന് പിതാവിനും മകനുമെതിരെ രജിസ്റ്റര്‍ ചെയ്ത വഞ്ചനാക്കേസ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് അനന്ത് രാമനാഥ് ഹെഗ്ഡെയുടെ ഉത്തരവ്.വി. ചന്നകേശവ, മകന്‍ ശരണ്‍ എന്നിവര്‍ക്കെതിരെയാണ് ബിഎന്‍എസിലെ 318(2) വകുപ്പ് പ്രകാരം കാമാക്ഷിപാളയ പൊലീസ് വഞ്ചനാക്കേസ് രജിസ്റ്റര്‍ ചെയ്ത്.

ഇരുവരും നേരത്തെ ഹെല്‍മറ്റ് ധരിക്കാതെ ബൈക്കില്‍ സഞ്ചരിച്ചതിന് രണ്ടുതവണ പിഴയടച്ചിരുന്നു. വീണ്ടും പിഴ ലഭിക്കുന്നത് ഒഴിവാക്കാനാണ് ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് നീക്കം ചെയ്തതെന്നും ഇത് വഞ്ചനാക്കുറ്റത്തില്‍ വരുമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം.എന്നാല്‍, നമ്പര്‍ പ്ലേറ്റില്ലാതെ ബൈക്ക് ഓടിച്ചെന്ന ആരോപണം ശരിയാണെങ്കില്‍ പോലും അത് വഞ്ചനാക്കുറ്റമായി കണക്കാക്കാനാവില്ലെന്നായിരുന്നു ഹരജിക്കാരുടെ വാദം. പരമാവധി, മോട്ടോര്‍ വാഹന നിയമത്തിലെ 177-ാം വകുപ്പ് പ്രകാരമുള്ള നിയമലംഘനമായി മാത്രമേ ഇതിനെ കാണാനാകൂവെന്നും ഇവരുടെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.

നമ്പര്‍ പ്ലേറ്റില്ലാതെ വാഹനമോടിച്ചെന്ന ആരോപണം മാത്രം പരിഗണിച്ച്‌ ബിഎന്‍എസിലെ 318(2) വകുപ്പ് പ്രകാരം വഞ്ചനാക്കുറ്റം ചുമത്താനാവില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം, ഹെല്‍മറ്റ് ധരിക്കാത്തതുമായി ബന്ധപ്പെട്ട് ആവര്‍ത്തിച്ചുള്ള നിയമലംഘനങ്ങള്‍ നടത്തിയതായി കോടതി നിരീക്ഷിച്ചു. മോട്ടോര്‍ വാഹന നിയമത്തിലെ 177-ാം വകുപ്പ് പ്രകാരം 1,500 രൂപ പിഴയടച്ച്‌ രണ്ടാഴ്ചയ്ക്കകം രസീത് കോടതിയില്‍ സമര്‍പ്പിക്കാനും ചന്നകേശവയോട് നിര്‍ദേശിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group