ബെംഗളൂരു: കർണാടക രാഷ്ട്രീയത്തില്‍ വിവാദമായ ഒളിക്യാമറ ദൃശ്യങ്ങളുമായി ബന്ധപ്പെട്ട് മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ സംസ്ഥാന ബാലാവകാശ കമ്മീഷൻ അധ്യക്ഷയുമായ കൃപ ആല്‍വയെ പാർട്ടിയില്‍ നിന്ന് പുറത്താക്കി.പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളില്‍ ഏർപ്പെട്ടെന്ന കണ്ടെത്തലിനെ തുടർന്ന് ആറു വർഷത്തേക്കാണ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ അപകീർത്തിപ്പെടുത്താനും രാഷ്ട്രീയമായി പ്രതിരോധത്തിലാക്കാനും ലക്ഷ്യമിട്ട് ഒളിക്യാമറ ദൃശ്യങ്ങള്‍ നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതില്‍ കൃപ ആല്‍വയ്ക്ക് പങ്കുണ്ടെന്നാണ് ആരോപണം.
സംഭവവുമായി ബന്ധപ്പെട്ട് ബെംഗളൂരു സൈബർ ക്രൈം പൊലീസും സെൻട്രല്‍ ക്രൈംബ്രാഞ്ചും ഇവരെ ചോദ്യം ചെയ്തിരുന്നു. സിദ്ധരാമയ്യക്കെതിരായ വീഡിയോ വ്യാജമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. തനിക്കെതിരായ ഗൂഢാലോചനയില്‍ സ്വന്തം പാർട്ടിയിലെ നേതാക്കള്‍ക്ക് പങ്കുണ്ടെന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടും കൃപ ആല്‍വയ്‌ക്കെതിരെ നടപടി വൈകുന്നതില്‍ സിദ്ധരാമയ്യ അതൃപ്തി പ്രകടിപ്പിച്ചിരുന്നതായാണ് വിവരം.സിദ്ധരാമയ്യയുടെ ആദ്യ സർക്കാരിന്റെ കാലത്താണ് കൃപ ആല്‍വ കർണാടക സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അധ്യക്ഷയായി പ്രവർത്തിച്ചിരുന്നത്. വിവാദത്തില്‍ ഇവരുടെ പങ്കിനെക്കുറിച്ചുള്ള അന്വേഷണ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിലാണ് കെപിസിസിയുടെ അച്ചടക്ക നടപടി.