കൊച്ചി: സൈബർ കുറ്റകൃത്യങ്ങളെ പ്രതിരോധിക്കാനും ഡിജിറ്റല്‍ സുരക്ഷയെക്കുറിച്ച് അവബോധം വളർത്താനും ലക്ഷ്യമിട്ട് ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തില്‍ കേരള പൊലീസ് നടപ്പാക്കുന്ന ക്ലിക്ക് – CLICK (Community Led Initiative for Cyber Resilient Keralam) പ്രചാരണത്തിന് ഇന്ന് തുടക്കമാകും.2027 ഓടെ സമ്പൂർണ സൈബർ റെസിലിയന്റ് കേരളം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇന്ന് രാവിലെ 10.30 ന് കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പദ്ധതിയുടെ ഉദ്‌ഘാടനം നിർവഹിക്കും. മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയും ക്യാംപെയ്‌നിന്റെ ഭാഗമാകുമെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. ടി ജെ വിനോദ് എം എല്‍ എ അധ്യക്ഷനാവും.
ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍, സോഹോ കോർപറേഷൻ സ്ഥാപകൻ ശ്രീധർ വെമ്പു, സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ, ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി പി വിജയൻ തുടങ്ങിയവർ പങ്കെടുക്കും. സൈബർ സേഫ് വില്ലേജ്, സൈബർ റെസിലിയന്റ് സെന്ററുകള്‍, സൈബർ ക്യാപ്‌ടൻമാർ, സൈബർ ഫസ്‌റ്റ് റെസ്‌പോണ്ടേഴ്‌സ് എന്നിവയുടെ പ്രഖ്യാപനവും ചടങ്ങില്‍ നടക്കും.അറിവിലൂടെ ജാഗ്രത, ജാഗ്രതയിലൂടെ പ്രതിരോധംഡിജിറ്റല്‍ കുറ്റകൃത്യങ്ങള്‍ക്കും ഓണ്‍ലൈൻ തട്ടിപ്പുകള്‍ക്കുമെതിരെ ജനങ്ങളെ അണിനിരത്തുകയും സൈബർ സുരക്ഷ സമൂഹത്തിന്റെ കൂട്ടുത്തരവാദിത്തമായി വളർത്തുകയുമാണ് CLICK ലക്ഷ്യമിടുന്നത്. സൈബർ ആക്രമണങ്ങളെ തിരിച്ചറിയാനും പ്രതിരോധിക്കാനും ആക്രമണങ്ങള്‍ ഉണ്ടായാല്‍ വേഗത്തില്‍ അതിജീവിച്ച് സുരക്ഷിതമായി മുന്നോട്ടുപോകാനുമുള്ള വ്യക്തികളുടെയും സമൂഹത്തിന്റെയും ശേഷിയാണ് സൈബർ റെസിലിയൻസ്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വ്യവസായ മേഖല, സാമൂഹിക സംഘടനകള്‍, യുവജനങ്ങള്‍, പൊതുജനങ്ങള്‍ എന്നിവരെ ഒരുമിപ്പിച്ച് സൈബർ സുരക്ഷയെ ജനകീയ പ്രസ്ഥാനമാക്കി മാറ്റുകയാണ് CLICK വിഭാവനം ചെയ്യുന്നത്. സൈബർ കുറ്റകൃത്യങ്ങള്‍ക്കെതിരായ പ്രതിരോധത്തില്‍ കേരള പൊലീസിനൊപ്പം പൊതുജനങ്ങള്‍ക്കും സജീവ പങ്കാളികളാകാൻ അവസരമൊരുക്കും. ‘അറിവിലൂടെ ജാഗ്രത, ജാഗ്രതയിലൂടെ പ്രതിരോധം’ എന്ന സന്ദേശവുമായി സുരക്ഷിതവും ഉത്തരവാദിത്തപൂർണവും സൈബർ ഭീഷണികളെ ഫലപ്രദമായി നേരിടാൻ ശേഷിയുള്ളതുമായ കേരളം കെട്ടിപ്പടുക്കാനുള്ള കൂട്ടായ ശ്രമത്തിനാണ് CLICK തുടക്കം കുറിക്കുന്നത്. ഡിജിറ്റല്‍ ലോകത്ത് സമ്പൂർണ്ണ സുരക്ഷ എന്ന ഒന്നില്ല. ഏതെങ്കിലും വിധത്തില്‍ സൈബർ കുറ്റവാളികള്‍ വ്യക്തികളെ ടാർഗറ്റ് ചെയ്തുവെന്നിരിക്കും. അങ്ങനെ സംഭവിച്ചാല്‍ ഭയവും നാണവും മൂലം ഉള്‍വലിയാതെ സ്വയം പ്രതിരോധിക്കാനും നഷ്ടത്തില്‍ നിന്നും അപമാന ഭയത്തില്‍ നിന്നും കരകയറാനും സമൂഹത്തെ പ്രാപ്തമാക്കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്.