Home തിരഞ്ഞെടുത്ത വാർത്തകൾ ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ഇസ്രയേലില്‍ ചൊവ്വാഴ്ച നടന്ന പൊതുതിരഞ്ഞെടുപ്പില്‍ രാത്രി പത്തോടെ 77.7 ശതമാനം പോളിങ് രേഖപ്പെടുത്തിയെങ്കിലും ഒരു പക്ഷത്തിനും വ്യക്തമായ ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍.കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയുടെ ഔദ്യോഗിക കണക്കുപ്രകാരം 2022ലെ തിരഞ്ഞെടുപ്പില്‍ ഇതേ സമയത്ത് 70.6 ശതമാനമായിരുന്നു പോളിങ്. 1999നുശേഷം ഈ സമയത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വോട്ടർ പങ്കാളിത്തമാണിത്. ചാനല്‍ പതിനൊന്ന്, പന്ത്രണ്ട്, പതിമൂന്ന് എന്നിവ ചൊവ്വാഴ്ച രാത്രി പുറത്തുവിട്ട എക്സിറ്റ് പോളുകളില്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സഖ്യത്തിനും എതിർചേരിക്കും നെസറ്റില്‍ ഭൂരിപക്ഷത്തിന് ആവശ്യമായ 61 സീറ്റുകള്‍ ലഭിക്കില്ലെന്നാണ് സൂചന. ജറുസലേം പോസ്റ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സുരക്ഷാവീഴ്ചകളുടെ ഉത്തരവാദിത്വം, രാജ്യത്തിന്റെ നേതൃത്വം, ജനാധിപത്യ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം എന്നിവയില്‍ കടുത്ത ഭിന്നതകള്‍ നിലനില്‍ക്കുന്നതിനിടെയാണ് തിരഞ്ഞെടുപ്പ് നടന്നത്.

സർക്കാർ രൂപീകരണത്തില്‍ അറബ് പാർട്ടികള്‍ നിർണായകംയഷാർ, ബിയാഖദ്, ഇസ്രയേല്‍ ബെയ്‌തേനു, ഡെമോക്രാറ്റ്സ് എന്നിവ ഉള്‍പ്പെടുന്ന പ്രതിപക്ഷ ചേരിക്ക് 50 മുതല്‍ 53 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. നെതന്യാഹുവിന്റെ സഖ്യത്തിന് ഏകദേശം 50 സീറ്റുകള്‍ ലഭിച്ചേക്കും. അതിനാല്‍ ഇരുപക്ഷത്തിനും നേരിട്ട് ഭരണസഖ്യം രൂപീകരിക്കാനുള്ള സാഹചര്യമില്ല. ജോയിന്റ് ലിസ്റ്റും റഅമും ചേർന്ന് 17 മുതല്‍ 18 വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. ഇതോടെ സഖ്യചർച്ചകളില്‍ അറബ് പാർട്ടികള്‍ നിർണായകമാകും. എന്നാല്‍ ഡെമോക്രാറ്റ്സ് നേതാവ് യായിർ ഗോലൻ ഒഴികെയുള്ള മിക്ക പ്രതിപക്ഷ നേതാക്കളും അറബ് പാർട്ടികളുമായുള്ള സഖ്യസാധ്യത തള്ളിയിട്ടുണ്ട്.

നെതന്യാഹുവിന്റെ ലിക്കുഡ് 24 മുതല്‍ 25 വരെ സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തുടരുമെന്നാണ് പ്രവചനം. ഗാദി ഐസൻകോട്ടിന്റെ യഷാർ പാർട്ടിക്ക് 21 മുതല്‍ 23 വരെ സീറ്റുകള്‍ ലഭിച്ചേക്കും. ഇരുപക്ഷത്തിനും 61 സീറ്റ് എളുപ്പത്തില്‍ നേടാനാകില്ലെന്ന് തിരഞ്ഞെടുപ്പിന് മുമ്പുള്ള സർവേകളും സൂചിപ്പിച്ചിരുന്നു. ഓഫർ വിന്ററിന്റെ പീപ്പിള്‍ ഓഫ് ഇസ്രയേല്‍, യോവാസ് ഹെൻഡലിന്റെ റിസർവിസ്റ്റ്സ് ഇക്കണോമിക് പാർട്ടി എന്നീ ചെറു വലതുപക്ഷ കക്ഷികള്‍ പാർലമെന്റില്‍ പ്രവേശിക്കാൻ ആവശ്യമായ 3.25 ശതമാനം വോട്ട് നേടില്ലെന്നും പ്രവചനമുണ്ട്. ഇത് നെതന്യാഹു സഖ്യത്തിന്റെ ഭൂരിപക്ഷശ്രമങ്ങള്‍ കൂടുതല്‍ സങ്കീർണമാക്കുന്നതായി ജറുസലേം പോസ്റ്റ് ചൂണ്ടിക്കാട്ടി.രാവിലെമുതല്‍ നീണ്ട നിരകള്‍; ഓരോ ഘട്ടത്തിലും ഉയർന്ന പോളിങ്ദിവസം മുഴുവൻ ലക്ഷക്കണക്കിന് ആളുകള്‍ വോട്ടുചെയ്യാനെത്തിയതോടെ പോളിങ് കേന്ദ്രങ്ങളില്‍ നീണ്ട നിരകള്‍ രൂപപ്പെട്ടു.

ഉച്ചയ്ക്ക് പന്ത്രണ്ടോടെ 31.5 ശതമാനവും വൈകിട്ട് നാലോടെ 55.7 ശതമാനവും പോളിങ് രേഖപ്പെടുത്തി. മുൻ തിരഞ്ഞെടുപ്പുകളിലെ കണക്കുകളെക്കാള്‍ ഉയർന്ന പങ്കാളിത്തമായിരുന്നു ഇത്. വൈകിട്ട് ആറോടെ പോളിങ് 66.7 ശതമാനത്തിലെത്തി. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ ഇതേ സമയത്തെ 57.7 ശതമാനത്തേക്കാള്‍ ഒമ്പത് ശതമാന പോയിന്റ് കൂടുതലാണിത്. രാജ്യത്ത് ആ സമയത്ത് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പങ്കാളിത്തമാണിതെന്ന് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോർട്ട് ചെയ്തു. രാത്രി എട്ടോടെ പോളിങ് 74.3 ശതമാനമായി. 2022ലെ തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയ 70.63 ശതമാനവുമായി താരതമ്യം ചെയ്താണ് ഈ വർധന വാർത്തയില്‍ ചൂണ്ടിക്കാട്ടുന്നത്.

നിശ്ചിത സമയങ്ങളിലെ വോട്ടർ പങ്കാളിത്തം 1973 മുതല്‍ രേഖപ്പെടുത്തുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയുടെ കണക്കുകള്‍ പരാമർശിച്ച്‌, മൊത്തത്തിലുള്ള പങ്കാളിത്തം അരനൂറ്റാണ്ടിലേറെയായുള്ള ഏറ്റവും ഉയർന്ന നിലയിലെത്തിയെന്നും റിപ്പോർട്ട് പറയുന്നു.അവസാന മണിക്കൂറുകളില്‍ വോട്ടഭ്യർഥനയുമായി നെതന്യാഹുപോളിങ് അവസാനിക്കാനിരിക്കെ ശേഷിക്കുന്ന വോട്ടർമാരെ കേന്ദ്രങ്ങളിലെത്തിക്കാൻ വിവിധ രാഷ്ട്രീയ നേതാക്കള്‍ അവസാനവട്ട അഭ്യർഥനകള്‍ നടത്തി. ലിക്കുഡ് അനുയായികള്‍ ഉടൻ വോട്ടുചെയ്യാൻ പോകണമെന്ന് നെതന്യാഹു അടിയന്തര വീഡിയോ സന്ദേശത്തില്‍ ആവശ്യപ്പെട്ടു.

അറബ് പാർട്ടികളുടെയും രാഷ്ട്രീയ എതിരാളികളുടെയും വോട്ടർമാർ വലിയ തോതില്‍ എത്തുന്നത് ഇടതുപക്ഷ സർക്കാരിനെ അധികാരത്തിലെത്തിച്ചേക്കാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നിർണായക വഴിത്തിരിവാണ് ഈ തിരഞ്ഞെടുപ്പെന്ന് വിശേഷിപ്പിച്ച നെതന്യാഹു, കുടുംബാംഗങ്ങളെയും അയല്‍ക്കാരെയും വോട്ടുചെയ്യാൻ കൊണ്ടുവരണമെന്നും അനുയായികളോട് പറഞ്ഞു. മറ്റു വലതുപക്ഷ കക്ഷികള്‍ക്കോ ചെറു വിഭാഗങ്ങള്‍ക്കോ വോട്ട് നല്‍കരുതെന്നും ആവശ്യപ്പെട്ടു. പുറത്തുവന്ന് വോട്ടുചെയ്താല്‍ മാത്രമേ ജയിക്കാനാകൂവെന്നും വിജയം സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. ലിക്കുഡിന്റെ ബാലറ്റ് അക്ഷരങ്ങളായ ‘മഹാല്‍’ തിരഞ്ഞെടുത്ത് വോട്ടുചെയ്യാനായിരുന്നു ആഹ്വാനം.നുണയും ഭീഷണിയുമെന്ന് ഐസൻകോട്ടിന്റെ മറുപടിവോട്ടർമാരെ എത്തിക്കാൻ നെതന്യാഹു തന്ത്രങ്ങളും നുണകളും ഭീഷണിയും ഉപയോഗിക്കുന്നുവെന്ന് പ്രധാന എതിരാളിയും യഷാർ പാർട്ടി അധ്യക്ഷനുമായ ഗാദി ഐസൻകോട്ട് ആരോപിച്ചു.

പ്രധാനമന്ത്രിയുടെ പ്രചാരണരീതികള്‍ ഭരണമാറ്റത്തിന്റെ സാധ്യത അപകടത്തിലാക്കുന്നതായി സമൂഹമാധ്യമക്കുറിപ്പില്‍ അദ്ദേഹം പറഞ്ഞു. രാത്രി പത്തിന് വോട്ടെടുപ്പ് അവസാനിക്കുന്നതുവരെ സജീവമായി തുടരണമെന്നും അനുയായികളോട് ആവശ്യപ്പെട്ടു. 2023 ഒക്ടോബർ ഏഴിന് ഹമാസിന്റെ നേതൃത്വത്തില്‍ നടന്ന കൂട്ടക്കൊലയ്ക്കുശേഷമുള്ള ആദ്യ പൊതുതിരഞ്ഞെടുപ്പാണിത്. പത്തൊമ്പതുവർഷമായി അധികാരത്തിന്റെ കേന്ദ്രത്തില്‍ തുടരുന്ന നെതന്യാഹുവിന് മുൻ ഇസ്രയേല്‍ സൈനികമേധാവിയായ ഐസൻകോട്ടും യഷാർ പാർട്ടിയും ശക്തമായ വെല്ലുവിളിയാണ് ഉയർത്തിയത്. വോട്ടെടുപ്പിന് മുമ്പുള്ള വിവിധ അഭിപ്രായ സർവേകളില്‍ യഷാർ പാർട്ടി മുന്നിലായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group