Home തിരഞ്ഞെടുത്ത വാർത്തകൾ ബംഗാളില്‍ നിന്ന് ഒഡീഷ വഴി ബെംഗളൂരു വരെ; ഒടുവില്‍ അങ്കമാലിയില്‍ വെച്ച്‌ എട്ടുകിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

ബംഗാളില്‍ നിന്ന് ഒഡീഷ വഴി ബെംഗളൂരു വരെ; ഒടുവില്‍ അങ്കമാലിയില്‍ വെച്ച്‌ എട്ടുകിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വിതരണം ചെയ്യാനായി കടത്തിക്കൊണ്ടുവന്ന എട്ടുകിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാള്‍ മുർഷിദാബാദ് സ്വദേശി അങ്കമാലിയില്‍ പിടിയിലായി.31 വയസ്സുള്ള ജോയ്‌നല്‍ അബേദിനെയാണ് റൂറല്‍ ജില്ലാ ഡാൻസാഫ് ടീമും അങ്കമാലി പോലീസും ചേർന്ന് പിടികൂടിയത്. ഒഡിഷയില്‍ നിന്ന് വാങ്ങിയ കഞ്ചാവ് ബെംഗളൂരുവില്‍ എത്തിച്ച ശേഷം അവിടെനിന്ന് ടൂറിസ്റ്റ് ബസ് മാർഗ്ഗമാണ് ഇയാള്‍ അങ്കമാലിയില്‍ എത്തിയത്. ലഹരിവിരുദ്ധ നടപടികളുടെ ഭാഗമായി നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാന്റെ’ പരിശോധനയില്‍ അങ്കമാലിയില്‍ ഇറങ്ങിയ ഉടൻ തന്നെ പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

റൂറല്‍ ജില്ലയില്‍ ‘ഓപ്പറേഷൻ തൂഫാൻ’ ലഹരിക്കെതിരെയുള്ള നടപടികള്‍ ശക്തമായി തുടരുകയാണ്. ഇതിന്റെ ഭാഗമായി ഇതുവരെ 240 കിലോഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. ഇതില്‍ 17 കിലോഗ്രാം ഹൈബ്രിഡ് വിഭാഗത്തില്‍പ്പെട്ട തീവ്രതയേറിയ കഞ്ചാവാണ്. കൂടാതെ 120 ഗ്രാം എം.ഡി.എം.എ, അരക്കിലോ ഹെറോയിൻ, 850 ഗ്രാം ഹാഷിഷ് ഓയില്‍, 26 ഗ്രാം ഓപ്പിയം, 51 ഗ്രാം കെറ്റാമിൻ, 5 കഞ്ചാവ് ചെടികള്‍, 300-ഓളം കഞ്ചാവ് ബീഡികള്‍ എന്നിവയും പരിശോധനകളില്‍ പിടിച്ചെടുത്തിട്ടുണ്ട്.

ലഹരിക്കെതിരെയുള്ള ഈ വ്യാപക ഡ്രൈവില്‍ ഇതുവരെ 810 കേസുകള്‍ രജിസ്റ്റർ ചെയ്യുകയും 921 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതിനുപുറമേ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കൈവശം വച്ചതിനും വില്‍പ്പന നടത്തിയതിനും 445 കേസുകളിലായി 450 പേരെ അറസ്റ്റ് ചെയ്തു. ലഹരി ഉപയോഗത്തിനെതിരെ പൊതുജനങ്ങളില്‍ അവബോധം വളർത്തുന്നതിനായി 770-ഓളം ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിച്ചു. ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് റൂറല്‍ ജില്ലയില്‍ ഓപ്പറേഷൻ തൂഫാൻ മുന്നേറുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group