Home കർണാടക കര്‍ണാടക എസ്‌ഐആര്‍: വോട്ടര്‍പട്ടികയില്‍നിന്ന് പേര് നീക്കാനുള്ള അപേക്ഷകളില്‍ ഒരു മാസത്തിനിടെ വൻ വര്‍ധന

കര്‍ണാടക എസ്‌ഐആര്‍: വോട്ടര്‍പട്ടികയില്‍നിന്ന് പേര് നീക്കാനുള്ള അപേക്ഷകളില്‍ ഒരു മാസത്തിനിടെ വൻ വര്‍ധന

ബെംഗളൂരു: കർണാടകയില്‍ വോട്ടർപട്ടിക പ്രത്യേക തീവ്ര പുനഃപരിശോധന നടപടികള്‍ പുരോഗമിക്കുന്നതിനിടെ, വോട്ടർമാരെ പട്ടികയില്‍നിന്ന് ഒഴിവാക്കാനും ഉള്‍പ്പെടുത്തുന്നതിനെതിരെ ആക്ഷേപം ഉന്നയിക്കാനുമുള്ള ‘ഫോം 7’ അപേക്ഷകളില്‍ വൻ വർധനവ്.ജൂണ്‍ 16 മുതല്‍ ഒക്ടോബർ 22 വരെയുള്ള കാലയളവില്‍ സംസ്ഥാനത്ത് ആകെ 2,28,917 ഫോം 7 അപേക്ഷകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.സെപ്റ്റംബർ 23 വരെ ലഭിച്ച ഫോം 7 അപേക്ഷകളുടെ എണ്ണം 58,475 മാത്രമായിരുന്നു. എന്നാല്‍ തുടർന്നുള്ള ഒരു മാസത്തിനിടെ 1,70,442 അപേക്ഷകളാണ് പുതുതായി സമർപ്പിക്കപ്പെട്ടത്. സെപ്റ്റംബർ 23 വരെ ലഭിച്ച എല്ലാ അപേക്ഷകളിലും മുൻഗണനാടിസ്ഥാനത്തില്‍ നടപടികള്‍ പൂർത്തിയാക്കിയതായി കർണാടക ചീഫ് ഇലക്ടറല്‍ ഓഫീസറുടെ (സിഇഒ) കാര്യാലയം പ്രസ്താവനയില്‍ അറിയിച്ചു.

വോട്ടർപട്ടികയുടെ അന്തിമരൂപം ഒക്ടോബർ 27-ന് പ്രസിദ്ധീകരിക്കും.രാഷ്ട്രീയ വിവാദവും ക്രമക്കേട് ആരോപണങ്ങളുംഫോം 7 അപേക്ഷകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന ആരോപണം സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. പ്രതിപക്ഷമായ ബിജെപി കൂട്ടത്തോടെ ഇത്തരം അപേക്ഷകള്‍ സമർപ്പിച്ച്‌ കൃത്രിമം കാണിക്കുന്നു എന്നാണ് ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ ആരോപണം. വിഷയത്തില്‍ ഈ മാസം ആദ്യം മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സിഇഒ ഓഫീസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിനെത്തുടർന്ന് ഇലക്ടറല്‍ രജിസ്‌ട്രേഷൻ ഓഫീസർമാർ (ഇആർഒ) വഴി അന്വേഷണം നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നല്‍കി. എന്നാല്‍, കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ ബിജെപി തള്ളി.വ്യാപകമായി ഫോം 7 സമർപ്പിക്കപ്പെട്ട സംഭവങ്ങളില്‍ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി പത്തിലധികം എഫ്‌ഐആറുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബിജാപ്പൂരിലാണ് ഇത്തരം കൂട്ട അപേക്ഷകളുടെ ആദ്യ വിവരങ്ങള്‍ പുറത്തുവന്നത്. ഇവിടെ മാത്രം 4,666 അപേക്ഷകളാണ് ലഭിച്ചത്.കൂടുതല്‍ ആക്ഷേപങ്ങള്‍ ബെംഗളൂരുവില്‍നിന്ന്തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ ഫോം 7 അപേക്ഷകള്‍ ലഭിച്ചത് ബെംഗളൂരു അർബൻ ജില്ലയില്‍ നിന്നാണ്-24,268 അപേക്ഷകള്‍. ബിബിഎംപി സൗത്തില്‍ നിന്ന് 19,662 ഉം ബിബിഎംപി നോർത്തില്‍ നിന്ന് 18,659 ഉം അപേക്ഷകള്‍ ലഭിച്ചു. ദക്ഷിണ കന്നഡ ജില്ലയില്‍ നിന്ന് 10,496 ആക്ഷേപങ്ങളാണ് സമർപ്പിക്കപ്പെട്ടത്.ഇതിനുപുറമെ, വോട്ടർപട്ടികയില്‍ പേര് ചേർക്കുന്നതിനായുള്ള ഫോം 6 വഴി 10.42 ലക്ഷം അപേക്ഷകളും, മേല്‍വിലാസം തിരുത്തല്‍ അടക്കമുള്ള മാറ്റങ്ങള്‍ക്കായുള്ള ഫോം 8 വഴി 13.10 ലക്ഷം അപേക്ഷകളും തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചിട്ടുണ്ട്.

വോട്ടർമാരുടെ എണ്ണത്തില്‍ വലിയ കുറവ്ആഗസ്റ്റില്‍ വിവരശേഖരണ ഘട്ടം പൂർത്തിയായതുമുതല്‍ എസ്‌ഐആർ പ്രക്രിയ കർണാടകയില്‍ വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകള്‍ക്ക് കാരണമായിട്ടുണ്ട്. വിവരശേഖരണ വേളയില്‍ 1.08 കോടിയിലധികം പേരാണ് കരട് പട്ടികയില്‍നിന്ന് പുറത്തായത്. ഇതോടെ സംസ്ഥാനത്തെ ആകെ വോട്ടർമാരുടെ എണ്ണം 5.54 കോടിയില്‍ നിന്ന് 4.46 കോടിയായി കുറഞ്ഞിരുന്നു.കരട് പട്ടികയിലെ പരിശോധനാ വേളയില്‍ നോട്ടീസ് ലഭിച്ച 43.82 ലക്ഷം വോട്ടർമാരുടെ ഹിയറിങ് നടപടികള്‍ പൂർത്തിയായതായി സിഇഒ ഓഫീസ് അറിയിച്ചു. ഇതില്‍ 10 മുതല്‍ 13 ശതമാനം വരെ ആളുകള്‍ അന്തിമ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് വിവരം. ഇതോടെ, പുനഃപരിശോധനാ നടപടികള്‍ക്ക് മുൻപുണ്ടായിരുന്ന പട്ടികയിലെ ഏകദേശം 1.2 കോടിയോളം വോട്ടർമാർ അന്തിമ പട്ടികയില്‍നിന്ന് പുറത്താകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group