ബെംഗളൂരു: കേരള മുഖ്യമന്ത്രി വിഡി സതീശനേയും തന്നെയും കുടുക്കാന്‍ ഒളിക്യാമറ ഓപറേഷന് ശ്രമം നടന്നുവെന്ന ആരോപണവുമായി കര്‍ണാടക മുഖ്യമന്ത്രി ഡികെ ശിവകുമാര്‍.മെറ്റ സ്മാര്‍ട്ട് ഗ്ലാസ് ഉപയോഗിച്ചായിരുന്നു സ്റ്റിംഗ് ഓപറേഷനുളള ശ്രമം എന്നും കന്നട ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഡികെ ശിവകുമാര്‍ ആരോപിച്ചു.തന്നെ കാണാനായി എത്തിയ ഒരു വ്യവസായിയാണ് മെറ്റ ഗ്ലാസ് ധരിച്ച് സ്റ്റിംഗ് ഓപ്പറേഷന് ശ്രമിച്ചത് എന്നും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെ മാത്രമാണ് ഇത് നടന്നിട്ടുളളത് എന്നും ശിവകുമാര്‍ പറയുന്നു. ഇയാള്‍ ധരിച്ചിരിക്കുന്ന മെറ്റ ഗ്ലാസ് കണ്ടപ്പോഴാണ് സംശയം തോന്നിയത്.
അതുകൊണ്ട് ഇയാളുടെ പ്രവര്‍ത്തികളും മറ്റ് രാഷ്ട്രീയ നേതാക്കളുമായുളള കൂടിക്കാഴ്ചകളെ കുറിച്ചുളള വിവരങ്ങളും അന്വേഷിച്ചപ്പോഴാണ് ഒളിക്യാമറ ഓപറേഷനാണ് ശ്രമം നടന്നതെന്ന് മനസ്സിലായത് എന്നും ഡികെ ശിവകുമാര്‍ പറഞ്ഞു.മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ബന്ധപ്പെട്ട വ്യാജ സ്റ്റിംഗ് വീഡിയോ സംസ്ഥാന രാഷ്ട്രീയത്തിലും കോണ്‍ഗ്രസിനുളളിലും വന്‍ കോളിളക്കങ്ങള്‍ സൃഷ്ടിച്ചതിനിടെയാണ് ഡികെ ശിവകുമാറിന്റെ ആരോപണം പുറത്ത് വന്നിരിക്കുന്നത്. സിദ്ധരാമയ്യ സ്വമേധയാ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞത് അല്ലെന്നും സ്റ്റിംഗ് വീഡിയോകള്‍ കാണിച്ച് ഭയപ്പെടുത്തി രാജി വെപ്പിച്ചതാണെന്നും പിന്നില്‍ ഡികെ ശിവകുമാര്‍ ആണെന്നും എച്ച് ഡി കുമാരസ്വാമി ആരോപിച്ചിരുന്നു.
എന്നാല്‍ ഈ ആരോപണം ഡികെ ശിവകുമാര്‍ നിഷേധിച്ചിരുന്നു. അതേസമയം സ്റ്റിംഗ് ഓപറേഷന്‍ വിവാദത്തില്‍ ആദ്യമായി സിദ്ധരാമയ്യയും പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ്. മംഗളൂരുവിലുളള കോണ്‍ഗ്രസ് നേതാവ് കൃപ അല്‍വയും പവര്‍ ടിവിയിലെ രാകേഷ് ഷെട്ടിയും ആണ് സ്റ്റിംഗ് ഓപറേഷന്‍ വിവാദത്തിന് പിന്നിലെന്ന് സിദ്ധരാമയ്യ ആരോപിക്കുന്നു.താനാണ് ചെയ്തത് എന്ന് ഷെട്ടി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ആരോപണത്തില്‍ യാതൊരു സത്യവും ഇല്ല. എന്നെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ വേണ്ടിയാണ് ഇത് ചെയ്തത്, സിദ്ധരാമയ്യ പറഞ്ഞു. പിന്നില്‍ രാഷ്ട്രീയ കാരണങ്ങളുണ്ടോ എന്നുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, സ്വന്തം പാര്‍ട്ടിയില്‍ നിന്നാണോ അതോ പുറത്ത് നിന്നാണോ എന്നതൊക്കെ അന്വേഷണത്തിലൂടെ പുറത്ത് വരട്ടെ എന്നാണ് സിദ്ധരാമയ്യ പ്രതികരിച്ചത്.