Home കർണാടക ബെംഗളൂരു നിവാസികളുടെ കീശ കീറും; അടുത്ത 3 മാസത്തേക്ക് വൈദ്യുതി ബില്ല് കുത്തനെ ഉയരാൻ സാധ്യത

ബെംഗളൂരു നിവാസികളുടെ കീശ കീറും; അടുത്ത 3 മാസത്തേക്ക് വൈദ്യുതി ബില്ല് കുത്തനെ ഉയരാൻ സാധ്യത

ബെംഗളൂരു: സെപ്റ്റംബറില്‍ വൈദ്യുതി ആവശ്യകത കുത്തനെ ഉയർന്നതിനെ തുടർന്ന് വിപണിയില്‍നിന്ന് ഉയർന്ന നിരക്കില്‍ വൈദ്യുതി വാങ്ങിയതിന്റെ അധിക ചെലവ് ഉപഭോക്താക്കളില്‍നിന്ന് ഈടാക്കാൻ തീരുമാനിച്ച്‌ ഊർജ വകുപ്പ്.ഇതോടെ അടുത്ത മൂന്ന് മാസത്തേക്ക് ഉപഭോക്താക്കളുടെ വൈദ്യുതി ബില്ലില്‍ അധിക തുക നല്‍കേണ്ടിവരും.സെപ്റ്റംബർ മുതല്‍ നവംബർ വരെയുള്ള കാലയളവില്‍ ഇന്ധന വാങ്ങല്‍ വില ക്രമീകരണ ചാർജ് യൂണിറ്റിന് ഏകദേശം 0.5 പൈസയായിരിക്കുമെന്ന് ബെംഗളൂരു വൈദ്യുതി വിതരണ കമ്പനി എംഡി എൻ ശിവശങ്കര അറിയിച്ചു. വൈദ്യുതി ബില്ലില്‍ പ്രത്യേക കോളത്തിലാണ് ഈ നിരക്ക് രേഖപ്പെടുത്തുക. സാധാരണയായി യൂണിറ്റിന് ആറ് മുതല്‍ 6.15 രൂപ വരെയാണ് വൈദ്യുതി വാങ്ങുന്നതിനുള്ള ചെലവ്.എന്നാല്‍ സെപ്റ്റംബറില്‍ രാജ്യവ്യാപകമായി വൈദ്യുതി ആവശ്യകത വർധിച്ചതോടെ വിപണിയില്‍നിന്ന് യൂണിറ്റിന് പത്ത് രൂപ നിരക്കില്‍ വൈദ്യുതി വാങ്ങേണ്ടിവന്നതായി ശിവശങ്കര വിശദീകരിച്ചു.

ഇതുമൂലമുണ്ടായ അധിക ചെലവാണ് ഘട്ടംഘട്ടമായി ഉപഭോക്താക്കളില്‍നിന്ന് ഈടാക്കുന്നത്. അതേസമയം, വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നിയന്ത്രിക്കുന്നതിനായി ഉപഭോഗം വ്യത്യസ്‌ത സമയങ്ങളിലേക്ക് ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുജനങ്ങള്‍ക്ക് നിർദേശം നല്‍കാൻ ഊർജ വകുപ്പ് ആലോചിക്കുന്നുണ്ട്.രാവിലെയും വൈകുന്നേരവും വൈദ്യുതി ഉപയോഗം ഏറ്റവും ഉയർന്ന നിലയിലെത്തുന്ന സമയങ്ങളില്‍ ആവശ്യകത നിയന്ത്രിക്കുന്നത് വെല്ലുവിളിയായിരിക്കുകയാണെന്ന് വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. വാഷിങ് മെഷീനുകള്‍, എയർ കണ്ടീഷണറുകള്‍ തുടങ്ങിയ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ തിരക്കേറിയ സമയങ്ങള്‍ ഒഴിവാക്കി പ്രവർത്തിപ്പിക്കണമെന്ന് നിർദേശിക്കുന്ന അറിയിപ്പ് പുറത്തിറക്കും. ഇതിലൂടെ ദിവസം മുഴുവൻ വൈദ്യുതി ഉപയോഗം കൂടുതല്‍ തുല്യമായി വിതരണം ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുന്നതുവരെ വേനല്‍ക്കാല വിളകളും കൂടുതല്‍ വെള്ളം ആവശ്യമായ വിളകളും കൃഷി ചെയ്യുന്നത് ഒഴിവാക്കാൻ കർഷകരോട് ആവശ്യപ്പെടുന്നതുമായി ബന്ധപ്പെട്ട് കൃഷിവകുപ്പുമായും ചർച്ചകള്‍ നടക്കുന്നുണ്ട്.

വൈദ്യുതി ആവശ്യകത നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.2026-27 സാമ്പത്തിക വർഷത്തിലെ ഏറ്റവും ഉയർന്ന വൈദ്യുതി ആവശ്യകത സെപ്റ്റംബർ 11നാണ് രേഖപ്പെടുത്തിയത്. അന്ന് 20 ഗിഗാവാട്ട് അഥവാ 20,000 മെഗാവാട്ടായിരുന്നു ആവശ്യകത. കഴിഞ്ഞ വർഷം വേനല്‍ക്കാലത്ത് ഇത് 18,650 മെഗാവാട്ടായിരുന്നു. 20,000 മെഗാവാട്ട് വൈദ്യുതി ആവശ്യകതയും അതിനുപുറമെ 2,000 മെഗാവാട്ടിന്റെ അധിക ഭാരവും കൈകാര്യം ചെയ്യാൻ നിലവിലെ സംവിധാനത്തിന് കഴിയുമെന്ന് ശിവശങ്കര പറഞ്ഞു.എന്നാല്‍ ഇതിലും കൂടുതല്‍ ആവശ്യകത ഉണ്ടായാല്‍ നിയന്ത്രണം പ്രയാസകരമാകുമെന്നും ലഭ്യമായ വൈദ്യുതിയുടെ അളവിനെ ആശ്രയിച്ചായിരിക്കും തുടർനടപടികളെന്നും അദ്ദേഹം വ്യക്തമാക്കി. ഒക്ടോബറിലും വൈദ്യുതി ഉപഭോഗം ഉയർന്ന നിലയിലാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിദിന ഉപഭോഗം 340 ദശലക്ഷം യൂണിറ്റിനും 360 ദശലക്ഷം യൂണിറ്റിനും ഇടയിലായിരുന്നു.

അതിനിടെ, സംസ്ഥാനത്തെ 1.65 കോടി ഗുണഭോക്താക്കളില്‍ ഏകദേശം 1.3 ലക്ഷം പേർ ഗൃഹജ്യോതി ഉറപ്പുപദ്ധതിയില്‍നിന്ന് പിന്മാറിയതായി ഊർജ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് സർക്കാർ നടപ്പാക്കിയ അഞ്ച് ഗ്യാരന്റി പദ്ധതികളില്‍ ഒന്നാണ് ഗൃഹജ്യോതി. പദ്ധതിയുമായി ബന്ധപ്പെട്ട പരിശോധന ഒക്ടോബർ 31നകം പൂർത്തിയാക്കുമെന്ന് സർക്കാർ വൃത്തങ്ങള്‍ അറിയിച്ചു.ഇതുവരെ രജിസ്ട്രേഷൻ പൂർത്തിയാക്കാത്തവരെയും പദ്ധതിയില്‍നിന്ന് പിന്മാറിയവരെയും പുതിയ ഉപഭോക്താക്കള്‍ക്കുള്ള രജിസ്ട്രേഷൻ ആരംഭിക്കുമ്പോള്‍ പരിഗണിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.കർണാടകയിലെ വോട്ടർമാർക്ക് മാത്രമേ പദ്ധതിയുടെ ആനുകൂല്യത്തിന് അർഹതയുള്ളൂവെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. യോഗ്യരായ ഉപഭോതാക്കള്‍ക്ക് 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ലഭിക്കുന്ന പദ്ധതിയാണിത്.

You may also like

error: Content is protected !!
Join Our WhatsApp Group