Home കർണാടക യാത്രക്കാർക്ക് ആശ്വാസം; ദുർഗന്ധവും മാലിന്യക്കൂമ്പാരവും ഒഴിഞ്ഞു, ബെംഗളൂരുവിലെ വിൻഡ് ടണൽ റോഡിന് പുതിയ മുഖം

യാത്രക്കാർക്ക് ആശ്വാസം; ദുർഗന്ധവും മാലിന്യക്കൂമ്പാരവും ഒഴിഞ്ഞു, ബെംഗളൂരുവിലെ വിൻഡ് ടണൽ റോഡിന് പുതിയ മുഖം

ബെംഗളൂരു: വർഷങ്ങളായി യാത്രക്കാർക്ക് ദുരിതമായിരുന്ന ബെംഗളൂരുവിലെ വിൻഡ് ടണൽ റോഡിലെ മാലിന്യക്കൂമ്പാരം നീക്കം ചെയ്തു. പഴയ വിമാനത്താവളത്തിന് സമീപമുള്ള റോഡിൽ ദുർഗന്ധവും യാത്രാതടസ്സവും സൃഷ്ടിച്ചിരുന്ന മാലിന്യങ്ങളാണ് ഒടുവിൽ നീക്കിയത്. ബെല്ലന്തൂർ ഉൾപ്പെടെയുള്ള സമീപ പ്രദേശങ്ങളിലേക്ക് ദിവസേന യാത്ര ചെയ്യുന്ന ആയിരക്കണക്കിന് ആളുകൾക്ക് ഈ നടപടി വലിയ ആശ്വാസമായി.പൗരസമൂഹത്തിന്റെ കൂട്ടായ്മയും ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയും (ജി.ബി.എ) സംയുക്തമായാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. മാലിന്യങ്ങൾ നീക്കം ചെയ്തതിനൊപ്പം തകർന്ന നടപ്പാതകളും നവീകരിച്ചു. റോഡിന്റെ വശങ്ങളിലെ ഭിത്തികളിൽ ഇന്ത്യൻ ദേശീയ പതാകയുടെ നിറങ്ങളും എച്ച്.എ.എല്ലിന്റെ തേജസ് യുദ്ധവിമാനത്തിന്റെ ചിത്രങ്ങളും വരച്ച് പ്രദേശത്തിന് മനോഹരമായ രൂപം നൽകി.

തെരുവുവിളക്കുകൾ സ്ഥാപിക്കുകയും വീണ്ടും മാലിന്യം തള്ളുന്നത് തടയാൻ ഔദ്യോഗിക മാർഷലുകളെ നിയോഗിക്കുകയും ചെയ്തു.ബെംഗളൂരു സെൻട്രൽ സിറ്റി കോർപ്പറേഷന്റെയും ബെംഗളൂരു ഈസ്റ്റ് സിറ്റി കോർപ്പറേഷന്റെയും അതിർത്തിയിലുള്ള ഈ പ്രദേശം വർഷങ്ങളായി അവഗണനയിലായിരുന്നു. സമൂഹമാധ്യമമായ എക്സിലൂടെ യാത്രക്കാർ പ്രശ്നം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് ഇടപെടലിന് വഴിയൊരുങ്ങിയത്. തുടർന്ന് അരുൺ പൈ, വൈഭവ് സൂര്യവംശി എന്നിവരുടെ നേതൃത്വത്തിലുള്ള ‘ദി അഗ്ലി ഇന്ത്യൻ’ പ്രവർത്തകർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ജെ.സി.ബി ഉൾപ്പെടെയുള്ള സഹായങ്ങൾ ജി.ബി.എ ലഭ്യമാക്കി.

കോർപ്പറേഷന് ആവശ്യമായ സൗകര്യങ്ങൾ ഇല്ലാതിരുന്ന സാഹചര്യത്തിലാണ് ഇടപെടൽ നടത്തിയതെന്നും ശുചീകരണത്തിനൊപ്പം സൗന്ദര്യവൽക്കരണവും തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കിയെന്നും അരുൺ പൈ പറഞ്ഞു. വെളിച്ചം ഉറപ്പാക്കാൻ എച്ച്.എ.എല്ലിന്റെ സഹായവും ലഭിച്ചു.നഗരത്തിലെ മാലിന്യപ്രശ്നം ഏറെ ദുഃഖിപ്പിച്ചിരുന്നുവെന്നും ബന്ധപ്പെട്ട ജി.ബി.എ ഉദ്യോഗസ്ഥരുമായി ചേർന്ന് പ്രശ്നത്തിന് പരിഹാരം കാണാനായതിൽ സന്തോഷമുണ്ടെന്നും വൈഭവ് സൂര്യവംശി വ്യക്തമാക്കി.പൊതുസ്ഥലങ്ങൾ സംരക്ഷിക്കുന്നതിൽ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാൻ കൂടുതൽ സന്നദ്ധ സംഘടനകളെയും പൊതുപ്രവർത്തകരെയും ഒപ്പം ചേർക്കുന്നുണ്ടെന്ന് സെൻട്രൽ സിറ്റി കോർപ്പറേഷൻ കമ്മീഷണർ ജി. ജഗദീഷ് പറഞ്ഞു. ശുചീകരണത്തിന് ശേഷം പ്രദേശത്ത് വീണ്ടും മാലിന്യം തള്ളിയതായി റിപ്പോർട്ടുകളില്ലെന്നും റോഡ് വൃത്തിയായി നിലനിർത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ പത്ത് ദിവസം കൂടി കർശന നിരീക്ഷണം തുടരുമെന്നും അദ്ദേഹം അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group