Home കർണാടക ഒരു ലക്ഷം രൂപയില്‍ താഴെ ശമ്പളമെങ്കില്‍ ബെംഗളൂരുവിലേക്ക് വരേണ്ട; യുവതിയുടെ വാക്കുകള്‍ ചര്‍ച്ചയാകുന്നു

ഒരു ലക്ഷം രൂപയില്‍ താഴെ ശമ്പളമെങ്കില്‍ ബെംഗളൂരുവിലേക്ക് വരേണ്ട; യുവതിയുടെ വാക്കുകള്‍ ചര്‍ച്ചയാകുന്നു

ബെംഗളൂരുവിലേക്ക് ജോലി തേടി വരാനൊരുങ്ങുന്നവർക്ക് ഒരു യുവതി നല്‍കിയ മുന്നറിയിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചർച്ചയാകുന്നത്.പ്രതിമാസം കുറഞ്ഞത് ഒരു ലക്ഷം രൂപയെങ്കിലും വരുമാനമില്ലെങ്കില്‍ ബെംഗളൂരുവിലേക്ക് വരരുതെന്നാണ് ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ അട്രേയി എന്ന യുവതി പറഞ്ഞത്. നഗരത്തിലെ ഉയർന്ന വാടകയും വീടുകളുടെ വിലയും ചൂണ്ടിക്കാട്ടിയായിരുന്നു അവരുടെ അഭിപ്രായം.മധ്യവർഗ കുടുംബങ്ങളുടെ പ്രധാന സ്വപ്നങ്ങളിലൊന്നായ സ്വന്തം വീട് ബെംഗളൂരുവില്‍ സ്വന്തമാക്കുക എളുപ്പമല്ലെന്നാണ് യുവതി പറയുന്നത്. നഗരത്തില്‍ ഒരു വീടിന്റെ വില കുറഞ്ഞത് രണ്ട് കോടി രൂപയില്‍ നിന്നാണ് തുടങ്ങുന്നതെന്നും നല്ല പ്രദേശത്തും മികച്ച ഹൗസിങ് സൊസൈറ്റിയിലുമുള്ള ഫ്ലാറ്റിന് മൂന്ന് മുതല്‍ നാല് കോടി രൂപ വരെ ചെലവാകുമെന്നും അവർ ചൂണ്ടിക്കാട്ടി. ഇത്രയും വലിയ തുക സാധാരണ വരുമാനക്കാരെ സംബന്ധിച്ച്‌ വലിയ സാമ്പത്തിക ബാധ്യതയാകുമെന്നും അവർ പറഞ്ഞു.

വാടകയ്ക്കും വലിയ തുക ചെലവാകുന്നുവെന്നാണ് യുവതിയുടെ മറ്റൊരു വാദം. ഹൗസിങ് സൊസൈറ്റിയിലെ രണ്ട് ബെഡ്റൂം ഫ്ലാറ്റിന് കുറഞ്ഞത് 40,000 മുതല്‍ 45,000 രൂപ വരെ വാടക നല്‍കേണ്ടിവരുമെന്നാണ് അവർ പറഞ്ഞത്. അതുകൊണ്ടുതന്നെ മധ്യവർഗക്കാർക്ക് നഗരത്തില്‍ സുഖകരമായി ജീവിക്കുക ബുദ്ധിമുട്ടാണെന്നും പ്രതിമാസം മൂന്ന് മുതല്‍ നാല് ലക്ഷം രൂപ വരെ സമ്പാദിക്കുന്നവർക്ക് ബെംഗളൂരുവിലെ ജീവിതച്ചെലവ് കൂടുതല്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാനാകുമെന്നും അവർ അഭിപ്രായപ്പെട്ടു.യുവതിയുടെ വീഡിയോ വൈറലായതോടെ അഭിപ്രായങ്ങള്‍ രണ്ടായി. ബെംഗളൂരുവിലെ ഉയർന്ന വാടകയും വീടുകളുടെ വിലയും ചൂണ്ടിക്കാട്ടിയുള്ള വാദം ശരിയാണെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോള്‍, ഒരു ലക്ഷം രൂപയില്‍ താഴെ സമ്പാദിക്കുന്നവർ നഗരത്തിലേക്ക് വരരുതെന്ന നിർദേശം അതിരുകടന്നതാണെന്ന് മറ്റുചിലർ പറഞ്ഞു. കരിയറിന്റെ തുടക്കത്തില്‍ തന്നെ വലിയ വരുമാനം പ്രതീക്ഷിക്കാതെ കഴിവുകള്‍ മെച്ചപ്പെടുത്തി പതുക്കെ മുന്നേറണമെന്ന അഭിപ്രായവും സമൂഹമാധ്യമങ്ങളില്‍ ഉയർന്നു.

You may also like

error: Content is protected !!
Join Our WhatsApp Group