ബെംഗളൂരു: ആർ.എസ്.എസിനെതിരെ അപകീർത്തികരമായ പരാമർശങ്ങള്‍ നടത്തിയെന്നാരോപിച്ച് കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ, യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് എന്നിവർക്കെതിരെ മജിസ്‌ട്രേറ്റ് കോടതി തുടങ്ങിയ വിചാരണ നടപടികള്‍ക്ക് ബെംഗളൂരുവിലെ ജനപ്രതിനിധികള്‍ക്കായുള്ള പ്രത്യേക കോടതി സ്റ്റേ ഏർപ്പെടുത്തി.അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി ജൂണ്‍ 27-ന് പുറപ്പെടുവിച്ച സമൻസ് ഉത്തരവും ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) സെക്ഷൻ 356 പ്രകാരമുള്ള മാനനഷ്ടക്കേസും ചോദ്യം ചെയ്ത് നേതാക്കള്‍ സമർപ്പിച്ച ക്രിമിനല്‍ റിവിഷൻ ഹർജിയിലാണ് പ്രത്യേക കോടതിയുടെ സുപ്രധാന ഉത്തരവ്.ഹരജിയില്‍ വിധി പറയുന്നതിന് മുൻപായി വിചാരണക്കോടതിയിലെ നടപടികളുമായി മുന്നോട്ടുപോയാല്‍ റിവിഷൻ ഹരജിയുടെ പ്രസക്തി തന്നെ നഷ്ടപ്പെടുമെന്ന് വിലയിരുത്തിയാണ് നടപടികള്‍ കോടതി താല്‍ക്കാലികമായി നിർത്തിവെച്ചത്. കേസ് ഒക്ടോബർ 30-ന് വീണ്ടും പരിഗണിക്കും.