ബെംഗളൂരു: ഹൊസൂര്‍ ഹൈവേയിലെ മണിക്കൂറുകള്‍ നീണ്ട കനത്ത ഗതാഗതക്കുരുക്കില്‍പ്പെട്ട് ചികിത്സ വൈകിയതിനെ തുടര്‍ന്ന് മലയാളി പിക്കപ്പ് വാന്‍ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു.കണ്ണൂര്‍ മട്ടന്നൂര്‍ ഉളിയില്‍ സ്വദേശി കെ.കെ. സാജിര്‍ (51) ആണ് ദാരുണമായി മരണപ്പെട്ടത്. ചന്ദാപുര മേല്‍പ്പാലത്തില്‍ അരമണിക്കൂറോളം വാഹനം അനങ്ങാനാവാതെ നിര്‍ത്തിയിടേണ്ടി വന്ന ഘട്ടത്തിലാണ് സാജിറിന് ഹൃദയാഘാതമുണ്ടായത്.സംഭവം നടക്കുമ്പോള്‍ സാജിറിനൊപ്പം വാഹനത്തിലുണ്ടായിരുന്ന സുഹൃത്ത് ഉടന്‍തന്നെ ഓള് ഇന്ത്യ കെ.എം.സി.സി സന്നദ്ധ പ്രവര്‍ത്തകരെ വിവരമറിയിച്ചെങ്കിലും ഗതാഗതത്തടസ്സം കാരണം അവര്‍ക്ക് കൃത്യസമയത്ത് വാഹനത്തിനടുത്തേക്ക് എത്താനായില്ല.
മൂന്ന് കിലോമീറ്ററോളം ദൂരത്തില്‍ നൂറുകണക്കിന് വാഹനങ്ങള്‍ വഴിയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. തുടര്‍ന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ നടന്ന് സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും മുക്കാല്‍ മണിക്കൂറോളം വൈകിയിരുന്നു.നേരത്തെ ബെംഗളൂരുവില്‍ വ്യാപാരിയായിരുന്ന സാജിര്‍, ഒരു പുതിയ കമ്പനിയില്‍ ജോലിക്കായി കഴിഞ്ഞ ദിവസമാണ് നാട്ടില്‍ നിന്നും തിരിച്ചെത്തിയത്. പ്രദേശത്ത് പെയ്ത കനത്ത മഴയും സമീപത്തെ റെയില്‍വേ മേല്‍പ്പാല നിര്‍മാണവുമാണ് ഹൈവേയില്‍ ഇത്രയും വലിയ ഗതാഗതക്കുരുക്കിന് കാരണമായത്. മൃതദേഹം പിന്നീട് നാട്ടിലെത്തിച്ച് കബറടക്കം നടത്തി. റഹീനയാണ് ഭാര്യ. അംന, ഹുദ ഫാത്തിമ, സഫ്വ, ഹംദ, മര്‍വ്വ, ആദം എന്നിവരാണ് മക്കള്‍.