തമിഴ്നാട് മുഖ്യമന്ത്രിയും കോളിവുഡ് സൂപ്പർതാരവുമായ വിജയ്യുടെ ആരോഗ്യവും ശരീരക്ഷമതയും പലപ്പോഴും ശ്രദ്ധ നേടാറുണ്ട്.സിനിമാ രംഗത്ത് സജീവമായിരുന്ന കാലത്തും ഇപ്പോള്‍ രാഷ്ട്രീയ പ്രവർത്തനങ്ങളില്‍ തിരക്കേറിയപ്പോഴും ആരോഗ്യത്തില്‍ അദ്ദേഹം പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ടെന്നാണ് പരിശീലകൻ എസ് നരേഷ് കുമാർ പറയുന്നത്. ലോകേഷ് കനഗരാജ് ഒരുക്കിയ സൂപ്പർഹിറ്റ് ചിത്രം ‘മാസ്റ്റർ’ സിനിമയുടെ സമയത്താണ് നരേഷ് കുമാർ വിജയിക്കൊപ്പം പരിശീലകനായി പ്രവർത്തിക്കാൻ തുടങ്ങിയത്.സാധാരണയായി ദിവസത്തില്‍ നാല് നേരമാണ് വിജയ് ഭക്ഷണം കഴിക്കുന്നത്. ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്ന തരത്തിലാണ് ഭക്ഷണം ക്രമീകരിച്ചിരിക്കുന്നതെന്ന് നരേഷ് വെളിപ്പെടുത്തി.
ചോറിനൊപ്പം കുറച്ച് കോഴിയിറച്ചിയും പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറുണ്ട്. ഓരോ ഭക്ഷണത്തിലും ഏകദേശം 200 ഗ്രാം പച്ചക്കറികളും 100 ഗ്രാം പഴങ്ങളും ഉള്‍പ്പെടുന്നതായാണ് പരിശീലകൻ പറയുന്നത്.അതുകൊണ്ട് തന്നെ താരത്തിന് തന്റെ ഭക്ഷണത്തില്‍ ഭക്ഷണത്തില്‍ നിന്ന് ആവശ്യമായ അളവില്‍ പ്രോട്ടീൻ ലഭിക്കുന്നുണ്ടെന്നും പരിശീലകൻ പറയുന്നു. ദിവസത്തില്‍ ഏകദേശം 60 മുതല്‍ 80 ഗ്രാം വരെ പ്രോട്ടീൻ ലഭിക്കുന്ന രീതിയിലാണ് ഭക്ഷണക്രമം ഒരുക്കിയിരിക്കുന്നതെന്നും നരേഷ് ചൂണ്ടിക്കാട്ടി. ആവശ്യത്തിന് വെള്ളം കുടിക്കുന്നതിലും വിജയ് ശ്രദ്ധിക്കാറുണ്ട്.മറ്റൊരു ശ്രദ്ധേയമായ കാര്യം ഭക്ഷണ കാര്യത്തിലെ വിജയ്യുടെ ചിട്ടയാണ്. തിരക്കേറിയ രാഷ്ട്രീയ പരിപാടികള്‍ക്കിടയിലും ഭക്ഷണക്രമത്തില്‍ മാറ്റം വരുത്താതിരിക്കാൻ വിജയ് സ്വന്തം ഭക്ഷണം കൂടെ കൊണ്ടുപോകാറുണ്ട്. റാലികളിലും മറ്റ് പരിപാടികളിലും പങ്കെടുക്കുമ്പോഴും ഭക്ഷണത്തിന്റെ കാര്യത്തില്‍ കൃത്യമായ ശ്രദ്ധ പുലർത്തുന്നതായാണ് പരിശീലകൻ പറയുന്നത്.ഇത്രയൊക്കെയാണെങ്കിലും എന്നാല്‍ ഇഷ്ടപ്പെട്ട ഭക്ഷണങ്ങള്‍ പൂർണമായും ഒഴിവാക്കുന്ന രീതിയല്ല വിജയിയുടേത്. അപൂർവമായി ബിരിയാണിയും കഴിക്കാറുണ്ട്. സാധാരണ ദിവസങ്ങളില്‍ കൃത്യമായ ഭക്ഷണക്രമം പിന്തുടരുന്നതിനാല് ഇടയ്ക്കിടെ ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുന്നതില്‍ പ്രശ്നമില്ലെന്നാണ് പരിശീലകന്റെ അഭിപ്രായം.
വ്യായാമത്തിന്റെ കാര്യത്തിലും വിജയ് ശ്രദ്ധ പുലർത്തുന്നു. ഇപ്പോള്‍ പ്രധാനമായും നടത്തം, കാർഡിയോ വ്യായാമങ്ങള്‍, നൃത്തം, ലളിതമായ ശക്തിവർധക വ്യായാമങ്ങള്‍ എന്നിവയാണ് ചെയ്യുന്നത്. സിനിമകളില്‍ ആക്ഷൻ രംഗങ്ങള്‍ കൂടുതലായിരുന്ന കാലത്ത് ശരീരത്തിന്റെ ശക്തിയും പേശികളും നിലനിർത്താൻ കൂടുതല്‍ പരിശീലനവും നടത്തിയിരുന്നു.തിരക്കേറിയ ജീവിതത്തിനിടയിലും ഭക്ഷണത്തിലും വ്യായാമത്തിലും കൃത്യമായ രീതികള്‍ പിന്തുടരുന്നതാണ് വിജയ്യുടെ ആരോഗ്യശീലത്തിന്റെ പ്രധാന പ്രത്യേകതയെന്ന് പരിശീലകൻ പറയുന്നു. രാഷ്ട്രീയ രംഗത്ത് കൂടുതല്‍ തിരക്കുകള്‍ വന്നിട്ടും ആരോഗ്യത്തിനും ശരീരക്ഷമതയ്ക്കും അദ്ദേഹം നല്കുന്ന പ്രാധാന്യം തുടരുകയാണെന്നും നരേഷ് പറയുന്നു.