ബെംഗളൂരു: പ്രാദേശിക ജീവനക്കാരോട് ഹിന്ദി പഠിക്കണമെന്നും അല്ലെങ്കില്‍ ജോലി വിട്ടുപോകാമെന്നും പറഞ്ഞ സൊമാറ്റോ വെയർഹൗസ് സൂപ്പർവൈസറുടെ പരാമർശം വിവാദത്തില്‍.ആന്ധ്രപ്രദേശ് സ്വദേശിയായ അശോകിന്റെ പരാമർശങ്ങളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്. വൈറലായ വീഡിയോയില്‍ തനിക്ക് കന്നഡ അറിയില്ലെന്നും ഹിന്ദിയില്‍ മാത്രമേ സംസാരിക്കൂവെന്നും അശോക് ജീവനക്കാരോട് പറയുന്നത് കാണാം. “ജോലി ചെയ്യണമെങ്കില്‍ ഹിന്ദി പഠിക്കണം, പോകണമെങ്കില്‍ പോകാം” എന്ന നിലപാടും അദ്ദേഹം വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്. ‘ഇത് കർണാടകയാണ്’ എന്ന് ഒരു ജീവനക്കാരൻ ചൂണ്ടിക്കാട്ടിയപ്പോള്‍, താൻ ഹിന്ദിയില്‍ മാത്രമേ സംസാരിക്കൂവെന്നായിരുന്നു അശോകിന്റെ മറുപടി.വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തിനെതിരെ പ്രതിഷേധം ഉയർന്നു.
മദനായകനഹള്ളി പൊലീസില്‍ അശോകിനെതിരെ നടപടിയാവശ്യപ്പെട്ട് പരാതി സമർപ്പിച്ചതായും റിപ്പോർട്ടുണ്ട്. സൊമാറ്റോ വെയർഹൗസിന് മുന്നില്‍ കന്നഡ അനുകൂല പ്രവർത്തകർ പ്രതിഷേധിക്കുകയും സൂപ്പർവൈസറെ നീക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സംഭവം സംഘർഷാവസ്ഥയിലേക്ക് നീങ്ങിയതിനെ തുടർന്ന് പൊലീസ് അശോകിനെ കുറച്ചുസമയത്തേക്ക് കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, സംഭവത്തില്‍ സൊമാറ്റോയുടെ ഔദ്യോഗിക പ്രതികരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.പിന്നാലെ അശോക് കന്നഡയില്‍ മാപ്പപേക്ഷയുമായി വീഡിയോ പുറത്തുവിട്ടു. കൈകൂപ്പി സംസാരിച്ച അദ്ദേഹം തന്റെ പരാമർശത്തില്‍ ഖേദിക്കുന്നതായി വ്യക്തമാക്കുകയും ഇത്തരമൊരു തെറ്റ് ഇനി ആവർത്തിക്കില്ലെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. വിവാദമായ ആദ്യ വീഡിയോയ്ക്ക് പിന്നാലെയാണ് കന്നഡയിലെ മാപ്പപേക്ഷാ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയത്.