ബെംഗളൂരു: നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ വീണ്ടും ചർച്ചയാകുന്നു. നഗരത്തിലെ ബ്യാട്ടരായണപുര നിയമസഭാ മണ്ഡലത്തിലെ 824 കിലോമീറ്ററോളം റോഡുകളില്‍ നടത്തിയ പരിശോധനയില്‍ ഏകദേശം 6000 കുഴികള്‍ കണ്ടെത്തിയതായി എഐ അധിഷ്‌ഠിത റോഡ് നിരീക്ഷണ സ്ഥാപനമായ എഐആർ എഐ അറിയിച്ചു.ഒക്ടോബർ 4ന് എക്‌സില്‍ പങ്കുവെച്ച വിവരങ്ങളിലൂടെയാണ് സ്ഥാപനം പരിശോധനയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്.823.5 കിലോമീറ്റർ റോഡുകളിലായി 14 വാർഡുകളില്‍ നടത്തിയ പരിശോധനയില്‍ ആകെ 5964 കുഴികളാണ് കണ്ടെത്തിയത്. പരിശോധിച്ച റോഡുകളില്‍ ഒരു കിലോമീറ്ററില്‍ ശരാശരി 7.2 കുഴികളുണ്ടെന്നാണ് കണക്ക്. ബെംഗളൂരു നഗരത്തിലെ ശരാശരി 5.8 കുഴികളേക്കാള്‍ കൂടുതലാണിത്. റോഡുകളിലെ കുഴികള്‍ക്ക് പുറമെ വിവിധ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി കേബിളുകളും മറ്റ് സൗകര്യങ്ങളും സ്ഥാപിക്കുന്നതിനായി വെട്ടിപ്പൊളിച്ച 4756 സ്ഥലങ്ങളും 501 നീളമേറിയ കുഴികളും പരിശോധനയില്‍ കണ്ടെത്തി.
പരിശോധിച്ച പ്രദേശങ്ങളില്‍ ജക്കൂർ വാർഡിലാണ് ഏറ്റവും കൂടുതല്‍ കുഴികള്‍ കണ്ടെത്തിയത്. ഇവിടെ മാത്രം 939 കുഴികളാണ് രേഖപ്പെടുത്തിയത്. അതേസമയം, ഒരു കിലോമീറ്റർ റോഡില്‍ ഏറ്റവും കൂടുതല്‍ കുഴികളുള്ള വാർഡായി സിംഗപുര മാറി. ഇവിടെ ഒരു കിലോമീറ്ററില്‍ ശരാശരി 11.2 കുഴികളാണ് കണ്ടെത്തിയത്. ബ്യാട്ടരായണപുര മണ്ഡലത്തില്‍ കണ്ടെത്തിയ കുഴികളുടെ എണ്ണം നഗരത്തില്‍ നടത്തിയ ഈ പരിശോധനയുടെ ഗൗരവം വ്യക്തമാക്കുന്നതാണെന്ന് എഐആർ എഐ ചൂണ്ടിക്കാട്ടി.റോഡുകളുടെ പൊതുവായ നിലവാരവും പരിശോധനയില്‍ വിലയിരുത്തി. പരിശോധിച്ച റോഡ് ശൃംഖലയുടെ 56.7 ശതമാനം മാത്രമാണ് നല്ല നിലയിലുള്ളതായി കണ്ടെത്തിയത്. 22.2 ശതമാനം റോഡുകളില്‍ ചെറിയ തോതിലുള്ള ഉപരിതല തകരാറുകള്‍ ഉണ്ടായിരുന്നു. ശേഷിക്കുന്ന ഭാഗങ്ങളില്‍ ഘടനാപരമായ തകരാറുകള്‍, നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേടുപാടുകള്‍ എന്നിവ കണ്ടെത്തുകയോ ചില ഭാഗങ്ങള്‍ പൂർണമായി ടാർ ചെയ്യാത്ത നിലയിലോ ആയിരുന്നു.റോഡുകളുടെ അവസ്ഥ മനസിലാക്കാൻ കൃത്യമായ വിവരങ്ങള്‍ ശേഖരിക്കുകയും അവ ഭൂപടവുമായി ബന്ധിപ്പിക്കുകയും ചെയ്യുകയാണ് എഐആർ എഐയുടെ പരിശോധനാ രീതി.
കുഴികള്‍, വിള്ളലുകള്‍, നിർമാണത്തിനായി വെട്ടിപ്പൊളിച്ച ഭാഗങ്ങള്‍ തുടങ്ങിയവ കണ്ടെത്തി അവയുടെ സ്ഥാനം രേഖപ്പെടുത്തുന്നതിലൂടെ അറ്റകുറ്റപ്പണികള്‍ക്ക് മുൻഗണന നിശ്ചയിക്കാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സഹായിക്കുകയാണ് ലക്ഷ്യം.റോഡുകളുടെ അറ്റകുറ്റപ്പണിക്കായി ലഭ്യമായ പണം കൂടുതല്‍ കാര്യക്ഷമമായി വിനിയോഗിക്കാനും ഇത്തരം വിവരങ്ങള്‍ സഹായിക്കുമെന്ന് സ്ഥാപനം പറയുന്നു.ബെംഗളൂരുവിന്റെ മറ്റ് ഭാഗങ്ങളിലും എഐ അടിസ്ഥാനമാക്കിയുള്ള റോഡ് പരിശോധനകള്‍ നടത്തിയതായി കമ്പനി അറിയിച്ചു. ബെംഗളൂരു ഈസ്‌റ്റില്‍ 50 വാർഡുകളിലായി 1600 കിലോമീറ്റർ റോഡുകള്‍ പരിശോധിച്ച് ഏകദേശം 27,000 കുഴികള്‍ കണ്ടെത്തിയിരുന്നു. ബെംഗളൂരു നോർത്തില്‍ 72 വാർഡുകളിലായി 2494 കിലോമീറ്റർ റോഡുകള്‍ പരിശോധിച്ചപ്പോള്‍ ഏകദേശം 14,000 കുഴികള്‍ കണ്ടെത്തിയതായും സ്ഥാപനം അറിയിച്ചു. കലബുറഗിയില്‍ 55 വാർഡുകളിലായി 802 കിലോമീറ്റർ റോഡുകള്‍ പരിശോധിച്ച് 17,000 കുഴികള്‍ രേഖപ്പെടുത്തിയതായും എഐആർ എഐയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.ബെംഗളൂരുവില്‍ റോഡുകളുടെ അവസ്ഥ വിലയിരുത്താൻ എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ശ്രമങ്ങള്‍ നേരത്തെയും നടന്നിട്ടുണ്ട്.
ബെംഗളൂരു ഈസ്‌റ്റില്‍ നടത്തിയ മറ്റൊരു എഐ പരിശോധനയില്‍ റോഡുകളുടെ നിലവാരം അടിസ്ഥാനമാക്കി അറ്റകുറ്റപ്പണികള്‍ക്ക് മുൻഗണന നല്‍കാനും ഓരോ റോഡിനും പ്രത്യേക തിരിച്ചറിയല്‍ നമ്പർ നല്‍കാനും സംവിധാനമൊരുക്കിയിരുന്നു. കുഴികളുടെ സ്ഥാനം, വലുപ്പം, ആഴം തുടങ്ങിയ വിവരങ്ങള്‍ ശേഖരിച്ച് അറ്റകുറ്റപ്പണിയുടെ ചെലവ് കണക്കാക്കാനും ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്.നഗരത്തിലെ റോഡുകളുടെ മോശം അവസ്ഥ പരിഹരിക്കാൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകള്‍ ശക്തമാകുന്നതിനിടെയാണ് പുതിയ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. റോഡുകളിലെ കുഴികള്‍ കൃത്യമായി കണ്ടെത്തുന്നതിനൊപ്പം ഏതൊക്കെ റോഡിന്റെ അറ്റകുറ്റപ്പണിക്കാണ് ആദ്യം മുൻഗണന നല്‍കേണ്ടതെന്ന് തിരിച്ചറിയാനും ഉത്തരവാദിത്തമുള്ള ഏജൻസികളെയും കരാറുകാരെയും കണ്ടെത്താനും ഇത്തരം വിവരങ്ങള്‍ ഉപയോഗപ്പെടുത്താൻ കഴിയുമെന്നാണ് വിലയിരുത്തല്‍.