ബെംഗളൂരു: ഏറെക്കാലമായി കാത്തിരിക്കുന്ന ഈജിപുര ഫ്ലൈഓവർ നിർമ്മാണം വീണ്ടും വൈകുന്നു. ഒക്ടോബർ അവസാനത്തോടെ പദ്ധതി പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്നായിരുന്നു അധികൃതരുടെ ഏറ്റവും പുതിയ സമയപരിധി.എന്നാല്‍ നിലവിലെ നിർമ്മാണ പുരോഗതി കണക്കിലെടുക്കുമ്പോള്‍ ഈ സമയപരിധിയും പാലിക്കാനാകുമോ എന്ന കാര്യത്തില്‍ ആശങ്ക ഉയർന്നിട്ടുണ്ട്. 2.38 കിലോമീറ്റർ നീളമുള്ള ഫ്ലൈഓവർ 2017ല്‍ ആരംഭിച്ചെങ്കിലും ഒമ്പത് വർഷത്തോളമായി നിർമ്മാണം തുടരുകയാണ്.ഈജിപുര, കോറമംഗല, ഡൊംലൂർ, മഡിവാള തുടങ്ങിയ പ്രധാന മേഖലകളെ ബന്ധിപ്പിക്കുന്ന പദ്ധതിയാണ് ഈ ഫ്ലൈഓവർ. പൂർത്തിയായാല്‍ ഈ ഭാഗത്തെ ഗതാഗതക്കുരുക്ക് വലിയ തോതില്‍ കുറയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. നിലവില്‍ നിർമ്മാണ മേഖലയിലെ ബാരിക്കേഡുകളും റോഡ് നിയന്ത്രണങ്ങളും കാരണം തിരക്കേറിയ സമയങ്ങളില്‍ യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് നേരിടേണ്ടിവരുന്നത്.
2017ലാണ് പദ്ധതിക്ക് ആദ്യമായി കരാർ നല്‍കിയത്. എന്നാല്‍ ആദ്യ കരാറുകാരനായ സിംപ്ലക്സ് ഇൻഫ്രാസ്ട്രക്ച്ചറിന് നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിച്ചില്ല. 25 മാസത്തെ അധിക സമയവും അനുവദിച്ചിട്ടും പദ്ധതി ഏകദേശം 42.8 ശതമാനം മാത്രമാണ് പൂർത്തിയാക്കിയത്. തുടർന്ന് കരാർ അവസാനിപ്പിച്ച് പദ്ധതി വീണ്ടും ടെൻഡർ ചെയ്യുകയായിരുന്നു. 2023 നവംബറില്‍ ബിഎസ്സിപിഎല്‍ ഇൻഫ്രാസ്ട്രക്ച്ചറിന് ശേഷിച്ച നിർമ്മാണ പ്രവർത്തനങ്ങളുടെ കരാർ നല്കി.ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് പദ്ധതിയുടെ പ്രധാന തടസങ്ങളിലൊന്നായി മാറിയത്. പ്രത്യേകിച്ച് സെന്റ് ജോണ്‍സ് ആശുപത്രിക്കും സെന്റ് ജോണ്‍സ് ഹോസ്റ്റലിനും സമീപമുള്ള ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നിർമ്മാണത്തെ ബാധിച്ചു. ഏകദേശം 5,500 ചതുരശ്ര മീറ്റർ സ്വകാര്യ, സർക്കാർ ഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസവും നേരത്തെ പുരോഗതിയെ ബാധിച്ചിരുന്നു.2026 ഫെബ്രുവരിയില്‍ സെന്റ് ജോണ്‍സ് ആശുപത്രിക്ക് സമീപമുള്ള നിർണായക പോർട്ടല്‍ പിയറിന്റെ നിർമ്മാണത്തിന് അനുമതി ലഭിച്ചതോടെയാണ് പദ്ധതിക്ക് വീണ്ടും വേഗം ലഭിച്ചത്. പൈല് ക്യാപ്പിന്റെയും പിയറിന്റെയും നിർമ്മാണം പൂർത്തിയാക്കിയതായും ശേഷിക്കുന്ന ഭാഗങ്ങള്‍ സ്ഥാപിക്കുന്ന ജോലി തുടരുന്നതായും അധികൃതർ അറിയിച്ചിരുന്നു.2026 മെയില്‍ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി ചീഫ് കമ്മീഷണർ എം മഹേശ്വർ റാവു നിർമ്മാണത്തിന് കൂടുതല്‍ തൊഴിലാളികളെയും ജീവനക്കാരെയും വിന്യസിക്കാൻ കരാറുകാരന് നിർദേശം നല്‍കിയിരുന്നു.
പദ്ധതിയുടെ പ്രധാന ഭാഗം ഒക്ടോബർ അവസാനത്തോടെ പൂർത്തിയാക്കണമെന്നായിരുന്നു നിർദേശം. അന്ന് 762 സെഗ്മെന്റുകളില്‍ 731 എണ്ണം കാസ്റ്റ് ചെയ്തിരുന്നു. ആകെ 66 സ്പാനുകളില്‍ 52 എണ്ണം പൂർത്തിയാക്കിയതായും ശേഷിച്ച 14 സ്പാനുകളുടെ സ്ഥാപിക്കല്‍ പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.ഡൊംലൂർ ഭാഗത്തെ ഡൗണ്‍ റാംപ് നിർമ്മാണവും മഡിവാള ഭാഗത്തെ റാംപ് ജോലികളും ഉള്‍പ്പെടെ വിവിധ ഘട്ടങ്ങളിലാണ് ഇപ്പോഴത്തെ നിർമ്മാണം. ഈജിപുര സിഗ്നല്‍ ജങ്ഷന് സമീപമുള്ള സ്പാനുകള്‍ സ്ഥാപിക്കുന്ന ജോലിയും പുരോഗമിക്കുന്നുണ്ട്. പോർട്ടല്‍ ഫ്രെയിമുകള്‍ പൂർത്തിയാക്കുന്നതിനും ആവശ്യമായ ഉപകരണങ്ങളും അധിക തൊഴിലാളികളെയും വിന്യസിക്കുന്നതിനും അധികൃതർ നിർദേശം നല്‍കിയിട്ടുണ്ട്.നേരത്തെ പലതവണ സമയപരിധി പ്രഖ്യാപിച്ചിട്ടും പദ്ധതി പൂർത്തിയാകാത്തതാണ് ഇപ്പോഴത്തെ ആശങ്കയ്ക്ക് കാരണം. 2019 നവംബർ 4 ആയിരുന്നു ആദ്യത്തെ പൂർത്തീകരണ ലക്ഷ്യം. പിന്നീട് പല ഘട്ടങ്ങളിലായി സമയപരിധി നീണ്ടു. പല കാരണങ്ങളാണ് ഇതിന് പിന്നില്‍ ഉണ്ടായിരുന്നത്. 7 വർഷത്തോളമായി പദ്ധതിക്കായി കാത്തിരിക്കുകയാണ് പ്രദേശവാസികളും സ്ഥിരം യാത്രക്കാരും.ഫ്ലൈഓവർ പൂർത്തിയാകുന്നതോടെ ഈജിപുരയില്‍ നിന്ന് കോറമംഗല, ഡൊംലൂർ, മഡിവാള തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള യാത്ര കൂടുതല്‍ സുഗമമാകുമെന്നാണ് പ്രതീക്ഷ. എന്നാല്‍ നിലവിലെ സ്ഥിതിയില്‍ ഒക്ടോബർ അവസാനമെന്ന സമയപരിധിയും പാലിക്കാനാകുമോ എന്നതാണ് ഇനി ഉയരുന്ന പ്രധാന ചോദ്യങ്ങളില്‍ ഒന്ന്.