ചെന്നൈ: തമിഴ്നാട്ടില്‍ സ്ത്രീകള്‍ക്കായുള്ള സൗജന്യ ബസ് യാത്രാപദ്ധതി വിപുലീകരിച്ച് സര്‍ക്കാര്‍. വെട്രി പയനം എന്ന പേരിലുള്ള പദ്ധതിയുടെ വിപുലീകരിച്ച സംവിധാനം മുഖ്യമന്ത്രി വിജയ് ഉദ്ഘാടനം ചെയ്തു.കോയംപേട് ബസ് സ്റ്റാൻഡില്‍ വെച്ചുനടന്ന പ്രത്യേക പരിപാടിയിലാണ് മുഖ്യമന്ത്രി പദ്ധതി വിപുലീകരിച്ചതിലൂടെ സ്ത്രീകള്‍ക്ക് ഇനിമുതല്‍ ഓര്‍ഡിനറി, എക്സ്പ്രസ്, ലിമിറ്റഡ് സ്റ്റോപ്പ്, ഡീലെക്സ് ബസുകളിലും സൗജന്യമായി യാത്ര ചെയ്യാനാകും.വിജയിയുടെ നേതൃത്വത്തിലുള്ള ടിവികെ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണവേളയിലെ സുപ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു പദ്ധതിയുടെ വിപുലീകരണം.
മുഖ്യമന്ത്രി വിജയ് തന്നെയാണ് ആദ്യ ടിക്കറ്റ് യാത്രക്കാര്‍ക്ക് കൈമാറിയതും. യാത്രയ്ക്കിടെ ബസില്‍ കയറിയ കോളജ് വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിക്ക് മധുരം നല്‍കുകയും ചെയ്തു.സംസ്ഥാനത്തെ 84.32 ലക്ഷം വനിതാ യാത്രക്കാര്‍ക്ക് പദ്ധതിയിലൂടെ ദിവസവും പ്രയോജനം ലഭിക്കും. സര്‍ക്കാരിന്റെ കീഴിലുള്ള ഏഴ് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് നിയന്ത്രിക്കുന്ന 12,695 ബസുകളില്‍ സ്ത്രീകള്‍ക്ക് യാത്ര ചെയ്യാനാകും. നിശ്ചിത വരുമാനം ലക്ഷ്യം വെച്ചുകൊണ്ടുള്ള പദ്ധതിയല്ലെങ്കിലും സ്ത്രീ യാത്രികര്‍ക്ക് ദിവസത്തില്‍ എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാം. വിദ്യാഭ്യാസം, തൊഴില്‍മേഖല, ജീവിതരീതി, സാമ്പത്തികം എന്നീ മേഖലകളില്‍ സ്ത്രീകളെ ശക്തിപ്പെടുത്തുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.