Home കർണാടക ബെംഗളൂരു നിവാസികള്‍ അറിയാൻ; 10 കിലോമീറ്ററില്‍ അധികമുള്ള ഉയരപ്പാതകളില്‍ ടോള്‍ ഉറപ്പ്, പുതിയ നീക്കം

ബെംഗളൂരു നിവാസികള്‍ അറിയാൻ; 10 കിലോമീറ്ററില്‍ അധികമുള്ള ഉയരപ്പാതകളില്‍ ടോള്‍ ഉറപ്പ്, പുതിയ നീക്കം

ബെംഗളൂരു: നഗരത്തില്‍ പുതുതായി നിർമ്മിക്കുന്ന 10 കിലോമീറ്ററിലധികം നീളമുള്ള ഉയരപ്പാതകളില്‍ വാഹനങ്ങള്‍ക്ക് ടോള്‍ ഈടാക്കാൻ സർക്കാർ തീരുമാനിച്ചതായി റിപ്പോർട്ട്.ധനകാര്യ വകുപ്പ് നല്‍കിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉയരപ്പാതകള്‍ ബില്‍ഡ് ഓപ്പറേറ്റ് ഓണ്‍ ട്രാൻസ്‌ഫർ മാതൃകയില്‍ നടപ്പാക്കുന്നത്. യശ്വന്ത്പുരില്‍ നിന്ന് കെആർ പുരത്തേക്കും മറേനഹള്ളി മെയിൻ റോഡില്‍ നിന്ന് കനകപുര മെയിൻ റോഡിലേക്കുമുള്ള രണ്ട് ഉയരപ്പാതകള്‍ക്കായി ഇതിനകം ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.10 കിലോമീറ്ററാണ് ടോള്‍ ഏർപ്പെടുത്തുന്നതിനുള്ള നിലവിലെ പരിധിയെന്ന് നഗരവികസന വകുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു. 10 കിലോമീറ്ററില്‍ താഴെ നീളമുള്ള മറ്റൊരു ഉയരപ്പാത പദ്ധതിയില്‍ ടോള്‍ ഏർപ്പെടുത്തണമോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആകെ 46.5 കിലോമീറ്റർ നീളമുള്ള രണ്ട് ഉയരപ്പാതകളാണ് ടോള്‍ അടിസ്ഥാനത്തിലുള്ള ബില്‍ഡ് ഓപ്പറേറ്റ് ഓണ്‍ ട്രാൻസ്‌ഫർ മാതൃകയില്‍ നിർമ്മിക്കുന്നത്.പദ്ധതിച്ചെലവിന്റെ 40 ശതമാനം സംസ്ഥാന സർക്കാർ വയബിലിറ്റി ഗ്യാപ് ഫണ്ടിങ് ആയി നല്‍കും. ബാക്കി തുക പദ്ധതിയുടെ നിർമ്മാണം ഏറ്റെടുക്കുന്ന സ്വകാര്യ സ്ഥാപനത്തിന് ടോള്‍ വരുമാനത്തിലൂടെ തിരിച്ചുപിടിക്കാനാകും. മറേനഹള്ളി മെയിൻ റോഡിലെ രാഗിഗുഡ ജംക്‌ഷനില്‍ നിന്ന് ബി ഡബ്ല്യു എസ് എസ് ബി പൈപ്പ്‌ലൈൻ റോഡും തളഘട്ടപുര ജംക്‌ഷനും വഴി കനകപുര മെയിൻ റോഡിലേക്ക് എത്തുന്ന 18.5 കിലോമീറ്റർ ഉയരപ്പാതയാണ് ആദ്യ പദ്ധതി.ഏകദേശം 2,283.19 കോടി രൂപയാണ് ഇതിന്റെ ചെലവ് കണക്കാക്കുന്നത്. ഇതില്‍ 913.29 കോടി രൂപ വരെ സർക്കാർ വയബിലിറ്റി ഗ്യാപ് ഫണ്ടിങ്ങായി നല്‍കും. യശ്വന്ത്പുരയിലെ മട്ടിക്കരെ ക്രോസില്‍ നിന്ന് കെആർ പുരത്തെ ടിൻ ഫാക്‌ടറി ജങ്ഷനിലേക്കുള്ളതാണ് രണ്ടാമത്തെ പദ്ധതി. ഐഐഎസ്‌സി, മെഹ്‌ക്രി സർക്കിള്‍, ജയമഹല്‍, സെന്റ് ജോണ്‍സ് ചർച്ച്‌ റോഡ്, ഉല്‍സൂർ തടാകം തുടങ്ങിയ ഭാഗങ്ങളിലൂടെ കടന്നുപോകുന്ന ഈ ഉയരപ്പാതയ്ക്ക് 28 കിലോമീറ്റർ നീളമുണ്ടാകും.

ഏകദേശം 3,536.89 കോടി രൂപയാണ് പദ്ധതിച്ചെലവ്. ഇതില്‍ 1,414.76 കോടി രൂപയോളം സർക്കാർ വയബിലിറ്റി ഗ്യാപ് ഫണ്ടിങ്ങായി നല്‍കും. രണ്ട് പദ്ധതികളും ബില്‍ഡ് ഓപ്പറേറ്റ് ഓണ്‍ ട്രാൻസ്‌ഫർ മാതൃകയിലാണ് ടെൻഡർ ചെയ്‌തിരിക്കുന്നത്. കരാർ ലഭിക്കുന്ന സ്ഥാപനം ഉയരപ്പാത നിർമ്മിക്കുകയും പിന്നീട് അത് പ്രവർത്തിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യും. നിശ്ചിത കാലയളവില്‍ വാഹനങ്ങളില്‍ നിന്ന് ഈടാക്കുന്ന ഉപയോക്തൃ ഫീസിലൂടെയാണ് സ്വകാര്യ സ്ഥാപനത്തിന് നിക്ഷേപം തിരിച്ചുപിടിക്കാനാകുക.കർണാടക റോഡ് ഉപയോക്തൃ ഫീസ് നിരക്ക് നിർണയവും പിരിവും സംബന്ധിച്ച 2014ലെ ചട്ടങ്ങള്‍ അനുസരിച്ചായിരിക്കും ടോള്‍ നിരക്ക് നിശ്ചയിക്കുകയും പുതുക്കുകയും ചെയ്യുക. നിലവിലെ വ്യവസ്ഥകള്‍ പ്രകാരം അടിസ്ഥാന നിരക്കില്‍ പ്രതിവർഷം മൂന്ന് ശതമാനം വർധനയ്ക്കൊപ്പം മൊത്തവില സൂചികയിലെ മാറ്റത്തിന്റെ 40 ശതമാനവും കണക്കിലെടുത്ത് നിരക്ക് പരിഷ്‌കരിക്കാനാണ് വ്യവസ്ഥ.ബെംഗളൂരുവില്‍ ആകെ 11 ഉയരപ്പാതകളും ഫ്ലൈഓവറുകളും ഉള്‍പ്പെടുന്ന 75.6 കിലോമീറ്റർ പദ്ധതികള്‍ക്ക് സർക്കാർ നേരത്തെ അംഗീകാരം നല്‍കിയിരുന്നു.

ഏകദേശം 13,262.70 കോടി രൂപയാണ് ഇതിന്റെ കണക്കാക്കിയ ചെലവ്. ഇതില്‍ ഒമ്പത് പദ്ധതികള്‍ നേരിട്ടുള്ള സർക്കാർ ധനസഹായത്തോടെ നടപ്പാക്കുമ്പോള്‍ 10 കിലോമീറ്ററിലധികം നീളമുള്ള രണ്ട് പദ്ധതികളാണ് ടോള്‍ അടിസ്ഥാനത്തിലുള്ള വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.നഗരത്തിലെ ഗതാഗത അടിസ്ഥാനസൗകര്യ വികസനത്തിന്റെ ഭാഗമായി ബിഎസ്‌എംഐഎല്‍ മറ്റ് നിരവധി ഉയരപ്പാതകളും ഗ്രേഡ് സെപ്പറേറ്ററുകളും ഒരുങ്ങുന്നുണ്ട്. മൈസൂരു റോഡിലെ സിർസി സർക്കിള്‍ മുതല്‍ നയൻദഹള്ളി വരെയുള്ള 5.2 കിലോമീറ്റർ ഉയരപ്പാത, മഹാലക്ഷ്‌മി ലേഔട്ടിലെ പൈപ്പ്‌ലൈൻ റോഡില്‍ നിന്ന് ഔട്ടർ റിങ് റോഡിലേക്കുള്ള രണ്ട് കിലോമീറ്റർ ഗ്രേഡ് സെപ്പറേറ്റർ, തുമകൂരു റോഡിലെ എംഇഐ ജംക്‌ഷനിലെ അര കിലോമീറ്റർ സ്പ്ലിറ്റ് ഫ്ലൈഓവർ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group