Home കർണാടക ‘വലിയ സാലറിയിലല്ല, സേവിങ്സിലാണ് കാര്യം! ജീവിതശൈലി മാറ്റാതെ ചെലവ് ചുരുക്കാൻ ഏഴ് വഴികള്‍’; യുവാവിന്‍റെ വൈറല്‍ ടിപ്സ്

‘വലിയ സാലറിയിലല്ല, സേവിങ്സിലാണ് കാര്യം! ജീവിതശൈലി മാറ്റാതെ ചെലവ് ചുരുക്കാൻ ഏഴ് വഴികള്‍’; യുവാവിന്‍റെ വൈറല്‍ ടിപ്സ്

by ടാർസ്യുസ്

ബെംഗളൂരു: എത്രയൊക്കെ സമ്പാദിച്ചാലും മാസാവസാനമാകുമ്പോഴേക്കും പോക്കറ്റ് കാലിയാകുന്ന അനുഭവമാണ് ബെംഗളൂരു പോലുള്ള മെട്രോ നഗരങ്ങളില്‍ ജീവിക്കുന്ന ഭൂരിഭാഗം പേർക്കുമുള്ളത്.ഉയർന്ന യാത്രാക്കൂലി, ഭക്ഷണപ്രിയങ്ങളുടെ ഭാഗമായുള്ള ഓണ്‍ലൈൻ ഡെലിവറികള്‍, വാരാന്ത്യങ്ങളിലെ കറങ്ങലുകള്‍, ഒപ്പം സഹപ്രവർത്തകരുമായി മത്സരിച്ചുള്ള ജീവിതശൈലി. ഇവയെല്ലാം ഒന്നിച്ച്‌ നമ്മുടെ സമ്പാദ്യത്തെ നിശബ്ദമായി ചോർത്തിക്കളയുകയാണ്. അധികമാളുകളും നേരിട്ടുകൊണ്ടിരിക്കുന്ന ഈ പ്രതിസന്ധിക്ക് സോഷ്യല്‍മീഡിയയിലൂടെ തികച്ചും വ്യത്യസ്തമായ ഒരു പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് ബംഗളൂരുവില്‍ നിന്നുള്ള അക്ഷയ് സി.എൻ എന്ന ഇൻസ്റ്റഗ്രാം കണ്ടന്‍റ് ക്രിയേറ്റർ.

വലിയ ശമ്പളമോ പുതിയ പാർട് ടൈം ജോലികളോ അല്ല, മറിച്ച്‌ നമ്മുടെ ദിനചര്യകളില്‍ വരുത്തുന്ന ചെറിയ ചില മാറ്റങ്ങളാണ് നഗരത്തില്‍ ജീവിച്ചു കൊണ്ട് പണം ലാഭിക്കാൻ സഹായിക്കുകയെന്നാണ് അക്ഷയുടെ അഭിപ്രായം. സ്വന്തം ജീവിതത്തിലൂടെ അനുഭവിച്ചറിഞ്ഞ 7 കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം വീഡിയോ ചെയ്തിരിക്കുന്നത്.ആദ്യം തന്നെ താമസസ്ഥലത്തെ കുറിച്ച്‌ എടുത്തുപറഞ്ഞാണ് വീഡിയോയുടെ തുടക്കം. സൗന്ദര്യമുള്ളതോ ‘ഫാൻസി’ ആയതോ ആയ പ്രദേശങ്ങളില്‍ വീട് കണ്ടെത്തുന്നതിന് പകരം മെട്രോ സ്റ്റേഷന് അടുത്തുള്ള സ്ഥലത്തേക്ക് താമസം മാറ്റുകയെന്നതാണ് ഇതില്‍ പ്രധാനം. തുടക്കത്തില്‍ അല്‍പ്പം ഉയർന്ന വാടക തോന്നാമെങ്കിലും ദിവസേനയുള്ള യാത്രയ്ക്കുള്ള ഇന്ധനച്ചെലവും ഓട്ടോക്കൂലിയും അതുവഴിയുണ്ടാകുന്ന മാനസിക സമ്മർദ്ദവും ഇത് വൻതോതില്‍ കുറച്ചതായി അക്ഷയ് വ്യക്തമാക്കുന്നു.രണ്ടാമതായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് ‘സൗകര്യങ്ങള്‍’ക്കായി മുടക്കുന്ന അമിത ചെലവുകളെ കുറിച്ചാണ്. അത്യാവശ്യത്തിനല്ലാതെയുള്ള ക്വിക്ക് ഡെലിവറികള്‍, നിരന്തരമായ ഓണ്‍ലൈൻ സബ്സ്ക്രിപ്ഷനുകള്‍, ചെറിയ ഓണ്‍ലൈൻ പർച്ചേസുകള്‍ എന്നിവയാണ് പലപ്പോഴും വലിയ സാമ്പത്തിക ചോർച്ചയ്ക്ക് കാരണമാകുന്നത്.മൂന്നാമത്തെ പ്രധാന വിഷയം വാരാന്ത്യങ്ങളിലെ കണ്ണും കയ്യുമില്ലാത്ത പണംചെലവിടലാണ്.

മുൻകൂട്ടി പ്ലാൻ ചെയ്യാതെയുള്ള കഫേ സന്ദർശനങ്ങള്‍, പബ്ബുകള്‍, യാതൊരു നിയന്ത്രണവുമില്ലാത്ത ഔട്ടിങ്ങുകള്‍ എന്നിവ നഗരത്തിലെ സമ്പാദ്യത്തെ വേഗത്തില്‍ തകർക്കും. അതിനാല്‍ വാരാന്ത്യങ്ങള്‍ കൃത്യമായ പ്ലാനിങ്ങോടെ മുന്നോട്ടു കൊണ്ടുപോകണമെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു.നാലാമതായി, സുഹൃത്തുക്കളോ സഹപ്രവർത്തകരോ പുതിയ ഗാഡ്‌ജെറ്റുകള്‍ വാങ്ങുന്നു എന്നതുകൊണ്ട് മാത്രം താനും ഗാഡ്‌ജെറ്റുകള്‍ അപ്‌ഗ്രേഡ് ചെയ്യുന്നത് നിർത്തിയെന്നാണ് അക്ഷയ് പറയുന്നത്. ബെംഗളൂരുവിലെ കോർപ്പറേറ്റ് ജോലി സംസ്കാരം പലപ്പോഴും അനാവശ്യമായ ഒരു പിയർ പ്രഷർ ഉണ്ടാക്കുന്നുണ്ടെന്നും അതില്‍ വീണുപോകാതിരിക്കുക പ്രധാനമാണെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.അഞ്ചാമതായി, നഗരത്തിലെ ട്രെൻഡുകള്‍ക്കൊപ്പം ഓടാൻ ശ്രമിക്കുന്നത് അവസാനിപ്പിക്കുന്നത് ഗുണം ചെയ്യുമെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം.

പലരും സമൂഹത്തിന് മുന്നില്‍ സ്റ്റൈലിഷായി നില്‍ക്കാൻ വേണ്ടി മാത്രം പണം ചെലവഴിക്കുമ്പോള്‍, താൻ ആ മാതൃകയില്‍ നിന്ന് പിന്മാറിയതായി പറയുന്നു. ആരോഗ്യവുമായി ബന്ധപ്പെട്ടതാണ് ആറാമത്തെ നിർദേശം. എല്ലാ ദിവസവും പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നതിന് പകരം ഇടയ്ക്കിടെ സ്വന്തമായി ഭക്ഷണം പാകം ചെയ്തുകഴിക്കുന്നത് ശീലമാക്കി. ഇത് തന്‍റെ ആരോഗ്യത്തിലും മാസച്ചെലവിലും ഒരുപോലെ വലിയ മാറ്റമുണ്ടാക്കിയെന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി. കൂടുതല്‍ ശമ്പളം ലഭിക്കുന്നത് കൊണ്ട് മാത്രം സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടില്ലെന്നും മികച്ച ശീലങ്ങളാണ് യഥാർത്ഥത്തില്‍ ബെംഗളൂരുവില്‍ പ്രധാനം എന്ന തിരിച്ചറിവോടെയാണ് അക്ഷയ് തന്റെ അനുഭവങ്ങള്‍ അവസാനിപ്പിക്കുന്നത്.അക്ഷയ് പങ്കുവെച്ച വീഡിയോക്ക് താഴെ നിരവധി പേരാണ് വിവിധ അനുകൂലവും പ്രതികൂലവുമായ അഭിപ്രായപ്രകടനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group