Home തിരഞ്ഞെടുത്ത വാർത്തകൾ ഇരുചക്രവാഹനത്തില്‍ ഘടിപ്പിച്ച ഇരുമ്പുകൂട്ടിനുള്ളില്‍ 5 കുട്ടികള്‍; നടുക്കത്തോടെ സോഷ്യല്‍ മീഡിയ

ഇരുചക്രവാഹനത്തില്‍ ഘടിപ്പിച്ച ഇരുമ്പുകൂട്ടിനുള്ളില്‍ 5 കുട്ടികള്‍; നടുക്കത്തോടെ സോഷ്യല്‍ മീഡിയ

by ടാർസ്യുസ്

ഇരുചക്രവാഹനത്തിന്റെ പിൻഭാഗത്ത് പ്രത്യേകമായി ഘടിപ്പിച്ച ഇരുമ്പുകൂട്ടില്‍ അഞ്ച് കുട്ടികളെ ഇരുത്തി അപകടകരമായി യാത്ര ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.ട്രാഫിക് നിയമങ്ങളും കുട്ടികളുടെ സുരക്ഷയും പൂർണ്ണമായും കാറ്റില്‍പ്പറത്തിക്കൊണ്ടുള്ള ഈ യാത്ര വലിയ പ്രതിഷേധത്തിനും ചർച്ചകള്‍ക്കുമാണ് വഴിതുറന്നിരിക്കുന്നത്.ഇരുചക്രവാഹനത്തിന്റെ പിൻഭാഗത്ത് ലോഹം കൊണ്ടുള്ള ഒരു കൂട് നിർമ്മിച്ച്‌ അതിനുള്ളിലാണ് അഞ്ച് കുട്ടികളെ ഇരുത്തിയിരിക്കുന്നത്. ഇതുകൂടാതെ മറ്റൊരു കുട്ടിയെ മുൻവശത്തും ഇരുത്തിയിട്ടുണ്ട്. വാഹനം ഓടിച്ചിരുന്നയാള്‍ ഹെല്‍മറ്റ് ധരിച്ചിട്ടുണ്ടെങ്കിലും കൂട്ടിലുണ്ടായിരുന്ന കുട്ടികള്‍ക്ക് യാതൊരുവിധ സുരക്ഷാ ഉപകരണങ്ങളും ഉണ്ടായിരുന്നില്ല.കർണാടകയിലെ മൈസൂരു-നഞ്ചൻഗുഡ് റോഡിലാണ് സംഭവം നടന്നതത്രെ.

‘കഴിഞ്ഞ രാത്രി മൈസൂരു-നഞ്ചൻഗുഡ് റോഡില്‍: ഒരു ടിവിഎസ് എക്സ്‌എല്‍ ഇരുചക്രവാഹനത്തില്‍ കോഴികളെ കൊണ്ടുപോകുന്നതുപോലെ അഞ്ച് കുട്ടികളെയും കൊണ്ട് ഒരാള്‍ യാത്ര ചെയ്യുന്നു. ഞായറാഴ്ച ആയതിനാല്‍ കടുത്ത തിരക്കുള്ള ഊട്ടി മെയിൻ റോഡായിരുന്നു അത്. ഈ കുട്ടികളുടെ സുരക്ഷയെക്കുറിച്ച്‌ ആർക്കെങ്കിലും ഉത്കണ്ഠയുണ്ടോ?’ എന്നായിരുന്നു വീഡിയോയ്ക്കൊപ്പമുണ്ടായിരുന്ന കുറിപ്പ്.കുട്ടികളുടെ ജീവൻ പണയം വെച്ചുള്ള ഈ യാത്രയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. കുട്ടികളുടെ ജീവൻ അപകടത്തിലാക്കുന്നതും ഗുരുതരമായ ട്രാഫിക് നിയമലംഘനം നടത്തുന്നതും വലിയ കുറ്റമാണെന്ന് ആളുകള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ‘ഒരുപക്ഷേ അത് ആ കുട്ടികളുടെ അച്ഛൻ തന്നെയായിരിക്കാം വാഹനം ഓടിക്കുന്നത്’ എന്ന് ഒരാള്‍ അഭിപ്രായപ്പെട്ടപ്പോള്‍, ഇന്ത്യയിലെ പല നഗരങ്ങളിലും ഇത്തരം നിയമലംഘനങ്ങള്‍ വളരെ സാധാരണമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് മറ്റൊരാള്‍ കുറിച്ചു.സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ വാഹന ഉടമയ്‌ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group