Home തിരഞ്ഞെടുത്ത വാർത്തകൾ ഉത്തര്‍ പ്രദേശിനെ നാലാക്കി വിഭജിക്കണം എന്ന് മന്ത്രി; നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പ്രധാന ചര്‍ച്ച

ഉത്തര്‍ പ്രദേശിനെ നാലാക്കി വിഭജിക്കണം എന്ന് മന്ത്രി; നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പ്രധാന ചര്‍ച്ച

by ടാർസ്യുസ്

ഉത്തര്‍ പ്രദേശിനെ നാല് ചെറിയ സംസ്ഥാനങ്ങളാക്കി വിഭജിക്കണം എന്ന് യോഗി ആദിത്യനാഥ് സര്‍ക്കാരിലെ മന്ത്രിയായ ഓം പ്രകാശ് രാജ്ഭര്‍.പിന്നാക്ക വിഭാഗക്കാരുടെ ക്ഷേമത്തിന് രൂപീകരിച്ച സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്ബിഎസ്പി) അധ്യക്ഷനാണ് ഇദ്ദേഹം. സംസ്ഥാനത്തെ നാലാക്കി വിഭജിക്കേണ്ടത് അനിവാര്യമാണ് എന്നാണ് മന്ത്രിയുടെ അഭിപ്രായം.രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുടെ സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. വികസന പ്രവര്‍ത്തനങ്ങള്‍ എല്ലാ ജനങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും എത്തുന്നതിന് സംസ്ഥാനത്തെ വിഭജിക്കണം എന്ന് നേരത്തെ ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു എങ്കിലും കാര്യമായ നടപടിയുണ്ടായിരുന്നില്ല.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിലാണ് ഓം പ്രകാശ് രാജ്ഭറിന്റെ ആവശ്യം.പൂര്‍വാഞ്ചല്‍ മേഖലയില്‍ ഒരു സംസ്ഥാനം ആവശ്യമാണ്. ഇവിടെ ഭൂരിപക്ഷമുള്ള രാജ്ഭര്‍ സമുദായത്തില്‍ നിന്നുള്ള നേതാവ് മുഖ്യമന്ത്രിയാകണം. തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യം രൂപീകരിക്കുമ്പോള്‍ ഈ ആവശ്യം മുന്നോട്ട് വെക്കാനാണ് രാജ്ഭറിന്റെ തീരുമാനം. ഇത് അംഗീകരിക്കുന്ന പാര്‍ട്ടിക്ക് പിന്തുണ നല്‍കാമെന്ന് ഓം പ്രകാശ് രാജ്ഭര്‍ പറയുന്നു.ഓം പ്രകാശ് രാജ്ഭര്‍ ഈ വേളയില്‍ സംസ്ഥാനം വിഭജിക്കണം എന്ന ആവശ്യം ഏറ്റെടുക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണ് എന്ന് പറയപ്പെടുന്നു. തിരഞ്ഞെടുപ്പ് അടുത്തതോടെ മേഖലയിലെ ജനങ്ങളുടെ പ്രധാന ആവശ്യം മന്ത്രിയും ഏറ്റെടുക്കുകയാണ്. ഇതുവഴി രാജ്ഭര്‍ സമുദായത്തിന്റെ മൊത്തം വോട്ടും തനിക്ക് ലഭിക്കുമെന്ന് അദ്ദേഹം കണക്കുകൂട്ടുന്നു.പൂര്‍വാഞ്ചല്‍, മധ്യാഞ്ചല്‍, ബുന്ദേല്‍ഖണ്ഡ്, ഹരിത് പ്രദേശ് എന്നിങ്ങനെ നാലായി ഉത്തര്‍ പ്രദേശിനെ വിഭജിക്കണം എന്നാണ് ഓം പ്രകാശ് രാജ്ഭര്‍ ആവശ്യപ്പെടുന്നത്. പൂര്‍വാഞ്ചല്‍ മേഖലയില്‍ രാജ്ഭര്‍ സമുദായത്തിലുള്ളവര്‍ക്ക് സ്വാധീനമുണ്ട്.

ഭാവി പൂര്‍വാഞ്ചല്‍ സംസ്ഥാനത്ത് രാജ്ഭര്‍ സമുദായ അംഗം മുഖ്യമന്ത്രിയാകണം എന്ന ഉപാധിയാണ് തങ്ങള്‍ മുന്നോട്ട് വെക്കുന്നത് എന്നും ഓം പ്രകാശ് പറഞ്ഞു.ദശാബ്ദങ്ങളായി ഉത്തര്‍ പ്രദേശില്‍ ചര്‍ച്ചയിലുള്ളതാണ് സംസ്ഥാന വിഭജനം. കിഴക്കന്‍ ഉത്തര്‍ പ്രദേശിലെ ഭാഗങ്ങളാണ് പൂര്‍വാഞ്ചല്‍ മേഖല. മധ്യ മേഖല എന്നത് അവധ് പ്രദേശമാണ്. തെക്കന്‍ പ്രദേശമാണ് ബുന്ദേല്‍ഖണ്ഡ്. പടിഞ്ഞാറന്‍ യുപിയാണ് ഹരിത് പ്രദേശ്. ജനസംഖ്യ കൂടുതലുള്ള പൂര്‍വാഞ്ചല്‍ മേഖലയില്‍ തൊഴിലില്ലായ്മ രൂക്ഷമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ജോലി തേടി പോകുന്നവരാണ് ഇവിടെയുള്ളവര്‍. മധ്യാഞ്ചല്‍ എന്നത് യുപിയുടെ പ്രമുഖ സാമ്പത്തിക കേന്ദ്രമാണ്. വരള്‍ച്ച ബാധിച്ച പ്രദേശമാണ് ബുന്ദേല്‍ഖണ്ഡ്.ഉത്തര്‍ പ്രദേശിനെ മൂന്നാക്കി വിഭജിക്കണം എന്ന് ബിആര്‍ അംബേദ്കര്‍ 1955ല്‍ ആവശ്യപ്പെട്ടിരുന്നു. 2011ല്‍ മായാവതി സര്‍ക്കാര്‍ സംസ്ഥാന വിഭജന പ്രമേയം നിയമസഭയില്‍ പാസാക്കിയിട്ടുണ്ട്. എന്നാല്‍ തുടര്‍ നടപടികളുണ്ടായില്ല. കേന്ദ്ര സര്‍ക്കാരിന്റെ കൂടി അനുമതി ഇക്കാര്യത്തില്‍ ആവശ്യമാണ്. നേരത്തെ കോണ്‍ഗ്രസും ഇപ്പോള്‍ ബിജെപിയും ഇതിന് അനുകൂലമായ തീരുമാനം എടുത്തിട്ടില്ല.

You may also like

error: Content is protected !!
Join Our WhatsApp Group