ഡല്‍ഹി: ചന്ദ്രനില്‍ 728 അടി വ്യാസവും 141 അടി ആഴവുമുള്ള പുത്തൻ ഗർത്തം രൂപപ്പെട്ടതായി കണ്ടെത്തി. 2024ലാണ് ഗർത്തം രൂപപ്പെട്ടത്.ഒരു വമ്പൻ ഉല്‍ക്ക വന്ന് ചന്ദ്രനില്‍ ഇടിച്ചതാണ് രണ്ട് ഫുട്ബോള്‍ മൈതാനങ്ങളേക്കാള്‍ വലിപ്പമുള്ള ഗർത്തമുണ്ടാകാൻ കാരണം. ഗർത്തമുണ്ടായി അധികം കഴിയും മുമ്പ് തന്നെ അത് വഴി കടന്ന് പോയ നാസയുടെ ലൂണാർ റെക്കോണൈസൻസ് ഓർബിറ്റർ അതിന്റെ ചിത്രമെടുത്തിരുന്നു.

ഉപഗ്രഹത്തില്‍ നിന്നുള്ള വിവരങ്ങള്‍ പരിശോധിക്കുന്നതിനിടെ 2025 ഓഗസ്റ്റിലാണ് ഗവേഷകർ ഇതൊരു പുത്തൻ ഗർത്തമാണെന്ന് തിരിച്ചറിഞ്ഞത്.തുടർന്ന് എല്‍ആർഒ ഉപയോഗിച്ച് തന്നെ കൂടുതല്‍ വ്യക്തതയുള്ള ചിത്രങ്ങളെടുത്തു.100 വർഷത്തില്‍ ഒരിക്കലാണ് ഇത്രയും വലിയ ഗർത്തങ്ങള്‍ ചന്ദ്രനില്‍ രൂപപ്പെടാറെന്ന അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ അറിയിച്ചു. അന്തരിച്ച പ്രശസ്ത ഭൗമശാസ്ത്രജ്ഞനും ജ്യോതിശ്ശാസ്ത്രജ്ഞനുമായ തോമസ് മക്ഗെച്ചിനോടുള്ള ആദര സൂചകമായി ഗർത്തത്തിന് മക്ഗെച്ചിൻ ഗർത്തമെന്ന് പേരിട്ടു. നാസയുടെ എല്‍ആർഒ ടീം അംഗമായ റോബർട്ട് വാഗ്നറാണ് ഗർത്തം ആദ്യം തിരിച്ചറിഞ്ഞത്.