Home കർണാടക ബെംഗളൂരു ഹെബ്ബാള്‍ ടണല്‍ റോഡ്; പദ്ധതി വേഗത്തില്‍ പുരോഗമിക്കുന്നു, ഗതാഗത കുരുക്ക് അഴിയില്ലെന്ന് വിമര്‍ശനം

ബെംഗളൂരു ഹെബ്ബാള്‍ ടണല്‍ റോഡ്; പദ്ധതി വേഗത്തില്‍ പുരോഗമിക്കുന്നു, ഗതാഗത കുരുക്ക് അഴിയില്ലെന്ന് വിമര്‍ശനം

by ടാർസ്യുസ്

ബെംഗളൂരു: നിയമപരമായ വെല്ലുവിളികളും ഏതാണ്ട് 893 മരങ്ങളെ ബാധിക്കുമെന്ന ആശങ്കകളും ഹെബ്ബാള്‍ തടാകത്തിലെ 3.45 ഏക്കർ ഭൂമി പദ്ധതിക്കായി ഉപയോഗിക്കാനുള്ള നിർദേശവും നിലനില്‍ക്കുന്നതിനിടെ, എസ്‌റ്റീം മാളില്‍ നിന്ന് ബാപ്റ്റിസ്‌റ്റ് ആശുപത്രിയിലേക്ക് ബന്ധിപ്പിക്കുന്ന 2.2 കിലോമീറ്റർ ദൈർഘ്യമുള്ള ഷോർട്ട് ടണല്‍ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങള്‍ വേഗത്തില്‍ പുരോഗമിക്കുന്നു.വെറ്ററിനറി കോളേജ് ക്യാമ്പസിലും ഹെബ്ബാള്‍ ട്രീ പാർക്കിന് സമീപവും പദ്ധതിയുടെ ഭാഗമായുള്ള പ്രദേശങ്ങളില്‍ വലിയ തോതില്‍ താല്‍ക്കാലിക ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

മണ്ണ് നീക്കം ചെയ്യലും കുഴിയെടുക്കലും പുരോഗമിക്കുകയാണ്. ഇതിനായി മണ്ണുമാന്തി യന്ത്രങ്ങളും ക്രെയിനുകളും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. ചില ഭാഗങ്ങളില്‍ ചരല്‍ വിരിച്ച്‌ ഉറപ്പിക്കുന്ന ജോലികളും നടക്കുന്നുണ്ട്. തൊഴിലാളികള്‍ സ്ഥലം ഒരുക്കുന്നതുള്‍പ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങളില്‍ ഏർപ്പെട്ടിരിക്കുകയാണ്.വെറ്ററിനറി കോളേജില്‍ നിർമാണ പ്രവർത്തനങ്ങള്‍ വേഗത്തിലായിട്ടുണ്ട്. ഒരു കാസ്‌റ്റിങ് യാർഡും കൂടുതല്‍ തൊഴിലാളികളും ഉപകരണങ്ങളും ഇവിടെയുണ്ട്. ജോലി വേഗത്തില്‍ പൂർത്തിയാക്കുന്നതിനായി ഞായറാഴ്‌ചകളിലും വൈകുന്നേരങ്ങളിലും ജോലി നടക്കുന്നുണ്ട്. സാധാരണയായി ബെംഗളൂരുവില്‍ ജോലികള്‍ വൈകുന്നതാണ് പതിവെങ്കിലും ഇക്കുറി കാര്യങ്ങള്‍ വേഗത്തിലാണെന്ന് പ്രദേശവാസികള്‍ തന്നെ സമ്മതിക്കുന്നു.എന്നാല്‍ പദ്ധതിക്ക് എതിരെ എതിർപ്പും ശക്തമാണ്.

ഹെബ്ബാള്‍ ഷോർട്ട് ടണല്‍ ഗതാഗതക്കുരുക്ക് പരിഹരിക്കില്ല, അത് മറ്റൊരു സ്ഥലത്തേക്ക് മാറ്റുക മാത്രമാണ് ചെയ്യുക. മെട്രോ പദ്ധതിയുടെ ചെലവിന്റെ ആറിരട്ടി ചെലവില്‍ ടണല്‍ നിർമിക്കുകയാണ്. ഹെബ്ബാള്‍ തടാകത്തിന്റെ നീർത്തട പ്രദേശത്തൂടെയും വെറ്ററിനറി കോളേജ് ക്യാമ്പസിലൂടെയും ടണലുകള്‍ നിർമിക്കുന്നതിന് പകരം ബെംഗളൂരുവിന് ആദ്യം ആവശ്യമായത് പൊതുഗതാഗത സംവിധാനമാണെന്ന് നഗരവാസികള്‍ ചൂണ്ടിക്കാണിക്കുന്നു.കർണാടക ഹൈക്കോടതിയില്‍ പദ്ധതിക്കെതിരെ പൊതുതാല്‍പര്യ ഹർജി നിലനില്‍ക്കുന്നതിനിടെയാണ് മരങ്ങളില്‍ അടയാളപ്പെടുത്തല്‍ നടത്തുകയും നിർമാണം ആരംഭിക്കുകയും ചെയ്‌തിരിക്കുന്നത്. അർഥവത്തായ പൊതുചർച്ചയും നടന്നിട്ടില്ല. പിന്നെ എന്തിനാണ് ഈ തിടുക്കമെന്ന് ഒരു പ്രദേശവാസിയെ ഉദ്ധരിച്ച്‌ ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.ഷോർട്ട് ടണല്‍ പദ്ധതിയെക്കുറിച്ച്‌ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ പഠനവും വെള്ളപ്പൊക്ക, ഭൂസാങ്കേതിക പ്രശ്‌നങ്ങളുടെ സാധ്യത ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഹെബ്ബാള്‍ തടാകത്തിന്റെ ഭാഗത്തെ ടണല്‍ പ്രവേശനകവാടം ഏറ്റവും താഴ്ന്ന പ്രദേശത്തായതിനാല്‍ മഴക്കാലത്ത് വെള്ളപ്പൊക്കത്തിന് വലിയ സാധ്യതയുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു.ഫ്ലൈഓവർ തൂണിനും തടാകത്തിന്റെ അതിർത്തിക്കും ഇടയിലുള്ള ‘കട്ട് ആൻഡ് കവർ’ ഭാഗത്തെ ഭൂസാങ്കേതിക പ്രശ്‌നങ്ങളെക്കുറിച്ചും പഠനം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സുരക്ഷിതമായ ഭൂസാങ്കേതിക പരിശോധന നടത്താതെ നിർമ്മാണം നടത്തിയാല്‍ നിലവിലുള്ള ഘടനയെ ബാധിക്കാനിടയുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.അതിനിടെ ഹെബ്ബാള്‍ തടാകത്തിന്റെ രണ്ടാംഘട്ട നവീകരണത്തിനായി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി 13.8 കോടി രൂപയുടെ ടെൻഡർ ക്ഷണിച്ചു. ചെളി നീക്കം ചെയ്യുന്നതിന് പുറമേ വിവിധ നിർമാണ പ്രവർത്തനങ്ങള്‍ക്കും ഈ ഘട്ടത്തില്‍ പ്രാധാന്യം നല്‍കുന്നുണ്ട്. തടാകത്തിലേക്ക് വെള്ളമെത്തിക്കുന്ന ഫീഡർ ചാനലില്‍ അടിഞ്ഞുകൂടിയ 3.26 ലക്ഷം ഘനമീറ്റർ മണ്ണും ചെളിയും നീക്കം ചെയ്യുക, വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാൻ സ്‌റ്റോപ്പ്‌ലോഗ് ഗേറ്റ് സ്ഥാപിക്കുക, തടാകത്തിന്റെ കരകള്‍ ശക്തിപ്പെടുത്തുക തുടങ്ങിയവയാണ് പ്രധാന ജോലികള്‍.

You may also like

error: Content is protected !!
Join Our WhatsApp Group