ബെംഗളൂരു: കർണാടകത്തില്‍ പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിയുടെ വസതിയില്‍ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്.എക്സൈസ് മന്ത്രി ആയിരുന്നപ്പോള്‍ നടത്തിയ ഇടപാടുകളിലാണ് അന്വേഷണം നടക്കുന്നത്. ബാർ ലൈസൻസ് അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്ന് ഇഡി ആരോപിക്കുന്നു. വിദേശത്തേക്ക് പണം കടത്തിയതായും ഇഡിക്ക് സംശയമുണ്ട്. മന്ത്രിയുടെ മകളും എംപിയുമായ പ്രിയങ്ക ജാർക്കിഹോളിയുടെ വസതിയിലും റെയ്ഡ് നടക്കുന്നുണ്ട്. റെയ്ഡ് നടക്കുന്ന വീടുകള്‍ക്ക് മുന്നില്‍ സുരക്ഷാ ഉദ്യോഗസ്ഥർ നിലയുറപ്പിച്ചിട്ടുണ്ട്.ബെലഗാവി ഉള്‍പ്പെടെ അഞ്ച് കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. മന്ത്രിയുടെ ബെംഗളൂരുവിലെ ഡോളേഴ്സ് കോളനിയിലുള്ള വീട്ടിലാണ് പരിശോധന നടക്കുന്നത്.
മന്ത്രിയുമായി ബന്ധപ്പെട്ട് ഗോവയിലും പരിശോധന നടക്കുന്നുണ്ട്. 25 അംഗ സംഘമാണ് പരിശോധന നടത്തുന്നത്.ഒന്നാം സിദ്ധരാമയ്യ സർക്കാരില്‍ എക്സൈസ് മന്ത്രി ആയിരുന്നു സതീഷ്. മന്ത്രിയുടെ ഭാര്യാസഹോദരന്റെ വീട്ടില്‍ ഇഡി നേരത്തെ പരിശോധന നടത്തിയിരുന്നു. എക്സൈസ് അഡീ. കമ്മീഷണറായിരുന്ന വൈ മഞ്ജുനാഥയുടെ ബെലഗാവിയിലെ വീട്ടിലായിരുന്നു പരിശോധന നടന്നത്. ജൂണ്‍ മാസം 24നായിരുന്നു മഞ്ജുനാഥയുടെ വീട്ടിലെ പരിശോധന നടന്നത്. അന്നേദിവസം മഞ്ജുനാഥയോട് അടുപ്പമുള്ളവരുടെ വീടുകളിലും പരിശോധന നടന്നിരുന്നു.
