ചെന്നൈ: തമിഴ്നാട് നിയമസഭയില്‍ മുഖ്യമന്ത്രി സി. ജോസഫ് വിജയിയെ കടന്നാക്രമിച്ച് ഡിഎംകെ നേതാവും പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിൻ.സഭയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്കാൻ തയ്യാറെടുപ്പുകളൊന്നുമില്ലാതെ എത്തിയ വിജയ്, “റോള്‍ ക്യാമറ, ആക്ഷൻ” മോഡില്‍ സിനിമാ ഡയലോഗുകള്‍ പറയുകയാണെന്ന് ഉദയനിധി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘എക്സില്‍’ കുറിച്ചു.ഇഡി ആരോപണങ്ങളുടെ പ്രിന്റൗട്ടുകള്‍ എടുത്തു കൊണ്ടുവന്ന് വായിക്കാൻ എന്തിനാണ് മൂന്ന് ദിവസമടുത്തതെന്ന് ഉദയനിധി ചോദിച്ചു. ഉത്തരമില്ലാത്ത മറുപടികളും, പഴിചാരലും, വിഷയം തിരിച്ചുവിടലുമാണ് സഭയില്‍ കണ്ടത്.

പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളെ ഭയന്ന് ഒളിച്ചോടാതെ അടുത്ത തവണയെങ്കിലും കൃത്യമായി പഠിച്ച് സഭയിലെത്താൻ അദ്ദേഹം വിജയിയെ പരിഹസിച്ചു.മുൻ ഡിഎംകെ ഭരണകാലത്ത് പാർട്ടി ഫണ്ടിന്റെ പേരില്‍ വൻ അഴിമതി നടന്നതായി നിയമസഭയില്‍ സംസാരിക്കവേ, വിജയ് ആരോപിച്ചിരുന്നു. മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ഉദയനിധി സ്റ്റാലിൻ, മുൻ മന്ത്രി സെന്തില്‍ ബാലാജി എന്നിവരുടെ പേരുകള്‍ ഇഡി രേഖകളില്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വിജയ് ഡിഎംകെയെ കടന്നാക്രമിച്ചത്. ഇതിന് പിന്നാലെയാണ് വിജയിയുടെ പ്രസംഗം വെറും സിനിമാറ്റിക് നാടകമാണെന്ന് ആക്ഷേപിച്ച് ഉദയനിധി രംഗത്തെത്തിയത്.