കാസർകോട് : കാലിക്കടവ് എംഡിഎംഎ കേസില്‍ കേരള പോലീസ് പിടികൂടിയത് അന്താരാഷ്ട്ര ലഹരിമരുന്ന് ഇടപാട് സംഘത്തെ. ലഹരി മരുന്ന് കേരളത്തിന്റെ അതിർത്തി കടത്തുന്നത് ഗുജറാത്ത് സ്വദേശിനി റിയ ഖാൻ എന്നും പണം ഇടപാട് നടത്തുന്നത് ഘാന സ്വദേശി വിക്ടറെന്നും പോലീസിന്റെ നിഗമനം.കാലിക്കടവില്‍ നിന്ന് 139.290 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തിലാണ് ഇതുവരെയും കേരള പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ഇതുവരെ ഏഴു പേരാണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവി നിധിൻ രാജ് ഐപിഎസ്സിന്റെ മേല്‍നോട്ടത്തിലും കാഞ്ഞങ്ങാട് ഡിവൈഎസ്പി അനില്‍ കുമാർ എം വി യുടെ നേതൃത്വത്തിലുമുള്ള 17 അംഗ സ്പെഷ്യല്‍ ഇൻവെസ്റ്റിഗേഷൻ ടീം ആണ് അന്വേഷണം നടത്തുന്നത്.

കേസിലെ അന്തർസംസ്ഥാന മയക്കുമരുന്ന് ശൃഖലയുമായി നേരിട്ട് ബന്ധമുള്ള അമ്പലത്തറ ബേളൂർ പാറപ്പള്ളി സ്വദേശി മുഹമ്മദ് സാബീർ കെ (33) എന്നയാളെ ഈ മാസം 19-ാം തീയതി അമ്പലത്തറയില്‍ നിന്നും അന്വേഷണ സംഘം പിടികൂടിയിരുന്നു. തുടർന്ന്, അറസ്റ്റിലായ മുഴുവൻ പ്രതികളേയും പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മയക്കുമരുന്ന് ശൃംഖലയുടെ കേരളത്തിന് പുറത്തുള്ള മുഖ്യ ഇടനിലക്കാരിയായ ഗുജറാത്ത് അഹമ്മദാബാദ് ലാംബ സ്വദേശിനി റിയ ഖാൻ എന്നറിയപ്പെടുന്ന സാത്തി ഷേഖ് (31) പിടിയിലായത്, മധ്യപ്രദേശ് ഗ്വാളിയോറില്‍ നിന്നുമാണ് ഒളിവില്‍ കഴിയുന്നതിനിടെ സാഹസിക്കായി സബ് ഇൻസ്പെക്ടർ (ഹൊസ്ദുർഗ്) നീതു തച്ചഞ്ചേരി ഉള്‍പ്പെട്ട അന്വേഷണ സംഘം പിടികൂടിയത്.
ഇവരില്‍ നിന്നും നിർണായക വിവരങ്ങള്‍ പോലീസ് ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനുപുറമേ, കേരളത്തിലെ എംഡിഎംഎ ലഹരി ശൃംഖലയുടെ പ്രധാനി ഘാന സ്വദേശി വിക്ടർ ദസാബയെ കൊല്ലത്തു വെച്ചും അന്വേഷണ സംഘം പിടിക്കൂടി, ഇയാള്‍ കോഴിക്കോട് നടക്കാവ്, കൊല്ലം കൊട്ടിയം പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്. കൊല്ലം കൊട്ടിയം ട്രാൻസിറ്റ് ഹോമില്‍ നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കേസില്‍ റിമാൻഡില്‍ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയിരുന്നു. പെരുമ്പാവൂർ സ്വദേശികളായ കെ എച്ച് മുഹമ്മദ് ഹുസൈൻ, പി എ അബ്ദുള്‍ സലാം, പി എ അബ്ബാസ്, സൈനുലാബിദീൻ എന്നിവരെയാണ് കോടതിയില്‍ ഹാജരാക്കിയത്. പ്രതികളെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിടുകയും ചെയ്തിരുന്നു .കസ്റ്റഡി കാലാവധി കഴിഞ്ഞതോടെ വീണ്ടും ജയിലിലേക്ക് മാറ്റി. 139.290 ഗ്രാം എംഡിഎംഎ കാലിക്കടവില്‍ വില്‍പ്പന നടത്താൻ ശ്രമിക്കുമ്പോഴാണ് പ്രതികള്‍ പൊലീസിൻ്റെ വലയിലായത്.