ഗൂഡല്ലൂര്‍: ഊട്ടിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് തിങ്കളാഴ്ച മുതല്‍ സഞ്ചാരികള്‍ക്ക് പ്രവേശനം നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.
ബൊട്ടാണിക്കല്‍ ഗാര്ഡന്, ബോട്ട് ഹൗസ്, ദൊഡ്ഡബെട്ട, കുന്നൂരിലെ സിംസ് പാര്‍ക്ക് തുടങ്ങി എല്ലാ കേന്ദ്രങ്ങളിലേക്കും പ്രവേശനമുണ്ടാകും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പ്രവേശനം.കോവിഡിനെ തുടര്‍ന്ന് 2020 മാര്‍ച്ചിലാണ് ആദ്യമായി ഈ കേന്ദ്രങ്ങള്‍ അടച്ചിട്ടത്. മാസങ്ങള്‍ക്കുശേഷം വീണ്ടും തുറന്നെങ്കിലും കോവിഡ് രണ്ടാം വ്യാപനത്തെ തുടര്‍ന്ന് വീണ്ടും അടച്ചിട്ടു.ഇതിനിടെ സംസ്ഥാനത്തിന് അകത്തുനിന്നുള്ള സഞ്ചാരികള്‍ക്ക് ഊട്ടിയിലേക്ക് വരാന്‍ അനുവാദം നല്‍കിയിരുന്നു. കേരളം, കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് വിലക്ക് തുടര്‍ന്നു.
സഞ്ചാരികള്‍ക്കുള്ള വിലക്കും ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറക്കാത്തത്തും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങളും റിസോര്‍ട്ടുകളും ഹോട്ടലുകളും സാമ്ബത്തിക പ്രതിസന്ധിലാവുകയും ചെയ്തതോടെയാണ് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചത്.കേരളം ഒഴികെ ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നുള്ള ട്രാന്‍സ്പോര്‍ട്ട് ബസുകളുടെ സര്‍വിസ് തുടങ്ങുമെന്നും അറിയിപ്പുണ്ട്. അതേസമയം, കേരളത്തില്‍നിന്ന് വരുന്നവര്‍ക്ക് ഇ-പാസും ആര്.ടി.പി.സി.ആര് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്.