Home കർണാടക ബെംഗളൂരു ഹെബ്ബാള്‍ തുരങ്കപാത; നിര്‍മ്മാണം ആരംഭിക്കാൻ ഒരുങ്ങി ബിഡിഎ, ആശങ്കകള്‍ ഇനിയും ബാക്കി

ബെംഗളൂരു ഹെബ്ബാള്‍ തുരങ്കപാത; നിര്‍മ്മാണം ആരംഭിക്കാൻ ഒരുങ്ങി ബിഡിഎ, ആശങ്കകള്‍ ഇനിയും ബാക്കി

ബെംഗളൂരു: ഹെബ്ബാള്‍ തടാകത്തിനും തടാകത്തിന്റെ ഭാഗത്തും പരിസരത്തുമുള്ള ആയിരത്തിലധികം മരങ്ങള്‍ക്കും നിർദ്ദിഷ്‌ട തുരങ്കപാത പദ്ധതി ബാധിക്കുമെന്ന പരിസ്ഥിതി പ്രവർത്തകരുടെയും ബിജെപിയുടെയും ജെഡിഎസിന്റെയും ആശങ്കകള്‍ക്കിടെ 2.28 കിലോമീറ്റർ നീളമുള്ള ഹെബ്ബാള്‍ ഷോർട്ട് ടണല്‍ പദ്ധതിയുടെ നിർമ്മാണം ആരംഭിക്കാനുള്ള ഒരുക്കത്തില്‍ ബെംഗളൂരു വികസന അതോറിറ്റി.എസ്‌റ്റീം മാളിന് സമീപത്തെ ഹെബ്ബാള്‍ ഭാഗത്ത് നിന്ന് ബാപ്റ്റിസ്‌റ്റ് ആശുപത്രി, ജികെവിഎകെ വെറ്ററിനറി ക്യാമ്പസ് ഭാഗത്തേക്കാണ് തുരങ്കപാത നിർമ്മിക്കുന്നത്.ഇതിന് പുറമെ യൂഎഎസ് സ്‌റ്റാഫ് ക്വാർട്ടേഴ്‌സ്, വെറ്ററിനറി കോളജ് ഭാഗത്ത് നിന്ന് മെഖ്രി സർക്കിളിലേക്ക് 1.78 കിലോമീറ്റർ നീളമുള്ള എലിവേറ്റഡ് കോറിഡോർ പദ്ധതിയും ഉടൻ ആരംഭിക്കും.

തുരങ്കപാതയും എലിവേറ്റഡ് കോറിഡോറും പരസ്പരം സഹായിക്കുന്ന പദ്ധതികളാണെന്നാണ് ഐഐടി ബോംബെയുടെ പഠനം ചൂണ്ടിക്കാട്ടി ബെംഗളൂരു വികസന അതോറിറ്റി അധികൃതർ പറയുന്നത്.നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനുള്ള സമഗ്ര ഗതാഗത ശൃംഖലയുടെ ഭാഗമായാണ് രണ്ട് പദ്ധതികളും ഒരുമിച്ച്‌ നടപ്പാക്കുന്നത്. നിർദ്ദിഷ്‌ട തുരങ്കപാത വരുന്നതോടെ നിലവിലെ റോഡ് ശൃംഖലയിലും സമീപത്തെ ജംഗ്ഷനുകളിലും ഉണ്ടാകുന്ന മാറ്റങ്ങളും ഗതാഗത പഠനത്തില്‍ പരിഗണിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഹെബ്ബാള്‍ ജംഗ്ഷനിലെ നിലവിലെ ഗതാഗത കുരുക്ക് കുറയ്ക്കുന്നതിനും സമീപ റോഡുകളുമായി സുഗമമായി ബന്ധിപ്പിക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.തുരങ്കത്തിലേക്കുള്ള പ്രവേശന റോഡുകളുടെ രൂപകല്‍പ്പന, പാതകളുടെ ക്രമീകരണം, ജംഗ്ഷൻ നിയന്ത്രണം, ഗതാഗത നിയന്ത്രണ സംവിധാനങ്ങള്‍ എന്നിവയും പദ്ധതിയുടെ ഭാഗമായി ഒരുക്കും. കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവള ഭാഗത്ത് നിന്ന് വിധാന സൗധയിലേക്കുള്ള റോഡില്‍ തിരക്കേറിയ സമയത്തെ വാഹനഭാരം 0.5 ശതമാനത്തില്‍ നില്‍ക്കേണ്ടതായിരുന്നെങ്കിലും നിലവില്‍ അത് 2.85 ശതമാനത്തിന് മുകളിലെത്തിയതായി മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

വരും ദിവസങ്ങളില്‍ ഗതാഗത സമ്മർദ്ദം കൂടുതല്‍ വർധിക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഹെബ്ബാള്‍ മേഖലയിലെ പുതിയ ഗതാഗത സംവിധാനങ്ങള്‍ അനിവാര്യമാണെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം ഹെബ്ബാള്‍ തടാകത്തിന് തുരങ്കപാത നേരിട്ട് സമീപത്തുകൂടി പോകുന്നില്ലെന്നാണ് ബെംഗളൂരു വികസന അതോറിറ്റിയുടെ വിശദീകരണം. തടാകത്തിന്റെ ഭാഗമായ ഏകദേശം 500 മീറ്റർ സ്ഥലമാണ് വൈദ്യുതി, മറ്റ് അനുബന്ധ സൗകര്യങ്ങള്‍ എന്നിവയ്ക്കായി ഉപയോഗിക്കേണ്ടിവരികയെന്നും അധികൃതർ പറഞ്ഞു.ഈ ഭാഗം ഏകദേശം ഒരു വർഷത്തിന് ശേഷം പഴയപടി ആക്കാമെന്നും അവർ വ്യക്തമാക്കി. തുരങ്ക നിർമ്മാണത്തിനിടെ ഭൂഗർഭ ജലനിരപ്പ് നിരീക്ഷിക്കുന്നതിനായി തടാകത്തിന്റെ ഭാഗത്ത് പീസോമീറ്ററുകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. തുരങ്കത്തിലേക്ക് വെള്ളം കയറുന്ന സാഹചര്യമുണ്ടായാല്‍ പുറത്തേക്ക് പമ്പ് ചെയ്യുന്നതിനായി അഞ്ച് കുതിരശക്തി ശേഷിയുള്ള 16 മോട്ടോറുകളും സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group