ബെംഗളൂരു: റാപ്പിഡോ (Rapido) ബൈക്ക് ടാക്സി അപകടത്തില്‍ പരിക്കേറ്റ തനിക്ക് കമ്പനി ഒരു രൂപ പോലും സഹായം നല്‍കിയിട്ടില്ലെന്ന വെളിപ്പെടുത്തലുമായി കോഴിക്കോട് സ്വദേശിനിയായ യുവതി.ഗുരുതരമായി പരിക്കേറ്റ തനിക്ക് ഇൻഷുറൻസ് തുകയോ ചികിത്സാ സഹായമോ നല്‍കിയെന്ന റാപ്പിഡോയുടെ അവകാശവാദങ്ങള്‍ തികച്ചും വ്യാജമാണെന്ന് ഇന്റീരിയർ ഡിസൈനറായ സനി കൃഷ്ണ (32) ഇൻസ്റ്റഗ്രാമിലൂടെ വ്യക്തമാക്കി.കഴിഞ്ഞ ജൂണ്‍ 17-ന് ബെംഗളൂരുവില്‍ ഓഫീസിലേക്ക് പോകുന്നതിനിടയിലായിരുന്നു അപകടം നടന്നത്. റാപ്പിഡോ ഡ്രൈവർ അശ്രദ്ധമായി ട്രാക്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയില്‍ സനി ബൈക്കില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
പിന്നാലെ വന്ന ട്രാക്ടറിന്റെ ചക്രം കയറിയിറങ്ങി സനിയുടെ ഏഴ് വാരിയെല്ലുകള്‍ ഒടിയുകയും, പ്ലീഹ (Spleen) നീക്കം ചെയ്യുന്നതിനായി അടിയന്തര ശസ്ത്രക്രിയയ്ക്കും മുഖത്ത് പ്ലാസ്റ്റിക് സർജറിക്കും വിധേയയാകേണ്ടി വരികയും ചെയ്തു.ചികിത്സയ്ക്കായി 20 ലക്ഷത്തിലധികം രൂപ ചെലവുവന്നതായും സനി പറയുന്നു. സാധാരണ 5 ലക്ഷം രൂപ ഇൻഷുറൻസ് പരിധിയുള്ള കമ്പനി, പ്രത്യേക കേസ് ആയി പരിഗണിച്ച് മുഴുവൻ തുകയും നല്‍കുമെന്ന് മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ ഇതൊക്കെ വ്യാജ വാദങ്ങളാണെന്നും തനിക്കും കുടുംബത്തിനും ഇതുവരെ ഒരു രൂപ പോലും ലഭിച്ചിട്ടില്ലെന്നും നിലവിലെ ചികിത്സാ ചെലവുകള്‍ കുടുംബം തന്നെയാണ് വഹിക്കുന്നതെന്നും സനി വീഡിയോയിലൂടെ വെളിപ്പെടുത്തി.